കവാടങ്ങളുടെ നഗരം
അരണ്ട വെളിച്ചം വീണുകിടക്കുന്ന പ്രഭാതത്തിലാണ് ഞങ്ങള്‍ മുംബൈ സി.എസ്.ടി റെയില്‍വേ സ്റ്റേഷനില്‍നിന്ന് ഔറംഗബാദിലെക്കൊരു പുലര്‍ക്കാലവണ്ടി കയറിയത്. ഇന്ത്യയിലെത്തന്നെ പഴക്കമേറിയ റെയില്‍പാളത്തിലൂടെയാണു യാത്ര. 1853 ഏപ്രില്‍ 16ന് മുംബൈയില്‍നിന്ന് താനേക്ക് 400 യാത്രക്കാരെയും വഹിച്ചു പുറപ്പെട്ട പാസഞ്ചര്‍ ട്രെയിനാണ് ഇന്ത്യയിലെ ആദ്യത്തെ യാത്രാതീവണ്ടി.
കത്തിയാളുന്ന പകല്‍സൂര്യനു താഴെ ഔറംഗബാദ് റെയില്‍വേ സ്റ്റേഷന്റെ മേല്‍ക്കൂര പൊള്ളിനില്‍ക്കുകയാണു ഞങ്ങളിറങ്ങുമ്പോള്‍. തിരക്കുകുറഞ്ഞ, സാമാന്യം ഭേദപ്പെട്ട ഈ തീവണ്ടിനിലയത്തിലിറങ്ങിയ യാത്രക്കാരിലധികവും നാടുകാണാനിറങ്ങിയവരാണ്. ഇരുപാര്‍ശ്വങ്ങളിലും തിങ്ങിനില്‍ക്കുന്ന പുതിയ കെട്ടിടസമുച്ചയങ്ങള്‍ ആധുനിക ഔറംഗബാദിന്റെ പ്രൗഢി വിളിച്ചുപറയുന്നുണ്ട്. ഏഷ്യയിലെ തന്നെ അതിവേഗം വളര്‍ന്നുകൊണ്ടിരിക്കുന്ന വ്യവസായിക നഗരങ്ങളിലൊന്നാണിന്ന് ഔറംഗബാദ്. ഐ.ടി വ്യവസായരംഗത്ത് മഹാരാഷ്ട്രയുടെ ലാന്‍ഡ് മാര്‍ക്കായ നഗരം ടെക്‌സ്റ്റൈല്‍ രംഗത്തും അതിപ്രശസ്തമാണ്.
സഞ്ചാരികളുടെ നഗരത്തില്‍
തിരുശേഷിപ്പുകളുടെ കാവല്‍ക്കാരാണെന്ന ഭാവത്താല്‍ തലയുയര്‍ത്തിപ്പിടിച്ചു നില്‍ക്കുന്ന പര്‍വതങ്ങളാല്‍ മുക്കാല്‍ ഭാഗവും ചുറ്റപ്പെട്ട പ്രദേശം. സഞ്ചാരികളുടെ നഗരമാണ് ഔറംഗബാദ്. നൂറ്റാണ്ടുകളുടെ ചരിത്രം പേറുന്ന ഗോപുരങ്ങളും കെട്ടിടങ്ങളും പാതയോരങ്ങളും നഗരത്തിന്റെ നാനാദിക്കുകളിലും ഗതകാല സ്മൃതികള്‍ പേറുന്ന കാലം പോറലേല്‍പിച്ച കോട്ടമതിലുകളും ഭീമന്‍ കല്‍ചുമരുകളും കാണാം. പൗരാണിക ഭരണ-രാഷ്ട്രീയ വര്‍ത്തമാനങ്ങള്‍ക്കു മൂകസാക്ഷികളായ എടുപ്പുകളും ഭരണ സിരാകേന്ദ്രങ്ങളും ഇടിഞ്ഞുപൊളിഞ്ഞു കാടുപിടിച്ചു കിടക്കുന്ന കാഴ്ച ഒരു ജനതയുടെ മറവിയിലേക്കു വിരല്‍ചൂണ്ടുന്നു.
കവാടങ്ങളുടെ നഗരമെന്ന വിളിപ്പേരുണ്ട് ഔറംഗബാദിന്. നഗരത്തിന്റെ നാനാദിക്കുകളിലും വിവധ കാലങ്ങളിലായി സ്ഥാപിച്ച അന്‍പത്തിരണ്ടോളം ഭീമന്‍ കവാടങ്ങളുണ്ട്. ഇബ്രാഹീം ഭായിയുടെ ടാക്‌സി കാറില്‍ നഗരത്തിന്റെ ചരിത്രശേഷിപ്പുകള്‍ തേടി സഞ്ചരിക്കുമ്പോള്‍ കവാടങ്ങളോരോന്നായി പ്രത്യക്ഷപ്പെട്ടുകൊണ്ടേയിരുന്നു. ദേശീയപാതയുടെ കുറുകെപ്പോലും ഒരു കാലത്ത് നഗരത്തിന്റെ ഭദ്രതയ്ക്കു കാവലിരുന്ന കവാടങ്ങള്‍ തലയെടുപ്പോടെ എഴുന്നേറ്റുനില്‍ക്കുന്നതു കാണാം. 1613ല്‍ മുഗളരെ തോല്‍പിച്ച സ്മരണാര്‍ഥം മാലിക് അംബര്‍ നിര്‍മിച്ച ബട്കല്‍ ഗേറ്റിനാണ് ഇവയില്‍ ഏറെ പഴക്കം. മക്കാ ഗേറ്റും ഡല്‍ഹി ഗേറ്റുമടങ്ങുന്ന നാലു മുഖ്യകവാടങ്ങളും ഒന്‍പത് ഉപകവാടങ്ങളും കാലാന്തരങ്ങളെ അതിജീവിച്ച് ഇന്നും കേടുപാടുകളില്ലാതെ ചരിത്ര നഗരത്തിന്റെ കഥ പറയുന്നു. ഓരോ കവാടങ്ങളും അതു നിര്‍മിച്ച കാലത്തെ ഭരണാധികാരികളോടും രാഷ്ട്രീയത്തോടും ബന്ധപ്പെട്ട ചരിത്രങ്ങള്‍ പറഞ്ഞുതരും നമുക്ക്. ഒരു ചരിത്രകാരനെപ്പോലെ ഇബ്രാഹീം ഭായ് പറയാന്‍ തുടങ്ങി. രാജഭരണ കാലത്ത് സന്ധ്യ മയങ്ങിയാല്‍ കവാടങ്ങളെല്ലാം അടക്കുമത്രെ. കവാടങ്ങളിലെ നിരീക്ഷണ തട്ടുകളില്‍ പാറാവുകാര്‍ സദാ ജാഗരൂഗരായിരിക്കും. നഗരത്തിലേക്കു ശത്രുകള്‍ക്കു കടന്നുകയറുക അപ്രാപ്യം. മറാത്തികളുടെ അതിക്രമങ്ങളില്‍നിന്നു നഗരത്തെ രക്ഷിക്കാന്‍ 1682ല്‍ ഔറംഗസേബാണു പട്ടണത്തിനു ചുറ്റും കോട്ടമതിലുകളും കവാടങ്ങളും പണിതത്.
1610ല്‍ അഹമ്മദ് നഗര്‍ സുല്‍ത്താനേറ്റിലെ മുര്‍ത്തസാ നിസാം ഷായുടെ പ്രധാനമന്ത്രി മാലിക് അംബര്‍ സ്ഥാപിച്ചതാണ് ഇന്ന് ഔറംഗബാദ് എന്നറിയപ്പെടുന്ന ഈ നഗരം. കഡ്ക്കി എന്നായിരുന്നു നഗരത്തിന്റെ ആദിനാമം. 1626ല്‍ നിസാമിന്റെ മരണശേഷം മകന്‍ ഫത്തേഹ്ഖാന്‍ ഈ പ്രദേശത്തിന്റെ ഭരണമേറ്റെടുത്തു. നഗരത്തിന് ഫത്തേഹ്പൂര്‍ എന്നു പേരിടുകയും ചെയ്തു. 1633ല്‍ മുഗള്‍ സാമ്രാജ്യം ദൗലത്താബാദ് പിടിച്ചടക്കിയതോടെ ഫത്തേഹ്പൂരും മുഗള്‍ഭരണത്തിനു കീഴിലായി. 1653ല്‍ അന്നത്തെ മുഗള്‍ രാജകുമാരന്‍ ഔറംഗസേബ് ഡക്കാന്‍ വൈസ്രോയിയായി നിയമിതനായി. ഫത്തേഹ്പൂരിനെ അദ്ദേഹം ഭരണതലസ്ഥാനമാക്കുകയും നഗരത്തെ ഔറംഗബാദ് എന്നു പുനര്‍നാമകരണം നടത്തുകയും ചെയ്തു. ഇടയ്ക്ക് മുഗള്‍ ഭരണത്തിന്റെ തലസ്ഥാനം തന്നെ ഔറംഗബാദായിരുന്നു.
1795ലെ കര്‍ദ യുദ്ധത്തോടുകൂടി ഔറംഗബാദ് മറാത്ത ഭരണത്തിനുകീഴിലായി. അവരില്‍നിന്ന് ഹൈദരാബാദ് നൈസാം 30 മില്ല്യന്‍ മോചനദ്രവ്യം നല്‍കി ഔറംഗബാദിനെ തിരിച്ചുപിടിച്ചു. ബ്രിട്ടീഷ് ഭരണകാലത്തും സ്വതന്ത്ര്യാനന്തരം ഇന്ത്യയോടു കൂട്ടിച്ചേര്‍ക്കുന്നതു വരെയും ഹൈദരാബാദ് നാട്ടുരാജ്യത്തിന്റെ സ്വതന്ത്ര പ്രവിശ്യയായിരുന്നു ഔറംഗബാദ്. 1960ലാണ് മഹാരാഷ്ട്രാ സംസ്ഥാനത്തിന്റെ ഭാഗമാകുന്നത്.
ബീബി കാ മഖ്ബറ
മക്കാ കവാടവും പിന്നിട്ട് ബീബി കാ മഖ്ബറയിലേക്കുള്ള നിരത്തിലൂടെ കാര്‍ ഞങ്ങളെയും വഹിച്ച് ഒഴുകി നീങ്ങവേ നേത്രങ്ങളിലൂടെ കയറിമറിഞ്ഞ കാഴ്ചകള്‍ ദൈന്യതയുടേതായിരുന്നു. ഇരുപാര്‍ശ്വങ്ങളും മുസ്‌ലിം ഗല്ലികളാണ്. ചരിത്രത്തില്‍ തേജോമയമായ അടയാളങ്ങളിട്ടേച്ചുപോയ ഒരു ജനതയുടെ പിന്‍മുറക്കാര്‍ വൃത്തിഹീനമായ ചേരികളില്‍ ഇടുങ്ങിയ ഒറ്റമുറിക്കുടിലുകളില്‍ ഞെരിഞ്ഞമര്‍ന്നു ജീവിക്കുന്നു. ആടിനെ മേച്ചും ഇറച്ചി വിറ്റും ആക്രിക്കച്ചവടം നടത്തിയും കഴിഞ്ഞുകൂടുന്നു.
നഗരകേന്ദ്രത്തില്‍നിന്ന് രണ്ട് മൈല്‍ മാറി സ്ഥിതിചെയ്യുന്ന ബീബി കാ മഖ്ബറയുടെ പ്രവിശാലമായ കവാടമുറ്റത്ത് ഞങ്ങളിറങ്ങുമ്പോള്‍ സഞ്ചാരികളുടെ തിരക്കാണ്. ആഗ്രയിലെ താജ്മഹലിന്റെ രൂപസാദൃശ്യമുള്ള ഈ മുഗള്‍ വാസ്തുശില്പം ഡെക്കാനി താജ് എന്നാണറിയപ്പെടുന്നത്. കവാടവും കടന്ന് അഞ്ഞൂറ് മീറ്റര്‍ അകലെയുള്ള സ്മൃതികുടീരത്തിലേക്കു നിവര്‍ന്നുകിടക്കുന്ന ഉദ്യാനപാതയും ജലാശയങ്ങളും തണല്‍ പൊഴിക്കുന്ന മരങ്ങളും താജ്മഹലിന്റെ അതേ പതിപ്പു തന്നെ. താജ്മഹല്‍ പ്രണയ കുടീരമാണെങ്കില്‍ ബീബി കാ മഖ്ബറ മാതൃസ്‌നേഹത്തിന്റെ സ്മൃതികുംഭമാണ്. ഔറംഗസേബിന്റെ പത്‌നി ദില്‍റാസ് ബാനു ബീഗത്തിന്റെ ഓര്‍മയ്ക്കായ് മകന്‍ അസംഷായുടെ നേതൃത്വത്തില്‍ പണികഴിപ്പിച്ച സ്‌നേഹസൗധം. പേര്‍ഷ്യന്‍ വാസ്തുശില്‍പി ഉസ്താദ് അത്താഉല്ലയാണ് മന്ദിരത്തിന്റെ രൂപകല്‍പന നിര്‍വഹിച്ചത്. തന്റെ സഹധര്‍മിണിയുടെ അന്ത്യവിശ്രമസ്ഥലം 1660ല്‍ ഔറംഗസേബ് ബീബി കാ മഖ്ബറയായി പ്രഖ്യാപിച്ചു. നാല് മിനാരങ്ങള്‍ക്കിടയില്‍ ഉയര്‍ത്തിക്കെട്ടിയ പ്രതലത്തിലാണു സ്മാരകശില്‍പത്തിന്റെ താഴികക്കുടം മുഴു മാര്‍ബിളില്‍ നിര്‍മിച്ചിരിക്കുന്നത്. താഴികക്കുടത്തിനുള്ളില്‍ പച്ചപുതച്ചു കിടക്കുന്ന ബീഗത്തിന്റെ ഖബര്‍ കറന്‍സികളാല്‍ മൂടപ്പെട്ടിരിക്കുന്നു. മുഗിള, നൈസാം കാലത്തെ അറേബ്യന്‍, പേര്‍ഷ്യന്‍ പെയിന്റിങ്ങുകളും ചിത്രപ്പണികളും ചുമരിലും വാതിലുകളിലും വശ്യതയേറി കിടപ്പുണ്ട്.
പാന്‍ചക്കിയും
ഔറംഗസേബ് ദര്‍ഗയും
പിറ്റേന്നത്തെ യാത്ര നഗരത്തിന്റെ ബാക്കിവച്ച കാഴ്ചകളിലേക്കാണ്. ആദ്യം പാന്‍ചക്കിയിലേക്ക്. റഷ്യയിലെ ബുഖാറയില്‍നിന്ന് ഇന്ത്യയിലേക്കു കുടിയേറിയ സൂഫിയും സഞ്ചാരിയുമായിരുന്ന ബാബാ ഷാ മുസാഫിറിന്റെ സ്മരണയ്ക്ക് 1744ല്‍ നിര്‍മിച്ച വാട്ടര്‍മില്ലാണ് പാന്‍ചക്കി. കിലോമീറ്ററുകള്‍ക്കപ്പുറത്തെ നദിയില്‍നിന്ന് പൈപ്പ്‌ലൈന്‍ വഴി നഗരത്തിലൊരുക്കിയ തടാകത്തിലേക്ക് ജലമെത്തിച്ച്, ആ വെള്ളത്തിന്റെ ശക്തിയില്‍ ധാന്യങ്ങള്‍ പൊടിക്കുന്ന മില്ല്. പുരാതന എന്‍ജിനീയറിങ് മഹിമയുടെ ശേഷിപ്പായ തടാകത്തില്‍ നിറയെ മത്സ്യങ്ങളുണ്ട്. മില്ലിനോടും തടാകത്തോടും ചാരി ബാബാ ഷാ മുസാഫിര്‍ ദര്‍ഗ സ്ഥിതിചെയ്യുന്നു. തൊട്ടടുത്ത് ആറുനൂറ്റാണ്ടോളം പഴക്കമുള്ള ആല്‍മര മുത്തശ്ശി ചരിത്രത്തിന്റെ നിമ്‌ന്നോന്നതങ്ങള്‍ക്കു സാക്ഷിയായതിന്റെ മേനി നടിച്ചു വേരുകളാഴ്ത്തി, ശിഖരങ്ങള്‍ പടര്‍ത്തി നില്‍പ്പുണ്ട്.
കുല്‍ദാബാദിലെ ഔറംഗസേബ് ദര്‍ഗയിലെത്തുമ്പോള്‍ തൊട്ടുചാരിയുള്ള പള്ളിയില്‍ വെള്ളിയാഴ്ച പ്രാര്‍ഥനയ്ക്കു വിശ്വാസികള്‍ നിറഞ്ഞുകവിഞ്ഞിരിക്കുന്നു. അംഗശുദ്ധി വരുത്തി പള്ളിയില്‍ കയറുന്നതിനു മുന്‍പേ ദര്‍ഗയിലേക്കു നടന്നു. പ്രാര്‍ഥനാനിരതരായി നില്‍ക്കുന്ന സന്ദര്‍ശകര്‍ക്കിടയില്‍ ഹിന്ദുവും മുസല്‍മാനും ക്രിസ്ത്യനുമുണ്ട്. പര്‍ദയും ഹിജാബുമണിഞ പെണ്ണുങ്ങള്‍ക്കിടയില്‍ കുറിയും സിന്ദൂരവും തൊട്ട് കേശം മറക്കാത്തവരുമുണ്ട്. ആരും ആരെയും തടയുന്നില്ല, ആര്‍ക്കും ആരെയും സംശയവുമില്ല. ഇവിടെ എല്ലാവരും ഒരുപോലെ. ആര്‍ഭാടങ്ങളും അമിതാഘോഷങ്ങളുമില്ലാത്തൊരു മാര്‍ബിള്‍ തറയില്‍ കെട്ടിപ്പൊക്കാത്ത ഖബറിടം.
കുല്‍ദാബാദിലെ ആലംഗീര്‍ ദര്‍ഗയിലേക്കു പുറപ്പെടുമ്പോള്‍ മനസിലൊരു ചിത്രമുണ്ടായിരുന്നു. ഒരു ചക്രവര്‍ത്തിയുടെ സമാധിയിലേക്കാണല്ലോ പോകുന്നത്. ഇവിടെ ഒരു കാലത്തിന്റെ ചരിത്രം തന്റെ നാമം കൊണ്ടടയാളപ്പെടുത്തിയ മുഗള്‍ സാമ്രാജ്യത്തിലെ ആറാമത്തെ ചക്രവര്‍ത്തി, 1658 മുതല്‍ 1707ല്‍ തന്റെ മരണംവരെ അധികാരത്തിന്റെ തലപ്പാവണിഞ്ഞ ഔറംഗസേബ് നിത്യവിശ്രമം കൊള്ളുന്നത് പ്രൗഢപ്രതാപങ്ങളുടെ ചിഹ്നങ്ങളൊന്നും വഹിക്കാതെ. സര്‍ക്കാര്‍ ഖജനാവിനെ ഒരു വേള പോലും ആശ്രയിക്കാതെ സ്വന്തം അധ്വാനിച്ചുജീവിച്ച ചക്രവര്‍ത്തി, ഖുര്‍ആന്‍ പകര്‍ത്തി എഴുതിയും, തൊപ്പി തുന്നിയും ഒരു സൂഫിയെപ്പോലെ ജീവിച്ചുമരിച്ച മഹാമനീഷി. മരിക്കുന്നതിനു മുന്നേ, തന്നെ ഖബറടക്കാനുള്ള കുല്‍ദാബാദിലെ ഈ സ്ഥലം സ്വന്തം പോക്കറ്റിലെ പണം കൊടുത്ത് വാങ്ങിയിരിന്നു. അദ്ദേഹത്തിന്റെ അഭീഷ്ട പ്രകാരം സൂഫി സന്ന്യാസി സൈനുദ്ദീന്‍ ഷിറാസിയുടെ ദര്‍ഗക്കരികില്‍ ലളിതമായി കല്ലറയൊരുക്കി. ആലംഗീര്‍ ദര്‍ഗ എന്ന പേരിലാണിവിടം അറിയപ്പെടുന്നത്. സൂഫികളുടെ നഗരമായിരുന്നു കുല്‍ദാബാദ്. പതിനാലാം നൂറ്റാണ്ടില്‍ ലോകത്തിന്റെ വിവിധ ദിക്കുകളില്‍നിന്നെത്തിയ സൂഫികള്‍ അവരുടെ ആത്മീയകേന്ദ്രമായി തിരഞ്ഞെടുത്തത് ഈ നഗരത്തെയാണ്. കുല്‍ദാബാദിന്റെ ഓരോ കുന്നുകളിലും പാതയോരങ്ങളില്‍ പോലും പേരറിയാത്ത ദര്‍ഗകള്‍ പച്ചപ്പുതച്ചു കിടക്കുന്നതു കാണാം.
ദൗലത്താബാദില്‍
ഔറംഗബാദില്‍നിന്ന് 14 കിലോമീറ്റര്‍ അകലെ വടക്കുപടിഞ്ഞാറായി നിലകൊള്ളുന്ന ദൗലത്താബാദിലെത്തുമ്പോള്‍ കോണിക്കല്‍ മലഞ്ചെരുവിലേക്കു സൂര്യന്‍ വെപ്രാളപ്പെട്ടിറങ്ങുകയാണ്. ചരിത്രത്തിന്റെ തുടിപ്പും സമ്പന്നതയുമുണ്ടായിട്ടും അതിന്റെ അലങ്കാരങ്ങളും അഹങ്കാരമുദ്രകളും പുറത്തുകാണിക്കാതെ കുലീനഭാവം പൂണ്ടു നില്‍പ്പാണു പഴയ ദേവഗിരി പട്ടണം. 1187ല്‍ യാദവ രാജാവായിരുന്ന രാജബില്ലമരാജ് യാദവാണ് ഈ നഗരം സ്ഥാപിച്ചത്. 1294 വരെ യാദവ സാമ്രാജ്യത്തിന്റെ തലസ്ഥാനമായിരുന്നു ദേവഗിരി. 1328ല്‍ മുഹമ്മദ് ബിന്‍ തുഗ്ലക്കിന്റെ ഭരണത്തിനു കീഴിലായി. അദ്ദേഹം ദേവഗിരിയെ ദൗലത്താബാദ് എന്നു പുനര്‍നാമകരണം ചെയ്തു. തുഗ്ലക് തന്റെ ഭരണതലസ്ഥാനം ഡല്‍ഹിയില്‍നിന്ന് ദൗലത്താബാദിലേക്കു മാറ്റിസ്ഥാപിച്ചു. ഈ മാറ്റം പട്ടണത്തെ ചരിത്രത്തിന്റെ സ്മൃതി കോണുകളില്‍ വരച്ചിട്ടു. 11-ാം നൂറ്റാണ്ടിന്റെ രണ്ടാം പകുതിയില്‍ തന്നെ നിര്‍മാണം തുടങ്ങിയ 200 മീറ്റര്‍ ഉയരമുള്ള ദൗലത്താബാദ് കോട്ട മധ്യകാല ഡക്കാനിലെ ഏറ്റവും സുരക്ഷിതവും ശക്തവുമായ കോട്ടയായിരുന്നു.
വിവിധ രാജാക്കന്മാരുടെ കീഴില്‍ ദൗലത്താബാദില്‍ നാനാതരത്തിലുള്ള നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ നടന്നുകൊണ്ടേയിരുന്നു. തുഗ്ലക്കിന്റെ കാലത്താണ് കോട്ടയുടെ അഞ്ച് കിലോമീറ്റര്‍ ചുറ്റളവില്‍ ഭീമന്‍ മതില്‍ പണിതത്. ദൗലത്താബാദിനെ ഭാഗ്യനഗരം(ഠവല ഇശ്യേ ീള എീൃൗേില) എന്നു വിളിച്ച തുഗ്ലക് രണ്ടു വര്‍ഷങ്ങള്‍ക്കു ശേഷം തലസ്ഥാനം ഡല്‍ഹിയിലേക്കു തന്നെ മാറ്റിസ്ഥാപിച്ചു. തുഗ്ലക്കിന്റെ ഭരണപരിഷ്‌കാരങ്ങളില്‍ അമര്‍ഷം പൂണ്ട ഡക്കാനിലെ പ്രഭുക്കന്മാര്‍ ചേര്‍ന്നു കോട്ട പിടിച്ചെടുക്കുകയും ബാഹ്മിനി സാമ്രാജ്യം സ്ഥാപിക്കുകയും ചെയ്തു. ദൗലത്താബാദ് കോട്ടയിലാണ് പ്രധമ ബാഹ്മിനി രാജാവിന്റെ സ്ഥാനാരോഹണ ചടങ്ങുകള്‍ നടന്നത്. ബാഹ്മിനി രാജാക്കന്മാരുടെ തകര്‍ച്ചയോടെ രൂപംകൊണ്ട അഹ്മദ് നഗര്‍ സുല്‍ത്താനേറ്റിന്റെ നിയന്ത്രണത്തിലായിരുന്നു 1498 മുതല്‍ 1633ല്‍ മുഗളന്മാര്‍ പിടിച്ചടക്കുന്നതുവരെ ദൗലത്താബാദ്. മുഗളര്‍ക്കുശേഷം ഹൈദരാബാദ് നൈസാമിന്റെയും ഇടക്കാലത്ത് മറാത്തികളുടെയും അധീശത്വം നഗരത്തെ ആലിംഗനം ചെയ്തു.
കോണിക്കല്‍ മലനിരയുടെ താഴെ ദേശീയപാതയോടു ചേര്‍ന്നാണ് കോട്ടയുടെ പ്രവേശനകവാടം. ഭീമാകാരമായ കല്‍കമാനം കടന്നുചെല്ലുന്നതു പീരങ്കികള്‍ നിരത്തിവച്ച നാലുകെട്ടിലേക്കാണ്. കോട്ടയിലും ചുറ്റുപാടുകളിലും ജലവിതരണത്തിന് ഉപയോഗിച്ചിരുന്ന ഹാത്തി ഹൗസ് എന്ന വലിയ കുളവും കടന്നു ഞങ്ങളെത്തിയത് ഭാരത് മാതാ ക്ഷേത്രത്തിലേക്കാണ്. ശില്‍പചാതുരിയുടെ അഴകു വിടര്‍ത്തിനില്‍ക്കുന്ന രൂപങ്ങളും പ്രതിമകളും പൗരാണിക കൊത്തുപണികളുടെ മര്‍മം പതിഞ്ഞുകിടക്കുന്ന കരിങ്കല്‍ തൂണുകളും. ക്ഷേത്രത്തിന്റെ വലതുഭാഗത്തെ ചെറിയ കവാടത്തിലൂടെ പുറത്തുകടന്നാല്‍ ഗഗനവെണ്‍മയിലേക്കുയര്‍ന്നു നില്‍ക്കുന്ന ചാന്ദ് മിനാറിനെ കാഴ്ചയിലൊതുക്കാം. 1435ല്‍ സുല്‍ത്താന്‍ അലാവുദ്ദീന്‍ ബാഹ്മിനി പണികഴിപ്പിച്ച ചുവന്ന സ്തൂപത്തിന് 210 അടി ഉയരമുണ്ട്. ഡക്കാന്‍ നിര്‍മാണശൈലിയുടെ മേന്മ പറയുന്ന നിര്‍മിതിയുടെ ഒരു ഭാഗം പള്ളിയും മറ്റൊരു ഭാഗത്തുകൂടി ചുറ്റിവളഞ്ഞുകയറുന്ന കോണിപ്പടികളുമാണ്. മുകളില്‍ കയറിയാല്‍ ദൗലത്താബാദിന്റെ വിഗഹവീക്ഷണം സാധ്യമാണത്രേ.
നിസാം ഷാഹി പാലസ് കുറച്ചകലെ പ്രേതാലയം പോലെ ഏകാന്തമായി നില്‍ക്കുന്നതു കണ്ടു. ആഗ്ലോ-പോര്‍ച്ചുഗീസ് നിര്‍മാണരീതിയില്‍ പണിത ബംഗ്ലാവ് അഹമ്മദ് നഗറിലെ നിസാം ഷാഹിയുടെ കാലത്ത് നിര്‍മിച്ചതാണ്. ഗണേഷ് ക്ഷേത്രത്തിലെ പ്രതിഷ്ഠകളും കാഴ്ചകളും കണ്ട് അന്തേരി പാസേജിലൂടെ ഇറങ്ങിയും കയറിയും കോട്ട മുകളിലേക്കു കിതച്ചുകിതച്ചു നടന്നു. കിണറും സുരക്ഷിത അറകളും ആയുധപ്പുരകളും ഉദ്യാനവും നിരീക്ഷണകേന്ദ്രങ്ങളും എല്ലാം ഒരു മലയില്‍ അതിവിദഗ്ധമായി സമന്വയിപ്പിച്ച അത്യാകര്‍ഷകമായ കോട്ട. കോട്ടമുകളില്‍നിന്നു ചുറ്റുപാടുകളിലേക്കു കണ്ണയച്ചാല്‍ ഔറംഗബാദ് വരെ നീണ്ടുകിടക്കുന്ന കാഴ്ചകളുടെ പാരാവാരം. കോട്ടക്കാഴ്ചകളോട് സലാം പറഞ്ഞു കവാടത്തിനു പുറത്തേക്കു നടക്കവെ ഇരുട്ട് വീണുതുടങ്ങിയിരുന്നു. നേരമൊത്തിരി വൈകിയതിന്റെ മുഷിപ്പിലായിരുന്നു ഇബ്രാഹീം ഭായ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."