തറവില നിശ്ചയിച്ചത് ആശ്വാസം; തിളങ്ങുന്നു കറുത്തപൊന്ന്
കണ്ണൂര്‍: റബര്‍ വിലക്കുറവ് മലയോര കര്‍ഷകരെ തരിപ്പണമാക്കിയപ്പോള്‍ ആശ്വാസമായി കുരുമുളക്. ഇറക്കുമതി ചെയ്യുന്ന കുരുമുളകിന് കുറഞ്ഞവില കിലോയ്ക്ക് 500 രൂപയായി നിശ്ചയിച്ച കേന്ദ്രസര്‍ക്കാര്‍ നടപടിയാണ് കര്‍ഷകര്‍ക്ക് ആശ്വാസമായത്. വിദേശ രാജ്യങ്ങളില്‍ നിന്നു വന്‍തോതില്‍ ഇറക്കുമതി തുടങ്ങിയതോടെ ഇന്ത്യന്‍ വിപണിയില്‍ കുരുമുളകിന്റെ വില കുത്തനെ ഇടിഞ്ഞിരുന്നു. കഴിഞ്ഞ വര്‍ഷം ഡിസംബറില്‍ ക്വിന്റലിന് 58,000 രൂപയായിരുന്നു വില. ഇതിപ്പോള്‍ 34,500ല്‍ എത്തി നില്‍ക്കുകയാണ്. മൂന്നുവര്‍ഷം മുമ്പ് ക്വിന്റലിന് 70,000 രൂപ വരെ വില ലഭിച്ചിരുന്നു. സീസണില്‍ വില കുറയുന്നത് സാധാരണമാണ്. പിന്നീട് വില കൂടുക പതിവാണ്. കുരുമുളകിന്റെ ഉല്‍പാദന സമയത്ത് വ്യാപകമായ തോതില്‍ മുളക് വിപണിയിലെത്തുമ്പോഴാണ് വില കുറഞ്ഞിരുന്നത്. എന്നാല്‍ കഴിഞ്ഞവര്‍ഷം ഈ പ്രവണതക്ക് മാറ്റംവന്നു. ഇതോടെ കുരുമുളക് സംഭരിച്ച കര്‍ഷകര്‍ കിട്ടിയ വിലക്ക് വില്‍പ്പന നടത്തുകയായിരുന്നു. വിദേശരാജ്യങ്ങളില്‍ നിന്നുള്ള നിയന്ത്രണമില്ലാത്ത ഇറക്കുമതിയായിരുന്നു ഇതിന് പ്രധാന കാരണം. കഴിഞ്ഞവര്‍ഷം 95,000 ടണ്‍ കുരുമുളക് ഇറക്കുമതി ചെയ്തതായാണ് കണക്ക്. ഈ വര്‍ഷം ഇത് രണ്ടുലക്ഷത്തിലധികമായി ഉയര്‍ന്നിരുന്നു. വിയറ്റ്‌നാമില്‍ നിന്നു ശ്രീലങ്ക വഴിയാണ് കുരുമുളക് ഇന്ത്യയിലെത്തുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."