ഐ.എസിനെതിരായ വിജയം: സൈനിക പരേഡ് നടത്തി ഇറാഖിന്റെ ആഹ്ലാദപ്രകടനം
ബഗ്ദാദ്: ഐ.എസിന്റെ അവസാന താവളവും പിടിച്ചടക്കി ഭീകരരെ കെട്ടുകെട്ടിച്ചതിന്റെ ആഹ്ലാദത്തിലാണ് ഇറാഖ് ജനതയും സൈന്യവും. വിജയാഘോഷത്തിന്റെ ഭാഗമായി ഇറാഖ് സൈന്യം വമ്പിച്ച പരേഡ് നടത്തി. ബഗ്ദാദിലെ അതീവ സുരക്ഷാ മേഖലയില്‍ സൈനിക പരേഡ് നടത്തിയത്.
ഐ.എസിനെതിരായ പോരാട്ടം അവസാനിപ്പിച്ചതായി ശനിയാഴ്ച ഇറാഖ് പ്രധാനമന്ത്രി ഹൈദര്‍ അല്‍ അബാദി പ്രഖ്യാപിച്ചിരുന്നു. 2014 നു ശേഷം ഐ.എസ് പിടിച്ചടക്കിയ ഓരോ ഇറാഖീ പ്രദേശവും 2015 ല്‍ തുടങ്ങിയ സൈനിക ഓപ്പറേഷനില്‍ തിരിച്ചുപിടിക്കുകയായിരുന്നു.
ആഘോഷങ്ങളുടെ ഭാഗമായി ഞായറാഴ്ച ഇറാഖില്‍ ദേശീയ അവധി പ്രഖ്യാപിച്ചിരുന്നു. സുരക്ഷ മുന്‍നിര്‍ത്തി പരേഡ് തത്സമയം സംപ്രേഷണം നല്‍കിയിട്ടില്ല. സര്‍ക്കാര്‍ മാധ്യമത്തിനു മാത്രമാണ് പ്രവേശനം അനുവദിച്ചത്.പരേഡിനു മുന്നോടിയായി ശനിയാഴ്ച ബഗ്ദാദ് നഗരത്തിനു മുകളിലൂടെ സൈനിക ഹെലികോപ്ടറുകളും വിമാനങ്ങളും പറന്നിരുന്നു.
സിറിയന്‍ അതിര്‍ത്തി പ്രദേശങ്ങളിലാണ് ഐ.എസ് ഭീകരരുമായി അന്തിമ പോരാട്ടം നടന്നത്. സിറിയയില്‍ ഐ.എസ് വിരുദ്ധ ദൗത്യം പൂര്‍ത്തിയായതായി രണ്ടുദിവസം മുന്‍പ് റഷ്യന്‍ സൈന്യവും അറിയിച്ചിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."