ചാനല്‍ ചര്‍ച്ചകള്‍ കലാപത്തിന് ആഹ്വാനം ചെയ്യുന്നു: മന്ത്രി രാമകൃഷ്ണന്‍
കോഴിക്കോട്: ചാനല്‍ ചര്‍ച്ചകള്‍ക്കിടെ ചില അവതാരകര്‍ കലാപത്തിന് ആഹ്വാനം ചെയ്യുന്നുവെന്ന് തൊഴില്‍ മന്ത്രി ടി.പി രാമകൃഷ്ണന്‍. നോണ്‍ ജേണലിസ്റ്റ് പെന്‍ഷനേഴ്‌സ് യൂനിയന്‍ സംസ്ഥാനസമ്മേളനത്തിന്റെ ഭാഗമായി നടന്ന പൊതുസമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
മനുഷ്യ ധര്‍മം പാലിക്കേണ്ട സമയത്ത് സമരത്തിന് ആഹ്വാനം ചെയ്യുന്നത് വിശ്വാസികളെ പ്രകോപിപ്പിക്കുന്ന നടപടിയാണെന്നും ഓഖിയുടെ സമയത്ത് നടന്ന ചര്‍ച്ചകള്‍ അത്തരത്തിലുള്ളതാണെന്നും അദ്ദേഹം പറഞ്ഞു.
ദുരിതമനുഭവിക്കുന്ന ജനങ്ങളെ പ്രകോപിപ്പിക്കുന്ന മാധ്യമപ്രവര്‍ത്തനത്തിന്റെ ലക്ഷ്യമെന്തെന്നത് സജീവ ചര്‍ച്ചയ്ക്ക് വിഷയമാക്കണമെന്നും മന്ത്രി പറഞ്ഞു.
ചില മാധ്യമങ്ങളെങ്കിലും വഴി തെറ്റി സഞ്ചരിക്കുന്നുവെന്നത് യാഥാര്‍ഥ്യമാണ്. അറിയാനുള്ള ജനങ്ങളുടെ അവകാശം സംരക്ഷിക്കാന്‍ മാധ്യമങ്ങള്‍ക്ക് ധാര്‍മിക ഉത്തരവാദിത്തമുണ്ടെന്നും മന്ത്രി പറഞ്ഞു. പത്രപ്രവര്‍ത്തകേതര ജീവനക്കാരുടെ പെന്‍ഷന്‍ തുകയില്‍ കാലോചിത വര്‍ധന ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ അനുഭാവപൂര്‍വം പരിഗണിക്കുമെന്നും മന്ത്രി പറഞ്ഞു.
പെന്‍ഷന്‍ തുകയില്‍ കാലോചിത വര്‍ധന അനുവദിക്കുക, ആശ്രിതപെന്‍ഷന്‍ തുക വര്‍ധിപ്പിക്കുക തുടങ്ങിയ ആവശ്യങ്ങള്‍ സംസ്ഥാന സര്‍ക്കാര്‍ അടിയന്തരമായി പരിഗണിക്കണമെന്ന് സമ്മേളനം ആവശ്യപ്പെട്ടു. പ്രതിനിധി സമ്മേളനം കെ.എന്‍.ഇ.എഫ് പ്രസിഡന്റ് ജെയ്‌സണ്‍ മാത്യു ഉദ്ഘാടനം ചെയ്തു. പി ദിനകരന്‍ അധ്യക്ഷനായി. വി ബാലഗോപാലന്‍ റിപ്പോര്‍ട്ട് അവതരിപ്പിച്ചു.
പൊതുസമ്മേളനത്തില്‍ നോണ്‍ ജേണലിസ്റ്റ് പെന്‍ഷനേഴ്‌സ് യൂനിയന്‍ സംസ്ഥാന പ്രസിഡന്റ് പി ദിനകരന്‍ അധ്യക്ഷനായി.
ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ബാബു പറശ്ശേരി, വി ബാലഗോപാലന്‍, കമാല്‍ വരദൂര്‍, ഗോപന്‍ നമ്പാട്ട്, കെ.എന്‍ ലതാനാഥന്‍, വര്‍ഗീസ് ചോമ്പാല, പി കുഞ്ഞിരാമന്‍, എം.പി പത്മനാഭന്‍, അഡ്വ. എം രാജന്‍, പി.എം ഗോപിനാഥന്‍ പ്രസംഗിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."