വയനാട്ടില്‍ ഒരുകോടിയുടെ നിരോധിത നോട്ടുകളുമായി അഞ്ചുപേര്‍ പിടിയില്‍
പുല്‍പ്പള്ളി: ചുണ്ടക്കൊല്ലിയില്‍ ഒരുകോടി രൂപയുടെ നിരോധിത നോട്ടുമായി അഞ്ചുപേരെ പുല്‍പ്പള്ളി പൊലിസ് അറസ്റ്റുചെയ്തു. കണ്ണൂര്‍ സ്വദേശികളായ രണ്ടുപേരും മൂന്ന് വയനാട് സ്വദേശികളുമാണ് പിടിയിലായത്.
ഇരിട്ടി മുഴക്കുന്ന് സ്വദേശികളായ റഫീഖ്(43), അബ്ദുല്‍നാസര്‍(40), പുല്‍പ്പള്ളി അത്തിക്കുന്നിലെ നിഷാദ്(27) മുള്ളന്‍കൊല്ലിയിലെ രഞ്ജിത്(44), തിരുനെല്ലി അപ്പപാറയിലെ മണി(45) എന്നിവരാണ് പിടിയിലായത്.
മാനന്തവാടി ഡിവൈ.എസ്.പിക്ക് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തില്‍ നടത്തിയ പരിശോധനയില്‍ ചുണ്ടക്കൊല്ലിയില്‍ വച്ച് ഇന്നലെ ഉച്ചക്ക് രണ്ടോടെയാണ് ഇവരെ പിടികൂടിയത്.
നിഷാദിന്റെ ആള്‍ട്ടോ കാറിനുള്ളില്‍ ചാക്കില്‍ നിറച്ച് ഒളിപ്പിച്ച നിലയിലായിരുന്നു നോട്ടുകള്‍. നിരോധിച്ച അഞ്ഞൂറുരൂപയുടെ നൂറുകെട്ടും, ആയിരം രൂപയുടെ 50 കെട്ടുമാണ് ഇവരുടെ കൈയിലുണ്ടായിരുന്നത്. 20 ലക്ഷം രൂപക്ക് മറ്റൊരാള്‍ക്ക് കൈമാറാനാണ് നോട്ടുകള്‍ കൊണ്ടുവന്നതെന്നാണ് ഇവര്‍ പൊലിസിനോട് പറഞ്ഞത്.
ഇത്തരത്തില്‍ മറ്റേതെങ്കിലും പണമിടപാട് ഇവര്‍ നടത്തിയിട്ടുണ്ടോയെന്ന് അന്വേഷിച്ച് വരികയാണെന്ന് പൊലിസ് പറഞ്ഞു.
പഴയ നോട്ടുകള്‍ ഗള്‍ഫിലേക്ക് കടത്തി തിരിച്ച് ഇന്ത്യയിലേക്ക് കൊണ്ടുവന്ന് എന്‍.ആര്‍.ഐ അക്കൗണ്ട് വഴി റിസര്‍വ് ബാങ്കിന്റെ ചെന്നൈ ശാഖയില്‍ മാറിയെടുക്കാനായിരുന്നു ഇവര്‍ ലക്ഷ്യമിട്ടിരുന്നതെന്നും പറയപ്പെടുന്നുണ്ട്്.
പ്രതികളെ ഇന്ന് കോടതിയില്‍ ഹാജരാക്കുമെന്ന് മാനന്തവാടി ഡിവൈ.എസ്.പി കെ.എം ദേവസ്യ പറഞ്ഞു.
പുല്‍പ്പള്ളി എസ്.ഐ മാത്യു പൊലിസ് ഉദ്യോഗസ്ഥരായ എസ് രാജേഷ്, ലിജോ, രമേശന്‍, സജി എന്നിവരടങ്ങിയ പൊലിസ് സംഘമാണ് പ്രതികളെ പണവുമായി പിടികൂടിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."