സിറിയയില്‍ വെടിയൊച്ച നിലയ്ക്കുന്നു: സൈനിക പിന്മാറ്റം പ്രഖ്യാപിച്ച് പുടിന്‍
ദമസ്‌കസ്: സിറിയയില്‍ നിന്ന് സൈനികരോട് പിന്‍വലിയാന്‍ ഉത്തരവിട്ട് റഷ്യന്‍ പ്രസിഡന്റ് വഌദ്മിര്‍ പുടിന്‍. സിറിയയിലെ റഷ്യന്‍ സൈനിക കേന്ദ്രത്തില്‍ അപ്രതീക്ഷിതമായി എത്തിയാണ് പുടിന്റെ പ്രഖ്യാപനമുണ്ടായത്.
തെക്കുകിഴക്കന്‍ ലതാക്കിയയിലെ മേമിം എയര്‍ ബേസിലെത്തിയ പുടിനുമായി സിറിയന്‍ പ്രസിഡന്റ് ബഷാര്‍ അല്‍ അസദ് കൂടിക്കാഴ്ച നടത്തി.
തീവ്രവാദികളെ പൂര്‍ണമായും വകവരുത്തിയെന്ന അവകാശവാദത്തോടെയാണ് റഷ്യ സൈനികരെ പിന്‍വലിക്കുന്നത്. സിറിയയില്‍ ഐ.എസുമായുള്ള യുദ്ധം അവസാനിച്ചുവെന്ന് കഴിഞ്ഞദിവസം റഷ്യ പ്രഖ്യാപിച്ചിരുന്നു. ''പൊതുവെ, തീവ്രവാദികളെ ഇല്ലാതാക്കിയതിലൂടെ ഈ അതിര്‍ത്തിയിലെ സൈനിക ദൗത്യം പൂര്‍ണമായി''- സൈനികരെ പിന്‍വലിച്ചു കൊണ്ട് പുടിന്‍ പറഞ്ഞു.
ഈജിപ്തിലേക്കുള്ള യാത്രയ്ക്കിടയിലാണ് പുടിന്‍ സിറിയയില്‍ ഇറങ്ങിയത്. തുടര്‍ന്ന് ഈജിപ്തിലെത്തി പ്രസിഡന്റ് അബ്ദുല്‍ ഫത്താഹ് അല്‍സീസിയുമായി കൂടിക്കാഴ്ച നടത്തി.
2011 ല്‍ തുടങ്ങിയ സിറിയന്‍ ആഭ്യന്തര യുദ്ധത്തില്‍, 2015 സെപ്തംബറിലാണ് റഷ്യ സിറിയന്‍ സര്‍ക്കാരിനൊപ്പം ചേര്‍ന്ന് വിമതര്‍ക്കും ഐ.എസിനും എതിരെ ആക്രമണം ആരംഭിച്ചത്.
ബഷാറിന്റെ നേതൃത്വത്തിലുള്ള സിറിയന്‍ സര്‍ക്കാരിനെ എതിര്‍ക്കുന്ന സിറിയന്‍ ദേശീയ സഖ്യം, അല്‍ നുസ്ര ഫ്രണ്ട്, ഐ.എസ് തുടങ്ങിയവര്‍ക്കെതിരെ റഷ്യ വ്യോമാക്രമണം നടത്തിവരികയായിരുന്നു.
സിറിയയെ 'രക്ഷിച്ച'തിന് പുടിനോട് നന്ദി പറയുന്നതായി നേരത്തെ ബഷാര്‍ പ്രതികരിച്ചിരുന്നു. സിറിയയിലെ ആഭ്യന്തര യുദ്ധം ഏഴാം വര്‍ഷത്തിലേക്ക് കടന്നതിനെത്തുടര്‍ന്ന് നവംബര്‍ 22ന് ഇരുവരും റഷ്യയിലെ ബ്ലാക് സീ റിസോര്‍ട്ടില്‍ കൂടിക്കാഴ്ച നടത്തിയിരുന്നു.
അസ്താന ചര്‍ച്ച വീണ്ടും
സൈനികരെ പിന്‍വലിച്ചതായി പ്രഖ്യാപിച്ചതിനു പുറമെ, സിറിയന്‍ സമാധാന ചര്‍ച്ച വീണ്ടും ചേരുന്നതിനെപ്പറ്റിയും പുടിന്‍ സംസാരിച്ചു. ഈമാസം 21 നും 22 നും കസാഖിസ്ഥാനിലെ അസ്താനയില്‍ വീണ്ടുമൊരിക്കല്‍ സമാധാന ചര്‍ച്ച നടക്കും.
ഏഴാം തവണയാണ് അസ്താനയില്‍ സമാധാന ചര്‍ച്ച നടക്കുന്നത്. ജയില്‍ തടവുകാരെ മോചിപ്പിക്കുന്നത് സംബന്ധിച്ചായിരിക്കും അടുത്ത ചര്‍ച്ചയില്‍ പ്രധാന അജണ്ട.
നേരത്തെ, റഷ്യ, തുര്‍ക്കി, ഇറാന്‍ രാജ്യങ്ങള്‍ ചേര്‍ന്ന് 'തീവ്രത കുറയ്ക്കല്‍ മേഖല' നിര്‍ണയിച്ചിരുന്നു. യുദ്ധത്തിന്റെ തീവ്രത കുറച്ച് ജനങ്ങളെ ഒപ്പം കൂട്ടാനായിരുന്നു ഈ പദ്ധതി. ഇത് പ്രാബല്യത്തില്‍ വന്നതോടെ രക്തച്ചൊരിച്ചലിന് ചെറിയൊരു കുറവുണ്ടായിരുന്നു.
ഏഴു വര്‍ഷത്തിനിടെ, 4,65,000 സിറിയന്‍ ജനങ്ങളാണ് കൊല്ലപ്പെട്ടത്. 12 മില്യണ്‍ ആളുകള്‍ അഭയാര്‍ഥികളായി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."