പാണക്കാട്ടെ സ്‌നേഹത്തണലില്‍ ഇരകളുടെ സംഗമം
പാണക്കാട്: പാണക്കാട്ടെ സ്‌നേഹതീരത്ത് ഇരകള്‍ സംഗമിച്ചു. രാജസ്ഥാനില്‍ പശുവിന്റെ പേരില്‍ കൊല്ലപ്പെട്ട ഉമര്‍ഖാന്റെ മക്കളായ മെഹ്നയും മഖ്‌സൂദും ഹരിയാനയില്‍ ട്രെയിനില്‍ കൊലചെയ്യപ്പെട്ട ജുനൈദിന്റെ സഹോദരന്‍ ഖസാമുമാണ് ഉറ്റവരെ നഷ്ടമായ വേദനയുടെ നീറ്റലില്‍ പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങളുടെ വസതിയിലെത്തിയത്. ഒട്ടേറെ ആവലാതികള്‍ക്ക് പരിഹാരമായ ആ വീട്ടില്‍ അവര്‍ക്ക് സ്‌നേഹത്തില്‍ പൊതിഞ്ഞ സ്വീകരണമാണ് ലഭിച്ചത്. തിരക്കുകള്‍ മാറ്റിവച്ച് ഹൈദരലി തങ്ങള്‍ അവരെ സ്വീകരിച്ചു. മെഹ്നയുടെ കൈ പിടിച്ച് തങ്ങള്‍ അവരെ വീട്ടിലെ സ്വീകരണ മുറിയിലേക്ക് നയിച്ചു. മഖ്‌സൂദിനോടും, ജുനൈദിന്റെ സഹോദരന്‍ ഖസാമിനോടും കേസിന്റെ തുടര്‍നപടികളെ കുറിച്ചും തങ്ങള്‍ ചോദിച്ച് മനസിലാക്കി. പി.കെ കുഞ്ഞാലിക്കുട്ടി എം.പി യും പാണക്കാട്ടുണ്ടായിരുന്നു. കഴിഞ്ഞ ദിവസം തിരൂരില്‍ മുസ്്‌ലിംലീഗ് ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച മനുഷ്യാവകാശ സംഗമത്തിലും ഇവര്‍ പങ്കെടുത്തിരുന്നു.
കേരളം ഇഷ്ടമായെന്ന് മെഹ്്‌ന പറഞ്ഞു. കേരളത്തില്‍ പഠിക്കുവാന്‍ ആഗ്രഹിക്കുന്നുണ്ടോയെന്നു ചോദിച്ചപ്പോള്‍ പുഞ്ചിരിയോടെ അവള്‍ തലയാട്ടി. കുടുംബവുമായി ബന്ധപ്പെട്ട്, വിദ്യാഭ്യാസത്തിന് വേണ്ട ഏര്‍പ്പാടുകള്‍ ചെയ്യുമെന്ന് തങ്ങള്‍ പറഞ്ഞു. മെഹ്‌നയെ അടുത്തിരുത്തി ആശ്വസിപ്പിക്കുകയും നിറുകയില്‍ കൈവച്ച് പ്രാര്‍ഥനയോടെ അനുഗ്രഹിക്കുകയും ചെയ്തു.
ഉമ്മ സൈറാബാനുവിന്റെ സമ്മാനവുമായിട്ടാണ് ജുനൈദിന്റെ സഹോദരന്‍ ഖസാം എത്തിയത്. അവര്‍ കൊടുത്തയച്ച ഷാള്‍ ഖസാം തങ്ങളെയും, പി.കെ കുഞ്ഞാലിക്കുട്ടിയെയും അണിയിച്ചു. ജുനൈദിന്റെ ഉമ്മ സ്വന്തം കൈ കൊണ്ടു തുന്നിയുണ്ടാക്കിയ 'ഡലിയ' (തീന്‍മേശയില്‍ ഉപയോഗിക്കുന്ന പാത്രം) തങ്ങള്‍ക്കു നല്‍കി. പെരുന്നാള്‍ ദിവസം നഷ്ടപ്പെട്ടു പോയ മകന്റെ ഓര്‍മകളുമായി കഴിയുന്ന മാതാവ് സഹായവുമായി വന്ന തങ്ങള്‍ സാഹിബിനു വേണ്ടി പ്രാര്‍ഥിക്കാറുണ്ടെന്ന് ഖസാം പറഞ്ഞു. ഇരകളുടെ കുടുംബങ്ങള്‍ക്ക് എല്ലാവിധ പിന്തുണയും നിയമസഹായവും തങ്ങള്‍ വാഗ്ദാനം ചെയ്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."