കടലിലും കായലിലും മുങ്ങിത്തപ്പാന്‍ 'കേരള ഡോള്‍ഫിന്‍സ് 'വരുന്നു
തിരുവനന്തപുരം: കടലിലും കായലിലും രക്ഷാ പ്രവര്‍ത്തനങ്ങള്‍ക്കായി പ്രത്യേക പരിശീലനത്തോടെ പൊലിസില്‍ പുതിയ കമാന്‍ഡോ സേന വരുന്നു. 'കേരള ഡോള്‍ഫിന്‍സ് 'എന്ന പേരിലുള്ള സേനയുടെ പ്രാരംഭ പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചു. ഓഖി ദുരന്തത്തില്‍നിന്ന് പാഠമുള്‍ക്കൊണ്ടാണ് പുതിയ രക്ഷാസേന രൂപീകരിക്കാന്‍ സംസ്ഥാന പൊലിസിന്റെ തീരുമാനം.
കോസ്റ്റല്‍ പൊലിസ് അസി.ഐ.ജി സക്കറിയ ജോര്‍ജ് തയാറാക്കിയ പദ്ധതി സര്‍ക്കാര്‍ അംഗീകരിച്ച് തുടര്‍ നടപടികള്‍ക്കായി സംസ്ഥാന പൊലിസ് മേധാവി ലോക്‌നാഥ് ബെഹ്‌റയെ ചുമതലപ്പെടുത്തുകയായിരുന്നു. കമാന്‍ഡോ സേനയെ സജ്ജമാക്കാന്‍ പൊലിസ് അക്കാദമി അസി.ഡയറക്ടര്‍ അനൂപ് കുരുവിള ജോണ്‍, തൃശൂര്‍ സിറ്റി പൊലിസ് കമ്മിഷണര്‍ രാഹുല്‍.ആര്‍ നായര്‍, റൂറല്‍ എസ്.പി യതീഷ്ചന്ദ്ര, തീരദേശപൊലിസ് എ.ഐ.ജി സക്കറിയ ജോര്‍ജ്ജ് എന്നിവരുള്‍പ്പെട്ട സമിതി രൂപീകരിച്ച് ഡി.ജി.പി ലോക്‌നാഥ് ബെഹ്‌റ ഉത്തരവിറക്കി. പ്രകൃതിക്ഷോഭങ്ങളിലും അപകടങ്ങളിലും രക്ഷാപ്രവര്‍ത്തനം മുതല്‍ തീവ്രവാദി ആക്രമണം വരെ നേരിടാനുള്ള പരിശീലനമാണ് സേനയ്ക്ക് നല്‍കുക.
കോവളത്തും തണ്ണീര്‍മുക്കം ബണ്ടിനടുത്ത് ജല അതോറിറ്റിയുടെ സ്ഥലത്തുമാണ് കമാന്‍ഡോ പരിശീലനകേന്ദ്രങ്ങള്‍ സ്ഥാപിക്കുക.നാവികസേനയുടെയും കോസ്റ്റ്ഗാര്‍ഡിന്റെയും പരിശീലനം സേനയ്ക്ക് ലഭ്യമാക്കും. പ്രാരംഭപ്രവര്‍ത്തനം ഒരുമാസത്തിനകം ആരംഭിക്കാനാണ് ഡി.ജി.പിയുടെ നിര്‍ദേശം. കടലിലെ രക്ഷാപ്രവര്‍ത്തനത്തിന് പുറമെ പുഴകള്‍, അണക്കെട്ടുകള്‍, കായലുകള്‍ എന്നിവിടങ്ങളില്‍ മുങ്ങിപ്പോവുന്നവരെ രക്ഷിക്കാനും പ്രളയബാധിത മേഖലകളില്‍ ഒഴുക്കില്‍പെടുന്നവരെ നീന്തിയെടുക്കാനുമെല്ലാം സേനയ്ക്ക് പരിശീലനം നല്‍കും. തീരദേശ പൊലിസിലെ എല്ലാഅംഗങ്ങള്‍ക്കും പരിശീലനം നിര്‍ബന്ധമാക്കും.
പൊലിസിനു പുറമേ എന്‍.സി.സി, സ്റ്റുഡന്റ് പൊലിസ് കേഡറ്റുകള്‍, കായികതാരങ്ങള്‍ എന്നിവര്‍ക്കും പരിശീലനം നല്‍കും. നീന്തല്‍, വാട്ടര്‍ സ്‌പോര്‍ട്‌സ്, രക്ഷാപ്രവര്‍ത്തനം, സാഹസിക പ്രവര്‍ത്തനങ്ങള്‍ എന്നിവയില്‍ പരിശീലനം നല്‍കും.
ഇതിനുപുറമേ വാഗമണിലും നെല്ലിയാമ്പതിയിലും രണ്ട് കമാന്‍ഡോ ട്രെയിനിങ് സെന്ററുകള്‍ ആരംഭിക്കാനും പദ്ധതിയുണ്ട്. നിവലിലെ കമാന്‍ഡോകള്‍ക്ക് ഇവിടങ്ങളില്‍ വിദഗ്ധപരിശീലനം നല്‍കും. കര,നാവിക സേനകളുടെയും ഐ.ടി.ബി.പിയുടെയും സംയുക്തപരിശീലനവും ഇവിടെ ഒരുക്കും. കടല്‍വഴിയുള്ള മയക്കുമരുന്ന് കടത്ത് തടയാനും കേന്ദ്ര നാര്‍കോട്ടിക് കണ്‍ട്രോള്‍ ബ്യൂറോയുടെ പരിശീലനവും പുതിയ സേനയ്ക്ക് ലഭിക്കും.
കൂടാതെ, തീരദേശ പൊലിസിനെ സ്വതന്ത്ര ചുമതലയുള്ള വിഭാഗമാക്കി മാറ്റാനും തീരുമാനിച്ചിട്ടുണ്ട്. വിദഗ്ധ പരിശീലനം നല്‍കുന്നതിനായി പൊലിസ് ഡിസാസ്റ്റര്‍ മാനേജ്‌മെന്റ് ട്രെയിനിങ് ഇന്‍സ്റ്റിറ്റ്യൂട്ട് തുടങ്ങാന്‍ സ്ഥലം കണ്ടെത്താന്‍ ഡി.ജി.പി നിര്‍ദേശിച്ചു.
കോസ്റ്റല്‍ സ്റ്റേഷനുകളുടെ ചുമതല മേഖലാ അടിസ്ഥാനത്തില്‍ കോഴിക്കോട്, തിരുവനന്തപുരം ട്രാഫിക് എസ്.പിമാര്‍ക്ക് കൈമാറിയും ഉത്തരവിറക്കി. കോസ്റ്റല്‍ പൊലിസ് ആസ്ഥാനത്ത് ഒരു എസ്.പിയെയും, ഒരു കമാന്റന്‍ഡിനെയും നിയമിക്കും. കോസ്റ്റല്‍ പൊലിസിന്റെ പ്രവര്‍ത്തനങ്ങള്‍ക്കായി പത്തു കോടി രൂപ ആവശ്യപ്പെട്ട് സര്‍ക്കാര്‍ കേന്ദ്രത്തിന് കത്തയക്കും. കൂടാതെ കോസ്റ്റല്‍ പൊലിസില്‍ മത്സ്യത്തൊഴിലാളികളില്‍നിന്ന് 200 പേരെ സ്‌പെഷല്‍ റിക്രൂട്ട്‌മെന്റ് വഴി തെരഞ്ഞെടുക്കും.
ഓഖി ദുരന്തത്തില്‍ പെട്ടവരുടെ കുടുംബങ്ങള്‍ക്ക് മുന്‍ഗണന നല്‍കും. പൊലിസില്‍ നേരത്തെ ദുരന്ത നിവാരണത്തിന് പരശീലനം നല്‍കിയ 200 പേരെ പുതുതായി രൂപീകരിക്കുന്ന കമാന്‍ഡോ സേനയിലേക്ക് മാറ്റാനും ആലോചനയുണ്ട്. നിലവില്‍ പരിശീലനം ലഭിച്ചവര്‍ ട്രാഫിക്കിലും ലോക്കല്‍ സ്റ്റേഷനുകളിലുമാണ് ജോലി ചെയ്യുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."