ചങ്കൂറ്റത്തോടെ ഇനി രാഹുല്‍
ഇനി ഇന്ത്യന്‍ ജനാധിപത്യത്തിനും മതേതരത്വത്തിനും പ്രതീക്ഷയുടെ നാളുകള്‍. ഏറ്റവും വലിയ ജനാധിപത്യ, മതേതര പ്രസ്ഥാനമായ ഇന്ത്യന്‍ നാഷനല്‍ കോണ്‍ഗ്രസ്സിനും ഇന്ത്യന്‍ ജനതയ്ക്കും ഹിന്ദുത്വഫാസിസ്റ്റ് പ്രത്യയശാസ്ത്രത്തിന്റെ കരാളഹസ്തത്തില്‍നിന്നു രാജ്യത്തെ മോചിപ്പിക്കാന്‍ നെഹ്‌റു കുടുംബത്തിലെ അഞ്ചാംതലമുറക്കാരനു കഴിയുമെന്ന വിശ്വാസമാണെങ്ങും.
നെഹ്‌റു കുടുംബത്തിന്റെ ആധിപത്യത്തില്‍ അസ്വസ്ഥത പ്രകടിപ്പിച്ചിരുന്നവര്‍ പോലും തിരിച്ചറിഞ്ഞുകഴിഞ്ഞു ഈ നാടിനെ പൈതൃകത്തിലേക്കും പ്രതാപത്തിലേക്കും തിരിച്ചുനടത്താന്‍ രാഹുല്‍ഗാന്ധിക്കു കഴിയുമെന്ന്. ഒന്നര പതിറ്റാണ്ട് മുമ്പ് നാണം കുണുങ്ങിയായി പൊതുരംഗത്ത് പിച്ചവച്ചെത്തിയ രാഷ്ട്രീയമെന്തെന്നറിയാത്ത കന്നിക്കാരനല്ല കോണ്‍ഗ്രസ്സിന്റെ അധ്യക്ഷനാകുന്നത്. ഒരു വ്യാഴവട്ടത്തിലേറെക്കാലം കഠിനമായ പരിശീലനത്തിലൂടെ പക്വത നേടിയ നേതാവാണ്.
പ്രതിസന്ധികളില്‍നിന്നു നാടിനെ കൈപിടിച്ചു നടത്തിയ രാജീവ്ഗാന്ധിക്കും സോണിയഗാന്ധിക്കുമൊന്നും ഇതുപോലൊരു പരിശീലനം ലഭിച്ചിട്ടില്ല. രാഷ്ട്രീയത്തില്‍ താല്‍പ്പര്യമില്ലാതെ വഴിമാറി നടന്ന അവര്‍ സമ്മര്‍ദ സാഹചര്യത്തില്‍ കടിഞ്ഞാണെടുക്കാന്‍ നിര്‍ബന്ധിതരാവുകയായിരുന്നു. നെഹ്‌റു കുടുംബത്തിന്റെ യശസ്സിന്റെ പിന്‍ബലംതന്നെയായിരുന്നു അവര്‍ക്കു കരുത്തായത്.
ഇന്ദിരാഗാന്ധി വെടിയേറ്റുമരിച്ചപ്പോള്‍ രാജീവ്ഗാന്ധി ദൗത്യമേറ്റെടുക്കാന്‍ നിര്‍ബന്ധിതനായി. രാഷ്ട്രീയരംഗത്ത് അമ്മയ്ക്കു കൂട്ടായിരുന്ന സഹോദരന്‍ സഞ്ജയ് ഗാന്ധി അതിനുമുമ്പേ കൊല്ലപ്പെട്ടിരുന്നു. രാജീവ്ഗാന്ധി അപ്രതീക്ഷിതമായി കൊല്ലപ്പെട്ടപ്പോള്‍ മക്കളെ ചിറകിനുള്ളിലാക്കി ഒതുങ്ങിക്കൂടാന്‍ തീരുമാനിച്ചതായിരുന്നു സോണിയാഗാന്ധി. എന്നാല്‍, രാജ്യം അപകടത്തിലേക്ക് വഴുതിവീഴുന്നതു കണ്ട് മനംനൊന്ത നേതാക്കളുടെ കൂട്ടായ അഭ്യര്‍ഥന മാനിച്ച് 1998ല്‍ അവര്‍ രംഗത്തിറങ്ങുകയായിരുന്നു.
അങ്ങനെ അവര്‍ കോണ്‍ഗ്രസ് അധ്യക്ഷയായി. ഇറ്റലിക്കാരിയായ സോണിയ ഇന്ത്യന്‍ മണ്ണിനോടു കാണിച്ച പ്രണയം ഏത് ഇന്ത്യക്കാരനെയും വിസ്മയിപ്പിച്ചു. വാജ്‌പേയ് ഭരണത്തിനു തിരശ്ശീല വീഴ്ത്തുമെന്നു പ്രഖ്യാപിച്ച സോണിയ 2004ലെ ലോക്‌സഭാ തെരഞ്ഞെടുപ്പിന്റെ ചുക്കാന്‍ പിടിച്ചു. കോണ്‍ഗ്രസ്സിനോടു സഹകരിക്കാവുന്ന മതേതരപ്പാര്‍ട്ടികളെ സഹകരിപ്പിച്ച് ഐക്യപുരോഗമനസഖ്യം (യു.പി.എ) രൂപീകരിച്ചു.
യു.പി.എ വന്‍ വിജയം നേടി. ഇന്ത്യയിലെ ജനാധിപത്യവിശ്വാസികള്‍ പ്രധാനമന്ത്രിപദം വെള്ളിത്തളികയില്‍വച്ച് ഇറ്റലിക്കാരിയായ സോണിയാഗാന്ധിക്കു മുന്നില്‍ അര്‍പ്പിച്ചു. രാഷ്ട്രപതി മന്ത്രിസഭയുണ്ടാക്കാന്‍ സോണിയയെ ക്ഷണിച്ചു. രാഷ്ട്രപതിയെക്കണ്ടു തിരിച്ചെത്തിയ സോണിയ നമ്മെ അത്ഭുതപ്പെടുത്തി, പ്രധാനമന്ത്രി പദത്തിലേക്കില്ലെന്നു പ്രഖ്യാപിച്ചു വിമര്‍ശകരുടെ വായമൂടി. ഡോ. മന്‍മോഹന്‍സിങ്ങിനെ പ്രധാനമന്ത്രിയായി പ്രഖ്യാപിച്ചു.
സോണിയാഗാന്ധിക്കു പിന്‍ഗാമിയായി മകള്‍ പ്രിയങ്ക വരുമെന്നാണു സ്വാഭാവികമായും എല്ലാവരും കരുതിയിരുന്നത്. മുത്തശ്ശിയുടെ രൂപസാദൃശ്യവും ചടുലതയുമുള്ള പ്രിയങ്ക പക്ഷേ മാറിനിന്നു. പകരം, രംഗത്തുവന്നത് രാഹുല്‍ഗാന്ധിയാണ്. 2004 ലെ തെരഞ്ഞെടുപ്പിലാണു രാഹുല്‍ ഗാന്ധി ആദ്യമായി ജനവിധി തേടുന്നത്. തുടര്‍ന്നിങ്ങോട്ടു രാഹുല്‍ പാര്‍ലമെന്റ് അംഗമാണ്. പാര്‍ട്ടിയില്‍ ജനറല്‍ സെക്രട്ടറിയും പിന്നീട് ഉപാധ്യക്ഷനുമായി. തുടക്കത്തില്‍ വലിയ പ്രതീക്ഷ ഉയര്‍ത്തിയെങ്കിലും രാഹുല്‍ ഇടയ്‌ക്കൊന്ന് ഉഴപ്പിയെന്നതു സത്യം. റോമാനഗരം കത്തിയാളുമ്പോള്‍ നീറോ ചക്രവര്‍ത്തി വീണ വായിച്ചപോലെ ചില നിര്‍ണായകഘട്ടങ്ങളില്‍ ആരോടും ഒന്നും പറയാതെ രാഹുല്‍ മുങ്ങി. ആ ദുഷ്‌പ്പേരു മുതലെടുക്കാന്‍ ബി.ജെ.പിയുള്‍പ്പെടെ രാഷ്ട്രീയ ശത്രുക്കള്‍ പരമാവധി ശ്രമിച്ചു.
മോദി ഭരണത്തില്‍ രാജ്യം വീര്‍പ്പുമുട്ടിയപ്പോള്‍, അസുഖം മറന്നു സോണിയാഗാന്ധി രംഗത്തെത്തിയപ്പോള്‍ രാഹുല്‍ സടകുടഞ്ഞെഴുന്നേറ്റു. മോദി ഭരണം അവസാനിപ്പിക്കണമെന്ന ദൗത്യം ഏറ്റെടുത്തു. അതോടെ അദ്ദേഹത്തിന്റെ ഇമേജ് മാറി.
പ്രതിസന്ധി നിറഞ്ഞ ഘട്ടത്തിലാണ് അച്ഛനുമമ്മയും നേതൃത്വമേറ്റെടുത്തത്. അതിനേക്കാള്‍ രൂക്ഷമായ പ്രതിസന്ധിയാണിന്ന്. അതു മറികടക്കാന്‍ രാഹുലിനു കഴിയുമെന്നു തന്നെ നിരീക്ഷകര്‍ വിലയിരുത്തുന്നു.
അമേരിക്കയിലെ ബെര്‍ക്‌ലി സര്‍വകലാശാലയില്‍ നടത്തിയ സംവാദമാണു രാഹുലിന്റെ പ്രതിച്ഛായ വര്‍ധിപ്പിച്ചത്. കേംബ്രിജ് സര്‍വകലാശാലയിലും റോളിന്‍സ് സര്‍വകലാശാലയിലുമൊക്കെ പഠനം നടത്തി വികസനം, രാജ്യാന്തര ബന്ധങ്ങള്‍ തുടങ്ങിയ വിഷയങ്ങളില്‍ ബിരുദവും ബിരുദാനന്തര ബിരുദവുമൊക്കെ നേടിയ കരുത്തും ലോകത്തെ ഏറ്റവും വലിയ രാഷ്ട്രീയ കുരുക്ഷേത്രത്തില്‍ ലഭിച്ച കഠിനമായ പരിശീലനം സമ്മാനിച്ച ഊര്‍ജവും രാഹുല്‍ ഗാന്ധിയില്‍ കണ്ടു തുടങ്ങിയതോടെ മതേതര ഭാരതത്തിന്റെ പ്രതീക്ഷകള്‍ വീണ്ടും പൂവണിയുകയാണ്.
1970 ജൂണ്‍ 19 നാണ് ഇന്ദിരാഗാന്ധിക്ക് ആദ്യ പേരക്കുട്ടി ജനിച്ചത്. രാജീവ്-സോണിയാ ദമ്പതികളുടെ മകന്‍ രാഹുല്‍. പ്രധാനമന്ത്രിയുടെ പേരക്കുട്ടിയായതിനാല്‍ കനത്ത സുരക്ഷയിലായിരുന്നു ശൈശവവും ബാല്യവും. യൗവനത്തില്‍ കൂടുതല്‍ കര്‍ശനമായ സുരക്ഷ. പതിനാലാമത്തെ വയസ്സില്‍ മുത്തശ്ശിയുടെ ദാരുണമായ വേര്‍പാട് സൃഷ്ടിച്ച നോവ് മനസ്സില്‍നിന്നു മായുംമുമ്പ് അച്ഛനും ക്രൂരമായി കൊല ചെയ്യപ്പെടുന്നു. പൊതുജീവിതത്തിനുവേണ്ടി സ്വന്തംജീവിതം പോലും മറന്ന രാഹുലിന്റെ ത്യാഗം കാണാതിരിക്കാനാവില്ല. അതേ, നെഹ്‌റു കുടുംബത്തിലെ അംഗത്തിനേ ഇത് കഴിയൂ.
യു.പി.എയുടെ ഭരണം മന്‍മോഹന്‍സിങിന്റെ നേതൃത്വത്തില്‍ രണ്ടുതവണ അധികാരത്തില്‍ വന്നു. രാഹുല്‍ മന്ത്രിസഭയിലെ ഏതു പദവിയിലേക്കും പരിഗണിക്കപ്പെടുമായിരുന്നു. പ്രധാനമന്ത്രിപദം വേണ്ടെന്നു പറയാന്‍ കഴിഞ്ഞ അമ്മയുടെ മകന്‍ ഭരണപങ്കാളിയാവാന്‍ കൂട്ടാക്കിയില്ല.
2004 മുതല്‍ എം.പിയായ രാഹുല്‍ സംഘടനാ കാര്യങ്ങളിലാണു കൂടുതല്‍ ശ്രദ്ധിച്ചത്. 2007ല്‍ പാര്‍ട്ടിയുടെ ജനറല്‍ സെക്രട്ടറിയും 2013ല്‍ ഉപാധ്യക്ഷനുമായ രാഹുല്‍ ഭരണത്തില്‍ ആരോഗ്യകരമായ ഇടപെടലുകള്‍ നടത്തി. ചിലര്‍ക്കൊന്നും അതു രുചിച്ചില്ലെങ്കിലും അതു ജനഹിതമറിഞ്ഞ നടപടിയായിരുന്നു.
ക്രിമിനല്‍ കേസുകളില്‍ ശിക്ഷിക്കപ്പെടുന്ന ജനപ്രതിനിധികളെ അയോഗ്യരാക്കണമെന്ന സുപ്രിംകോടതി വിധി മറികടക്കാന്‍ യു.പി.എ സര്‍ക്കാര്‍ കൊണ്ടുവന്ന ഓര്‍ഡിനന്‍സ് പൊതുവേദിയില്‍ കീറിയെറിഞ്ഞു രാഹുല്‍ വ്യക്തിത്വം ഉയര്‍ത്തിക്കാട്ടി.
രാഹുലിനെതിരേ മോദി പരിഹാസശരങ്ങളെയ്തപ്പോഴും രാഹുല്‍ പക്വത കാണിച്ചു. ഇതേ ഭാഷയില്‍ മോദിയെ വിമര്‍ശിച്ചില്ല . അദ്ദേഹം രാഷ്ട്രീയമായി ആക്രമിക്കാനേ ശ്രമിച്ചുള്ളൂ. ഭരണവീഴ്ചകള്‍ എടുത്തുപറഞ്ഞുകൊണ്ടുള്ള രാഹുലിന്റെ പടയോട്ടം ഗുജറാത്തിലും നമ്മള്‍ കണ്ടു. രാഹുല്‍ എന്നും ജനങ്ങള്‍ക്കൊപ്പമാണ്. അവര്‍ക്കിടയിലേക്ക് ഓടിക്കയറാനും അവരിലൊരാളായി മാറാനും താല്‍പ്പര്യം കാണിക്കും. ഇതു നാട്യമല്ലെന്നു നെഹ്‌റു കുടുംബത്തിന്റെ ചരിത്രമറിയുന്നവര്‍ക്കറിയാം. മുത്തശ്ശി ഇന്ദിരയും അവരുടെ പിതാവ് പണ്ഡിറ്റ്ജിയുമൊക്കെ അങ്ങനെയായിരുന്നല്ലോ.
കോണ്‍ഗ്രസ് മുക്ത ഭാരതം സ്വപ്‌നം കാണുന്ന ബി.ജെ.പിക്കു കാലിടറുന്നുവെന്നതിന്റെ തെളിവാണു മോദിയുടെയും കൂട്ടരുടെയും ഹാലിളക്കം. രാഹുലിനെതിരേ പരിഹാസശരങ്ങളെയ്തു വ്യക്തിഹത്യ നടത്താനുള്ള ഹീനമായ ശ്രമം.
കഴിഞ്ഞ മൂന്നുവര്‍ഷമായി രാഹുലിന്റെ അരങ്ങേറ്റം മണത്തു തുടങ്ങിയതുകൊണ്ടാണ് പതിനായിരത്തിലേറെ പ്രൊഫഷനലുകള്‍ സാമൂഹ്യമാധ്യമങ്ങളിലൂട രാഹുലിനെതിരേ കോപ്രായങ്ങള്‍ കാണിച്ചുതുടങ്ങിയത്. കോണ്‍ഗ്രസ് മുക്ത ഭാരതമല്ല കോണ്‍ഗ്രസ് ശക്ത ഭാരതമാണ് വരാനിരിക്കുന്നതെന്ന കെ.പി.സി.സി പ്രസിഡന്റ് എം.എം. ഹസ്സന്റെ അഭിപ്രായത്തിന്ശക്തമായ അടിവരയിടുകയാണ്.
ഇന്ത്യന്‍ നാഷനല്‍ കോണ്‍ഗ്രസിന്റെ 132 വര്‍ഷത്തെ പ്രൗഢമായ ചരിത്രത്തില്‍ 57ാമത്തെ പ്രസിഡന്റാണു രാഹുല്‍. 1885ല്‍ ഡബ്ല്യൂ.സി ബാനര്‍ജിയായിരുന്നു സ്ഥാപക പ്രസിഡന്റ്. 1919 ല്‍ പണ്ഡിറ്റ് മോത്തിലാല്‍ നെഹ്‌റു പ്രസിഡന്റായി. 1928ല്‍ വീണ്ടും അദ്ദേഹം തെരഞ്ഞെടുക്കപ്പെട്ടു. 1929 ലാണു പിതാവില്‍നിന്നു പ്രസിഡന്റ് പദവി പുത്രന്‍ ജവഹര്‍ലാല്‍ നെഹ്‌റു ഏറ്റെടുക്കുന്നത്. ഏഴുതവണ നെഹ്‌റു പ്രസിഡന്റ് പദവിയിലെത്തി. 1960, 1978, 1983 വര്‍ഷങ്ങളില്‍ ഇന്ദിരാഗാന്ധിയായിരുന്നു പ്രസിഡന്റ്.
1984ല്‍ ഇന്ദിരാഗാന്ധി വധിക്കപ്പെട്ടതിനെത്തുടര്‍ന്നു രാജീവ്ഗാന്ധി പ്രസിഡന്റായി. 1991ല്‍ രാജീവ്ഗാന്ധി പി.വി നരസിംഹറാവുവിന് അധികാരം കൈമാറി. 1998ലാണ് സോണിയാഗാന്ധി അധ്യക്ഷയാവുന്നത്. ഏറ്റവും കൂടുതല്‍ കാലം പ്രസിഡന്റ് പദവിയിലിരുന്ന ബഹുമതിയും ഇവര്‍ക്കു തന്നെ.
കോണ്‍ഗ്രസിനേറ്റ ഏറ്റവും വലിയ തോല്‍വിയായിരുന്നു 1977ലേത്. തോല്‍വിയില്‍ നിന്നു പാഠമുള്‍ക്കൊണ്ടു ഫീനിക്‌സ് പക്ഷിയെപ്പോലെ ഇന്ദിരാഗാന്ധിയുടെ നേതൃത്വത്തില്‍ ശക്തമായ തിരിച്ചുവരവു നടത്തി. വാജ്‌പേയ് ഭരണകൂടത്തിന് അന്ത്യം കുറിച്ചു സോണിയാഗാന്ധി 2004 ല്‍ വിജയത്തിന്റെ വെന്നിക്കൊടി പാറിപ്പറപ്പിച്ചു.
ഭാരതം ഉറ്റുനോക്കുന്നത് അതുപോലൊരു കാഴ്ചയ്ക്കാണ്. 2019ലെ തെരഞ്ഞെടുപ്പില്‍ ജനാധിപത്യ സംവിധാനത്തിന്റെ പുനഃസൃഷ്ടി നടത്താന്‍ രാഹുലിനു കഴിയണം. ഒന്നര രണ്ടു വര്‍ഷം രാഹുല്‍ നന്നായി വിയര്‍ക്കണം. ചെറിയ പ്രായത്തിലൊന്നുമല്ല രാഹുല്‍ പ്രസിഡന്റാകുന്നത്. നെഹ്‌റു 40 ാം വയസ്സിലും ഇന്ദിര 42ാം വയസ്സിലും രാജീവ് 41ാം വയസ്സിലുമായിരുന്നു പ്രസിഡന്റായത്.
പാര്‍ട്ടിക്കുള്ളിലെ കലഹങ്ങള്‍ നിയന്ത്രിക്കാനും കരുത്തരായ എതിരാളികളെ നേരിടാനും ചങ്കൂറ്റമുള്ള നേതാവായി ഈ 47കാരന്‍ മാറും, കോണ്‍ഗ്രസ് എന്ന മുങ്ങിത്താഴുന്ന കപ്പലിനെ രക്ഷിച്ച് ജനകീയാടിത്തറ വിപുലപ്പെടുത്തി കാറ്റും കോളും വകവയ്ക്കാതെ ലക്ഷ്യത്തിലെത്തിക്കാന്‍ ഈ കപ്പിത്താന് കഴിയും, തീര്‍ച്ച.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."