ജിഷ കേസ്: അമിർ കുറ്റക്കാരനെന്ന് കോടതി
കൊച്ചി: പെരുമ്പാവൂര്‍ ജിഷ വധക്കേസില്‍ പ്രതി അമീർ കുറ്റക്കാരനെന്ന് എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതി. എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി ജഡ്ജി അനില്‍ കുമാറാണ് അമീര്‍ കുറ്റക്കാരനെന്ന് വിധിച്ചത്. ശിക്ഷ നാളെ വിധിക്കും.
ദൃക്സാക്ഷികളില്ലാത്ത കൊലപാതകത്തില്‍ ഡി.എന്‍.എ. പരിശോധനയുടെ ഫലമാണ് നിര്‍ണായകമായത്.
ഇന്ത്യന്‍ ശിക്ഷാനിയമത്തിലെ 302, 201, 449, 342, 376, 376 എ എന്നീ വകുപ്പുകള്‍ പ്രകാരമുള്ള തെളിവു നശിപ്പിക്കല്‍, അതിക്രമിച്ചുകടന്ന് കൊലപാതകം ചെയ്യല്‍, ബലാത്സംഗം, വീടിനുള്ളില്‍ അന്യായമായി തടഞ്ഞുവയ്ക്കല്‍ എന്നിവയും ദലിത് പീഡന നിരോധന നിയമത്തിലെ വിവിധ വകുപ്പുകള്‍ പ്രകാരമുള്ള കുറ്റങ്ങളാണ് പൊലിസ് പ്രതിക്കെതിരേ ചുമത്തിയിരുന്നത്. ഇതില്‍ കൊലപാതകം, ബലാത്സംഗം,അന്യായമായി തടവില്‍ വെക്കല്‍ എന്നിങ്ങനെ പ്രതിക്കുമേല്‍ ചുമത്തിയ കുറ്റങ്ങള്‍ കോടതി ശരിവെച്ചു. അതേസമയം, പട്ടികജാതി പീഡനവിരുദ്ധ പ്രകാരമുള്ള കുറ്റം നിലനില്‍ക്കില്ലെന്ന് കോടതി അറിയിച്ചു.
സാഹചര്യത്തെളിവുകളും ഡി.എന്‍.എ അടക്കമുള്ള ശാസ്ത്രീയ തെളിവുകളുമാണ് പ്രതിയ്‌ക്കെതിരേ പ്രോസിക്യൂഷന്‍ കോടതിയില്‍ സമര്‍പ്പിച്ചിരിക്കുന്നത്. വധശിക്ഷയുള്‍പ്പെടെയുള്ള ശിക്ഷ ലഭിക്കുന്ന കുറ്റങ്ങളാണിത്. കൊല്ലപ്പെടുമ്പോള്‍ ജിഷ ധരിച്ചിരുന്ന ചുരിദാറിന്റെ രണ്ടു ഭാഗങ്ങളില്‍ കണ്ടെത്തിയ ഉമിനീര്‍, ജിഷയുടെ കൈനഖത്തില്‍ കണ്ടെത്തിയ ശരീരകോശങ്ങളില്‍നിന്ന് വേര്‍തിരിച്ച ഡി.എന്‍.എ, ജിഷയുടെ വീടിന്റെ വാതിലില്‍ കണ്ടെത്തിയ രക്തക്കറ തുടങ്ങിയ ശാസ്ത്രീയ തെളിവുകള്‍, സാക്ഷികള്‍ പ്രതിയുടേതെന്ന് തിരിച്ചറിഞ്ഞ ചെരുപ്പുകളില്‍ കണ്ടെത്തിയ രക്തം കൊല്ലപ്പെട്ട ജിഷയുടേതാണെന്ന് സ്ഥാപിക്കുന്ന രാസപരിശോധനാ റിപ്പോര്‍ട്ട് തുടങ്ങിയവ പ്രതിക്കെതിരായ ശക്തമായ തെളിവുകള്‍.
വിധി കേള്‍ക്കുന്നതിനായി പ്രതി അമീറുളിനെ കോടതിയിലെത്തിച്ചിരുന്നു. ജിഷയുടെ മാതാവും കോടതിയിലെത്തിയിരുന്നു.
2016 ഏപ്രില്‍ 28നാണ് പെരുമ്പാവൂര്‍ കുറുപ്പംപടി വട്ടോളിപ്പടിയിലെ ഒറ്റമുറി വീട്ടില്‍ ജിഷയെ കൊന്ന നിലയില്‍ കണ്ടെത്തിയത്. കൊല നടന്ന് 49ാം ദിവസമായ ജൂണ്‍ 16ന് പ്രതി അമീറുലിനെ കാഞ്ചീപുരത്തു നിന്ന് അറസ്റ്റ് ചെയ്തു. കേസിലെ ഏക പ്രതിയാണ് അമീര്‍. ഇക്കഴിഞ്ഞ ആറിന് അന്തിമവാദം പൂര്‍ത്തിയായതിനെതുടര്‍ന്നാണ് വിധി പറയാന്‍ കോടതി കേസ് ഇന്നത്തേക്ക് മാറ്റിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."