അതേ, ഇന്ത്യക്കൊരു ഔറംഗസീബ് വരട്ടെ!
ഗുജറാത്ത് എന്താകും. ഇന്ത്യന്‍ രാഷ്ട്രീയത്തിലെ ചിന്ത ആ ചോദ്യത്തില്‍ ചുറ്റിത്തിരിയുകയാണ്.
'എന്താകാന്‍!, തഥൈവ' എന്നു പറയുന്നവരുമുണ്ട്,
'ഇല്ല, ഇപ്രാവശ്യം ചിലപ്പോ...' എന്നു പാതിപറഞ്ഞു നിര്‍ത്തുന്നവരുമുണ്ട്.
പ്രതീക്ഷയാണു പലര്‍ക്കും.
ജനാധിപത്യ, മതേതര ഇന്ത്യയുടെ ആ പ്രതീക്ഷ സഫലമാകട്ടെ!
മതേതരചേരിക്കു യു.പി ഒരു പാഠമാണ്. വലിയ പ്രതീക്ഷകളെ തല്ലിത്തകര്‍ത്ത് അവിടെ വര്‍ഗീയത ജയിച്ചു. ആ ജയം വോട്ടിങ് യന്ത്രത്തിന്റെ പരാജയമോ കോണ്‍ഗ്രസിന്റെ പരാജയമോ എന്നതാണ് ഇപ്പോഴത്തെ ചോദ്യം. കോണ്‍ഗ്രസിനു വലിയ പിടിപാടില്ലെങ്കിലും യു.പിയില്‍ ആ സഖ്യം അത്ര വലിയ പരാജയമേറ്റു വാങ്ങിയതു വിശ്വസിക്കാവതല്ല. അവിടെയാണു വോട്ടിങ് യന്ത്രം വില്ലനാകുന്നുവോ എന്ന ചര്‍ച്ച വരുന്നത്.
ദേശീയരാഷ്ട്രീയത്തില്‍ പശുവും ചാണകവും റാഫേലും ജി.എസ്.ടിയും നോട്ടുനിരോധനവുമൊക്കെ കുത്തിയൊലിക്കുന്ന നേരത്താണു ഗുജറാത്തിലെ തെരഞ്ഞെടുപ്പു വരുന്നത്. ജനങ്ങള്‍ ഒന്നു ചിന്തിച്ചാല്‍, വോട്ടിങ് യന്ത്രം ചതിക്കാതിരുന്നാല്‍ ബി.ജെ.പി ആ മലവെള്ളത്തില്‍പ്പെട്ട് അല്‍പം വിയര്‍ക്കേണ്ടതു തന്നെയാണ്.
അതിനു പുറമേയാണു പട്ടേലുമാരെ അണിനിരത്തി ഹാര്‍ദിക് പട്ടേലും ദലിതരെ അണിനിരത്തി ജിഗ്‌നേഷ് മേവാനിയും ഇവരെയൊക്കെ പിറകില്‍കൂട്ടി രാഹുല്‍ഗാന്ധിയും നയിക്കുന്ന പട വരുന്നത്. അവിടെയാണ് പോയിന്റ് കിടക്കുന്നതും!
കോണ്‍ഗ്രസും പ്രതിപക്ഷവും 'നാഥനില്ലാപ്പട നായപ്പട' എന്ന നിലയ്ക്ക് ഉഴറുമ്പോഴാണു ബി.ജെ.പി ഗോമാതാവിന്റെയും അഴിമതിയുടെയും പുറത്തുകേറി ഇന്ത്യയെ വലവീശിപ്പിടിച്ചത്. മതേതര പ്രതിപക്ഷച്ചേരിക്കു നേതൃത്വം നല്‍കുന്ന കോണ്‍ഗ്രസിന്റെ തലപ്പത്തേയ്ക്കു രാഹുല്‍ഗാന്ധി ഉടനെത്തുമെന്നും ബി.ജെ.പിക്കറിയാമായിരുന്നു.
അതിനാലാകണം, അവര്‍ ആദ്യമേ ഉന്നംവച്ചതു രാഹുലിനെയാണ്. അതിനവര്‍ രാഹുലിനെ പരിഹാസ്യകഥാപാത്രമായി അവതരിപ്പിച്ചു. പപ്പു മോനെന്നും അമൂല്‍ ബേബിയെന്നും ആക്ഷേപിച്ചു. രാഹുലിനെയും അതുവഴി കോണ്‍ഗ്രസിനെയും തളര്‍ത്താനുള്ള നീക്കമാണിതെന്നു മനസിലാക്കാതെ ഇപ്പുറത്തെ ചിലരും അതേറ്റു വിളിച്ചു!
ഇപ്പോള്‍ രാഹുലിലെ നായകന്‍ ഗോദയിലിറങ്ങിയിരിക്കുകയാണ്. ആത്മവിശ്വാസം നഷ്ടപ്പെട്ട പാര്‍ട്ടിയെ പ്രതാപത്തിലേയ്ക്കു നയിക്കുകയെന്ന ഭാരിച്ച ഉത്തരവാദിത്വത്തിനുമപ്പുറം, ഒരു രാജ്യത്തിന്റെ മഹത്തായ പൈതൃകം സംരക്ഷിക്കേണ്ട ഉത്തരവാദിത്തംകൂടി ആ യുവാവിന്റെ തലയിലാണ്.
തെരഞ്ഞെടുപ്പു ഫലമെന്തായാലും ഗുജറാത്തിലെ രാഹുലിന്റെ നീക്കങ്ങള്‍ ബി.ജെ.പി കേന്ദ്രങ്ങളെ ഞെട്ടിച്ചുവെന്നതു യാഥാര്‍ഥ്യമാണ്. ബി.ജെ.പി വോട്ടില്‍നിന്ന് പട്ടേല്‍ വിഭാഗത്തെയും ദലിതുകളെയും അടര്‍ത്തിമാറ്റി അടുത്ത ലോക്‌സഭാ തെരഞ്ഞെടുപ്പിലെങ്കിലും കോണ്‍ഗ്രസിന്റെ നേതൃത്വത്തില്‍ വിശാലസഖ്യമെന്ന രാഹുലിന്റെ തന്ത്രം, ആരൊക്കെ തിരിച്ചറിഞ്ഞിട്ടില്ലെങ്കിലും ബി.ജെ.പിക്കു തിരിഞ്ഞിട്ടുണ്ട്. അന്നു പരിഹസിച്ചവര്‍ ഇപ്പോള്‍ രാഹുലിനെ 'ഗൗരവത്തില്‍' എതിര്‍ക്കാന്‍ തുടങ്ങിയിരിക്കുന്നു.
രാഹുല്‍ കോണ്‍ഗ്രസ് അധ്യക്ഷസ്ഥാനത്തേയ്ക്കു കടന്നുവരുന്നെന്ന വാര്‍ത്തയോടുള്ള പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ പ്രതികരണംപോലും അതാണു സൂചിപ്പിക്കുന്നത്. 'ഷാജഹാനു ശേഷം ഔറംഗസീബ് തന്നെ' എന്ന മുഖവുരയോടെയുള്ള അദ്ദേഹത്തിന്റെ ആശംസ കോണ്‍ഗ്രസില്‍ അഭിപ്രായവ്യത്യാസമുണ്ടാക്കുന്നതിനുള്ള ശ്രമമായി കാണണം. കുടുംബവാഴ്ചയെന്നും മറ്റും വിമര്‍ശിക്കാന്‍ വാതുറക്കുന്ന പ്രധാനമന്ത്രി മോദി രാഹുല്‍ ദിവസവും ചോദിക്കുന്ന ഒരു ചോദ്യത്തിനും മറുപടി പറയുന്നില്ല. മറുപടി ഇല്ലെന്നുതന്നെ അനുമാനിക്കാം!
വര്‍ഗീയതയും ചായച്ചര്‍ച്ചയും നാവിന്റെ നീളവും കൊണ്ടാണു ബി.ജെ.പിയുടെ പ്രചാരണമെങ്കില്‍, ജനങ്ങളുടെ പ്രശ്‌നങ്ങളാണു രാഹുലിന്റെ ചര്‍ച്ച.
സി.പി.എമ്മടക്കം മതേതരജനാധിപത്യ കക്ഷികള്‍ ആ ചര്‍ച്ച ഏറ്റെടുക്കേണ്ടതുണ്ട്. മന്‍മോഹന്‍സിങ് പറഞ്ഞപോലെ 'കോണ്‍ഗ്രസിനും ഇന്ത്യക്കും പുതുയുഗം' വരട്ടെ, ഏകാധിപതിയെ അമര്‍ത്താന്‍ ഇന്ത്യക്കൊരു ഔറംഗസീബ് വരട്ടെ!
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."