ഖാസി കേസും സി.ബി.ഐയും
ഉത്തരകേരളത്തിലെ മഹാപണ്ഡിതനും സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമായുടെ പ്രമുഖ നേതാക്കളിലൊരാളുമായിരുന്ന ഖാസി സി.എം അബ്ദുല്ല മൗലവിയുടെ ദുരൂഹമരണം സംബന്ധിച്ചു തുടക്കം മുതല്‍ സി.ബി.ഐ സ്വീകരിച്ച നിഷേധാത്മക നിലപാടു വലിയ സംശയങ്ങളുയര്‍ത്തിയിരുന്നു. 2010 ഫെബ്രുവരി 15നു നടന്ന മരണം ആസൂത്രിത കൊലപാതകമായിരുന്നെന്ന കാര്യത്തില്‍ അദ്ദേഹത്തിന്റെ ജീവിതവും നിലപാടുകളും അടുത്തറിയുന്ന ആര്‍ക്കും സംശയമില്ല. എന്നാല്‍, ലോക്കല്‍ പൊലിസും പിന്നീട് അന്വേഷണം നടത്തിയ ക്രൈംബ്രാഞ്ചും യാഥാര്‍ഥ്യം പുറത്തുകൊണ്ടുവരുന്നതില്‍ വിജയിച്ചില്ല. അങ്ങനെയാണു ജനകീയപ്രക്ഷോഭത്തിന്റെയും സമസ്തയടക്കമുള്ള സംഘടനകളുടെ ഇടപെടലുകളുടെയും ഫലമായി സി.ബി.ഐ കേസ് ഏറ്റെടുത്തത്.
കേസ് ഏറ്റെടുത്തതായി അറിയിപ്പു വന്നു മാസങ്ങള്‍ കഴിഞ്ഞാണ് അന്വേഷണ നടപടി ആരംഭിച്ചത്. അതിനുശേഷം കാര്യങ്ങള്‍ പുരോഗതിയിലേയ്ക്കു നീങ്ങി. പലരെയും ചോദ്യംചെയ്യുകയും ബന്ധുക്കളുടെയും സംഭവവുമായി ബന്ധമുണ്ടെന്നു സംശയിക്കപ്പെടുന്ന ചിലരുടെയും നുണ പരിശോധനയടക്കമുള്ള നടപടികളുമുണ്ടായി. കേസ് നിര്‍ണായകഘട്ടത്തിലാണെന്നും അടുത്തുതന്നെ അറസ്റ്റ് നടക്കുമെന്നും അന്വേഷണച്ചുമതലയുള്ള ഓഫിസര്‍ ബന്ധുക്കളോടു സ്വകാര്യസംഭാഷണത്തില്‍ സൂചിപ്പിക്കുകയും ചെയ്തതാണ്.
അതിനിടയിലാണ് ആ ഓഫീസറെ അപ്രതീക്ഷിതമായി ചെന്നൈയിലേയ്ക്കു സ്ഥലം മാറ്റിയത്. ഡിവൈ.എസ്.പി റാങ്കിലുള്ള ഓഫിസറും പൊലിസ് വകുപ്പില്‍നിന്നു ഡപ്യൂട്ടേഷനില്‍ വന്ന മറ്റൊരോഫിസറും കൂടിയാണു പിന്നീടുള്ള അന്വേഷണം നടത്തിയത്. അന്നുതന്നെ അവരുടെ ചില നീക്കങ്ങളിലും സമീപനങ്ങളിലും ജനങ്ങള്‍ക്കു സന്ദേഹമുണ്ടായിരുന്നു.
അതിനിടെ, 'ഖാസിയുടെ മരണം ആത്മഹത്യയാണെന്നു സ്ഥിരീകരിച്ച് സി.ബി.ഐ റിപ്പോര്‍ട്ട് സമര്‍പ്പിച്ചു'വെന്ന് ഒരു പ്രമുഖപത്രത്തില്‍ വന്‍പ്രാധാന്യത്തോടെ വാര്‍ത്ത വന്നു. ഇതുകണ്ടു ജനങ്ങള്‍ അസ്വസ്ഥരായി. ഒരു മുന്നറിയിപ്പും സൂചനയുമില്ലാതെ ഇങ്ങനെയൊരു റിപ്പോര്‍ട്ട് സമര്‍പ്പിച്ചതിനെക്കുറിച്ചറിഞ്ഞ ജനങ്ങള്‍ സ്ഥിരീകരണത്തിനായി സി.ബി.ഐ ഉദ്യോഗസ്ഥരുമായി ബന്ധപ്പെട്ടപ്പോള്‍ തങ്ങള്‍ അങ്ങനെയൊരു റിപ്പോര്‍ട്ട് നല്‍കിയിട്ടില്ലെന്ന മറുപടിയാണു ലഭിച്ചത്.
എന്നാല്‍, പത്രം അതു നിഷേധിച്ചില്ലെന്നു മാത്രമല്ല, ഖാസിയുടെ മകന്‍ അവര്‍ക്കു വക്കീല്‍ നോട്ടിസ് അയച്ചപ്പോള്‍ വിശ്വസനീയകേന്ദ്രങ്ങളില്‍ നിന്നാണു വാര്‍ത്ത ലഭിച്ചതെന്ന മറുപടി നല്‍കുകയും ചെയ്തു. അതോടെ, സി.ബി.ഐയുടെ ഭാഗത്തുനിന്നു തന്നെയാണ് ഇവര്‍ക്കു വിവരം ലഭിച്ചതെന്ന സംശയം ബലപ്പെട്ടു.
കേസിന്റെ നിജസ്ഥിതിയറിയാന്‍ ഖാസിയുടെ കുടുംബാംഗങ്ങള്‍ ഹൈക്കോടതിയെ സമീപിച്ചു. കേസ് വിചാരണയ്‌ക്കെടുത്ത വേളകളില്‍ ഹാജരാകാതെയും ഹാജരായാല്‍ത്തന്നെ സാങ്കേതികതടസ്സങ്ങള്‍ സൃഷ്ടിച്ചും സി.ബി.ഐ അഭിഭാഷകന്‍ മാസങ്ങളോളം നീട്ടിക്കൊണ്ടുപോയി. ഒടുവില്‍, നിസ്സഹകരണം തുടര്‍ന്നാല്‍ ചെന്നൈയില്‍നിന്നു സി.ബി.ഐ ഡയറക്ടറെ നേരിട്ടു വിളിച്ചുവരുത്തുമെന്നു ജഡ്ജി കടുപ്പിച്ചു പറഞ്ഞപ്പോഴാണു സീല്‍ ചെയ്ത കവറില്‍ റിപ്പോര്‍ട്ട് ഏല്‍പ്പിക്കാന്‍ അവര്‍ തയാറായത്.
റിപ്പോര്‍ട്ട് കീഴ്‌ക്കോടതിയിലാണ് ആദ്യം ചര്‍ച്ച ചെയ്യേണ്ടതെന്നു ഹൈക്കോടതി അഭിപ്രായപ്പെട്ടു. കേസ് കീഴ്‌ക്കോടതിയിലേയ്ക്കു റഫര്‍ ചെയ്യുന്നതിനിടയില്‍ അവിടെ നിന്നു തൃപ്തികരമായ വിധി ലഭിച്ചില്ലെങ്കില്‍ വീണ്ടും ഹൈക്കോടതിയെ സമീപിക്കാവുന്നതാണെന്നും വ്യക്തമാക്കിയിരുന്നു. സി.ബി.ഐ സി.ജെ.എം കോടതിയെ സമീപിക്കുമെന്നതിനാല്‍ ഖാസിയുടെ മകനും റിപ്പോര്‍ട്ടിനെതിരിലുള്ള ഹരജിയുമായി എറണാകുളം സി.ജെ.എം കോടതിയെ സമീപിച്ചു.
പരമാവധി സമയം നീട്ടിക്കൊണ്ടു പോവുകയെന്ന തന്ത്രമാണു സി.ജെ.എം കോടതിയിലും സി.ബി.ഐ തുടര്‍ന്നത്. ഇതിനിടയില്‍ വര്‍ഷങ്ങളാണു കഴിഞ്ഞുപോയത്. കാലം വൈകുന്തോറും കേസ് തെളിയിക്കാനുള്ള സാധ്യത വിരളമാണെന്ന വസ്തുത കൂടി പരിഗണിക്കേണ്ടതുണ്ട്.
സി.ബി.ഐ കോടതിയില്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടിന്റെ ഉള്ളടക്കം നേരത്തേ പത്രത്തില്‍ വന്ന വാര്‍ത്തയെ സാധൂകരിക്കുന്ന തരത്തിലായിരുന്നു. ബാലിശമായ തെളിവുകളുടെയും അനുമാനങ്ങളുടെയും പിന്‍ബലത്തില്‍ ആത്മഹത്യയായി ചിത്രീകരിച്ച റിപ്പോര്‍ട്ട് സി.ജെ.എം തള്ളുകയും സ്‌പെഷ്യല്‍ ടീമിനെ കൊണ്ട് അന്വേഷണം നടത്തിക്കണമെന്ന് ആവശ്യപ്പെടുകയും ചെയ്തു.
ഈ വിധി വന്ന ശേഷവും മാസങ്ങള്‍ കഴിഞ്ഞാണ് അന്വേഷണ നടപടി സി.ബി.ഐയുടെ ഭാഗത്തുനിന്ന് ഉണ്ടാകുന്നത്. സ്‌പെഷ്യല്‍ ടീമിനെ വച്ചായിരുന്നില്ല അന്വേഷണം. പകരം പയ്യന്നൂര്‍ ഹക്കീം വധക്കേസ് അന്വേഷിക്കുന്ന ടീമിന് അഡീഷനല്‍ ചുമതല നല്‍കി കടമ തീര്‍ക്കാന്‍ ശ്രമിക്കുകയായിരുന്നു.
രണ്ടുമൂന്ന് ഉപാധികള്‍ വച്ചാണു കോടതി അന്വേഷണം ആവശ്യപ്പെട്ടിരുന്നത്. സംഭവസ്ഥലത്ത് അദ്ദേഹത്തെപ്പോലുള്ള ഒരാള്‍ക്കു പാതിരാസമയത്ത് എത്തി കൃത്യം ചെയ്യാന്‍ കഴിയുമെന്ന് ശാസ്ത്രീയമായി തെളിയിക്കുക, പരേതന്‍ കിടന്നുറങ്ങിയ വീട്ടിലെ രാവിലെയുണ്ടായ അസാധാരണ നീക്കങ്ങള്‍ വിശദീകരിക്കുക, അദ്ദേഹത്തിന്റെ ബന്ധുക്കളും അനുയായികളുമടക്കം അടുത്തിടപഴകിയ ആളുകളിലൂടെ ഖാസിയുടെ മാനസിക നിലയെപ്പറ്റി മനഃശാസ്ത്രപരമായ അപഗ്രഥനം നടത്തുക എന്നിവയായിരുന്നു ഉപാധികള്‍. ഇതൊന്നും ശരിയായ അര്‍ഥത്തില്‍ നടന്നിട്ടില്ലെന്നാണു നാട്ടുകാരും ബന്ധുക്കളും ആരോപിക്കുന്നത്.
രണ്ടാം അന്വേഷണത്തിന്റെ അന്തിമഘട്ടത്തില്‍ ഞങ്ങള്‍ രണ്ടുമൂന്നു പേര്‍ പയ്യന്നൂരില്‍ സി.ബി.ഐ ആസ്ഥാനത്തു ചെന്ന് അന്വേഷകസംഘവുമായി ചര്‍ച്ച നടത്തിയിരുന്നു. അന്നു പഴയ റിപ്പോര്‍ട്ടിനെ സാധൂകരിക്കാനുള്ള തത്രപ്പാടു പ്രകടമായിരുന്നു. മൊഴിയെടുക്കലിന്റെ ഭാഗമായി ഞങ്ങളോട് എന്താണ് അഭിപ്രായമെന്നു ചോദിച്ചപ്പോള്‍ അത് ആത്മഹത്യയല്ലെന്നു നൂറു ശതമാനം ഉറപ്പുണ്ടെന്നു വ്യക്തമാക്കിയിരുന്നു.
കൊലപാതകമാണെന്നാണോ കരുതുന്നതെന്ന് അവര്‍ ചോദിച്ചു. 'സ്വാഭാവികമായും' എന്നു ഞങ്ങള്‍ പ്രതികരിച്ചു. ആരെയാണു സംശയിക്കുന്നതെന്നായി അടുത്ത ചോദ്യം. സംശയമുള്ള ചില വശങ്ങള്‍ മുമ്പ് ചൂണ്ടിക്കാട്ടിയിരുന്നുവെന്നും ആ വഴിക്ക് അന്വേഷിക്കണമെന്നാണ് ആവശ്യമെന്നും വിശദീകരിച്ചു. അതൊന്നും മുഖവിലയ്‌ക്കെടുത്തില്ലെന്നാണ് പിന്നീടു മനസ്സിലായത്.
കൊലപാതകം നടത്തിയതു ക്വട്ടേഷന്‍ സംഘമാണെന്ന് അവരുടെ നീക്കങ്ങള്‍ക്കു സാക്ഷ്യം വഹിച്ച ആള്‍ വിളിച്ചുപറയുകയും അയാള്‍ ബന്ധപ്പെട്ട ഹരജിക്കാരന്റെ വക്കീല്‍ മുഖേന കോടതിയില്‍ മൊഴി നല്‍കുകയും ചെയ്തിട്ടും ആ വിഷയം രേഖാമൂലം സി.ബി.ഐയെ അറിയിച്ചിട്ടും അനങ്ങാപ്പാറ നയം സ്വീകരിക്കുന്ന സി.ബി.ഐ നീക്കത്തില്‍ സംശയം തോന്നുക സ്വാഭാവികമാണ്, തുടക്കം മുതലുള്ള അവരുടെ സമീപനം അറിയുന്നവര്‍ക്കു പ്രത്യേകിച്ചും.
ഇപ്പോള്‍ അശ്‌റഫ് എന്ന ഓട്ടോ ഡ്രൈവര്‍ വ്യക്തമാക്കിയ ക്വട്ടേഷന്‍ സംഘവുമായി ബന്ധപ്പെട്ട ചില പരാമര്‍ശങ്ങള്‍ പഴയ സി.ബി.ഐ റിപ്പോര്‍ട്ടിലും ഉണ്ടെന്നതു ശ്രദ്ധേയമാണ്. ആ വഴിക്ക് അന്വേഷണം മുന്നോട്ടു കൊണ്ടുപോകാനുള്ള നല്ലൊരവസരമാണ് അവര്‍ക്കിപ്പോള്‍ കൈവന്നിരിക്കുന്നത്. എന്നിട്ടും എന്തിനാണിങ്ങനെയൊരു ഒളിച്ചുകളി.
ഇനി കൊലപാതകമാണെന്നു തെളിയിക്കാന്‍ തക്ക തെളിവുകള്‍ കണ്ടെത്താന്‍ കഴിയാത്ത കേസുകളെല്ലാം ആത്മഹത്യയാണെന്നു വിധിയെഴുതണമെന്നോ എഴുതാമെന്നോ വല്ല വകുപ്പും നിലവിലുണ്ടോ.
അല്ലെങ്കില്‍ ഈ കേസില്‍ ആത്മഹത്യയാണെന്നു സംശയാതീതമായി സ്ഥാപിക്കാന്‍ കാര്യമായ തെളിവില്ലെന്ന് ഉദ്യോഗസ്ഥര്‍ തന്നെ വ്യക്തമാക്കിയിരിക്കെ അദ്ദേഹത്തിന്റെ മതവിശ്വാസവും പാണ്ഡിത്യവും ശാന്തപ്രകൃതവും പക്വമായ ജീവിതരീതിയും അടങ്ങിയ സാഹചര്യത്തെളിവുകളെല്ലാം അതിനെതിരായിട്ടും മരണം ആത്മഹത്യയാക്കാന്‍ സി.ബി.ഐ എന്തിനു വ്യഗ്രത കാട്ടുന്നു.
പണവും അധികാരവും മറ്റു സ്ഥാപിതതാല്‍പ്പര്യങ്ങളും മിക്ക അന്വേഷണ ഏജന്‍സികളുടെയും അന്വേഷണത്തെയും വിധിയെയും സ്വാധീനിക്കുന്നുവെന്ന കാര്യം പരസ്യമായ രഹസ്യമാണ്. അതു തന്നെയാണോ ഈ കേസിലും സ്വാധീനിക്കുന്നതെന്ന് ആരെങ്കിലും സംശയിച്ചാല്‍ അവരെ എങ്ങനെ കുറ്റപ്പെടുത്തും.
ഏതായാലും കാസര്‍കോട് പ്രദേശത്തെ വിവിധ സംഘടനകളും സി.എം ഉസ്താദിനെ സ്‌നേഹിക്കുന്ന പരശ്ശതം ജനങ്ങളും കടുത്ത ആശങ്കയിലാണ്. പലരും ഇപ്പോഴും സമരമുഖത്താണ്. വിഷയത്തിന്റെ ഗൗരവം ഉള്‍ക്കൊണ്ട സമസ്ത നേരിട്ട് പിന്തുണച്ചു കൊണ്ട് സി.ബി.ഐ നിലപാടിനെതിരേ ഹൈക്കോടതിയില്‍ വീണ്ടും കേസ് ഫയല്‍ ചെയ്തിരിക്കയാണ്.
സത്യാവസ്ഥ അറിയാനുള്ള ജനങ്ങളുടെ ന്യായമായ അവകാശമാണു ചില ഇടപെടല്‍ കാരണം തടയപ്പെട്ടിരിക്കുന്നത്. സാത്വികനും സര്‍വാദരണീയനുമായ പണ്ഡിതനെതിരേയാണ് അവിശ്വസനീയമായ ആരോപണം, അതും മരണത്തെച്ചൊല്ലി ഉയര്‍ന്നിരിക്കുന്നത്. അതു വ്യക്തിപരമായി അദ്ദേഹത്തെയും അദ്ദേഹം പ്രതിനിധാനം ചെയ്ത സമുദായത്തെയും അവഹേളിക്കുന്നതിനു തുല്യമാണ്. അതിനാല്‍ ബന്ധപ്പെട്ടവര്‍ കാര്യത്തിന്റെ ഗൗരവം ഉള്‍ക്കൊണ്ടു സത്വര നടപടി കൈക്കൊള്ളുമെന്ന് ആശിക്കാം.
ഏറ്റവുമൊടുവില്‍ കിട്ടിയ വിവരമനുസരിച്ചു ഹൈക്കോടതി സി.ബി.ഐയോടു പുതിയ വെളിപ്പെടുത്തലിന്റെ പശ്ചാത്തലത്തില്‍ നല്‍കിയ ഹരജിയെ അനുഭാവപൂര്‍വം പരിഗണിച്ചു പുനരന്വേഷണം സംബന്ധിച്ച് ഉചിതമായ തീരുമാനമെടുക്കാന്‍ ആവശ്യപ്പെട്ടിരിക്കയാണ്. രണ്ടു മാസത്തിനകം തീരുമാനമുണ്ടാകണമെന്നു നിര്‍ദേശിച്ചതായാണു വാര്‍ത്ത.
സി.ബി.ഐയുടെ നിഷ്പക്ഷതയും വിശ്വാസ്യതയും ഉയര്‍ത്തിപ്പിടിക്കുന്ന, നീതിക്കുവേണ്ടി കണ്ണിലെണ്ണയൊഴിച്ചു കാത്തിരിക്കുന്നവര്‍ക്ക് ആശ്വാസം നല്‍കുന്ന നല്ലൊരു തീരുമാനവും നടപടികളും അവരുടെ ഭാഗത്തുനിന്നു വൈകാതെ ഉണ്ടാകുമെന്നു തന്നെ പ്രതീക്ഷിക്കാം.
(ജനകീയ ആക്ഷന്‍ കമ്മിറ്റി വൈസ് ചെയര്‍മാനാണ് ലേഖകന്‍)
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."