ട്യൂബ് ലൈറ്റ് മാലിന്യം കുമിഞ്ഞുകൂടുന്നു
പാലക്കാട്: നഗരസഭ കോംപൗണ്ടില്‍ ഉപയോഗശൂന്യമായ ട്യൂബ് ലൈറ്റുകള്‍ നീക്കം ചെയ്യാതെ കുമിഞ്ഞു കൂടിക്കിടക്കുന്നു. 2012 മുതല്‍ നഗരത്തിലെ വിവിധ പ്രദേശങ്ങളിലെ ഇലക്ട്രിക് പോസ്റ്റുകളിലെ ഉപയോഗ ശൂന്യമായ ഒരു ലോഡോളം ലൈറ്റുകളാണ് ഇത്തരത്തില്‍ കൂട്ടിയിട്ടിരിക്കുന്നത്.
നഗരസഭയുടെ പിന്‍ഭാഗത്തായി സൂക്ഷിച്ചിട്ടുള്ള ഇവ പുനഃരുപയോഗ യോഗ്യമാക്കുവാന്‍ രണ്ട് വര്‍ഷം മുന്‍പ് നഗരസഭയുടെ നേതൃത്വത്തില്‍ പദ്ധതിയിട്ടിരുന്നു. കഴിഞ്ഞ ഭരണ സമിതിയുടെ കാലത്ത് ഇതിനായി ടെന്ഢഡര് നടപടികളും ആരംഭിച്ചിരുന്നു. പക്ഷേ ടെന്‍ണ്ടര്‍ എടുക്കാന്‍ ആരും തയ്യാറാകാത്തതിനെ തുടര്‍ന്ന് അത് പാതിവഴിയില്‍ ഉപേക്ഷിക്കുകയായിരുന്നു.
വര്‍ഷങ്ങള്‍ കഴിഞ്ഞപ്പോള്‍ ട്യൂബ് ലൈറ്റുകള്‍ മഴയും വെയിലുംകൊണ്ട് പുനഃരുപയോഗ യോഗ്യമാക്കാന്‍ പറ്റാത്ത അവസ്ഥയിലായിട്ടുണ്ട്. നഗരസഭയിലെ ഭരണ പ്രതിപക്ഷ കൗണ്‍സിലര്‍മാരുടെ നിരന്തര ആവശ്യത്തെ തുടര്‍ന്ന് ക്ലീന്‍ കേരളയുടെ ഭാഗമായി ഇവ നീക്കം ചെയ്യുമെന്ന് പറഞ്ഞിരുന്നതാണ്. എന്നാല്‍ ആ വാക്കും നടപ്പിലായില്ല.
നഗരസഭാ പരിസരത്ത് കൂട്ടിയിട്ടിരിക്കുന്ന ട്യൂബ് ലൈറ്റുകള്‍ ഉടന്‍ നീക്കംചെയ്യുമെന്നും അതിനായി ടെണ്ടര്‍ വിളിച്ചതായും നഗരസഭാ അധ്യക്ഷ പ്രമീള ശശിധരന് പറഞ്ഞു.
നഗരസഭയിലേക്ക് ആളുകള്‍ വരുന്ന വഴിയരികില്‍ കൂട്ടിയിട്ട ട്യൂബ് ലൈറ്റുകളില്‍ ചിലത് പൊട്ടിച്ചിതറി കിടക്കുന്നുണ്ട്. ഇത് ഇതുവഴി സഞ്ചരിക്കുന്ന കാല്‍നടയാത്രക്കാരായ ഉദ്യോഗസ്ഥര്‍ക്കും വിവിധ ആവശ്യങ്ങള്‍ക്കായി നഗരസഭയിലെത്തുന്ന സാധാരണക്കാര്‍ക്കും വലിയ ബുദ്ധിമുട്ടുകള്‍ സൃഷ്ടിക്കുന്നുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."