ഗുജറാത്ത്: രണ്ടാം ഘട്ട തെരഞ്ഞെടുപ്പ് പ്രചാരണം അവസാനിച്ചു
അഹമ്മദാബാദ്: ഗുജറാത്ത് രണ്ടാം ഘട്ട തെരഞ്ഞെടുപ്പ് പ്രചാരണം ഇന്നലെ അവസാനിച്ചു. ഭരണം നിലനിര്‍ത്താന്‍ ബി.ജെ.പിയും പിടിച്ചെടുക്കാന്‍ കോണ്‍ഗ്രസും നടത്തുന്ന ഹൈടെന്‍ഷന്‍ പ്രചാരണത്തിനാണ് ഇന്നലെ അവസാനമായത്. 14നാണ് രണ്ടാം ഘട്ട വോട്ടെടുപ്പ്. രണ്ട് ഘട്ടത്തിലായി നടക്കുന്ന തെരഞ്ഞെടുപ്പിന്റെ ഒന്നാം ഘട്ടം കഴിഞ്ഞ ഒന്‍പതിനാണ് നടന്നത്.
തെരഞ്ഞെടുപ്പ് പ്രചാരണത്തിന് സമാപനം കുറിച്ചുകൊണ്ട് നിയുക്ത കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുലും പ്രധാനമന്ത്രി നരേന്ദ്ര മോദിയും നടത്താനിരുന്ന റോഡ് ഷോ സുരക്ഷാ കാരണങ്ങള്‍ മുന്‍നിര്‍ത്തി അഹമ്മദാബാദ് പൊലിസ് വിലക്കിയിരുന്നു. ഇതേ തുടര്‍ന്ന് ഇന്നലെ സമബര്‍മതി നദിയിലൂടെ ജലവിമാനത്തില്‍ പറന്ന മോദി വിവിധ സ്ഥലങ്ങളില്‍ പ്രചാരണം നടത്തി. ജലവിമാനത്തില്‍ യാത്ര ചെയ്ത് ആദ്യം മോദി എത്തിയത് അംബാജി ക്ഷേത്രത്തിലായിരുന്നു.
രാഹുലാകട്ടെ അഹമ്മദാബാദില്‍ വാര്‍ത്താ സമ്മേളനം വിളിച്ചാണ് സമാപന പരിപാടി നടത്തിയത്. പാകിസ്താന്‍ സഹായത്തോടെ ഗുജറാത്ത് തെരഞ്ഞെടുപ്പ് അട്ടിമറിക്കാന്‍ മുന്‍പ്രധാനമന്ത്രി മന്‍മോഹന്‍ സിങ് പ്രവര്‍ത്തിച്ചുവെന്ന പ്രധാനമന്ത്രി മോദിയുടെ വാദം നിരുത്തരവാദപരമായതാണെന്ന് രാഹുല്‍ ആവര്‍ത്തിച്ചു. പട്ടീദാര്‍ അനാമത് ആന്ദോളന്‍ നേതാവ് ഹാര്‍ദിക് പട്ടേല്‍ തന്റെ ശക്തിപ്രകടിപ്പിക്കാനായി വഡോദരയില്‍ റോഡ് ഷോ നടത്തി.
182 സീറ്റുകളിലേക്കുള്ള തെരഞ്ഞെടുപ്പില്‍ ഒന്നാം ഘട്ടത്തില്‍ 89 എണ്ണത്തിലേക്കാണ് മത്സരം നടന്നത്. ശേഷിക്കുന്ന 93 സീറ്റുകളിലേക്കാണ് 14ന് തെരഞ്ഞെടുപ്പ് നടക്കുന്നത്. രണ്ടാംഘട്ടത്തില്‍ ജനവിധി തേടുന്നത് 851 സ്ഥാനാര്‍ഥികളാണ്. 2.22 കോടി ജനങ്ങളാണ് നിര്‍ണായകവും അത്യന്തം ഉദ്വേഗം നിലനില്‍ക്കുന്നതുമായ തെരഞ്ഞെടുപ്പില്‍ വോട്ടുചെയ്യുക. ഈ മാസം 18നാണ് ഫലപ്രഖ്യാപനം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."