പാറ്റൂര്‍ ഭൂമിക്കേസ്: ജേക്കബ് തോമസ് നേരിട്ട് വിശദീകരണം നല്‍കണം
കൊച്ചി: വിവാദമായ പാറ്റൂര്‍ ഭൂമിയിടപാട് കേസില്‍ മുന്‍ വിജിലന്‍സ് ഡയറക്ടര്‍ ജേക്കബ് തോമസ് ഈമാസം 18ന് നേരിട്ട് ഹാജരായി വിശദീകരണം നല്‍കണമെന്ന് ഹൈക്കോടതി നിര്‍ദേശം.
കേസ് റദ്ദാക്കാന്‍ മുന്‍ ചീഫ് സെക്രട്ടറി ഇ.കെ ഭരത് ഭൂഷണ് നല്കിയ ഹരജിയിലാണ് ഹൈക്കോടതി നിര്‍ദേശം. ജേക്കബ് തോമസ് സമര്‍പ്പിച്ച അന്വേഷണ റിപ്പോര്‍ട്ടുമായി ബന്ധപ്പെട്ട് വ്യക്തത വരുത്താനാണ് വിളിച്ചുവരുത്തുന്നത്. പാറ്റൂരില്‍ വാട്ടര്‍ അതോറിറ്റിയുടെ സ്വീവേജ് പൈപ്പ്ലൈന് മാറ്റിസ്ഥാപിച്ച് സ്വകാര്യ ബില്‍ഡര്‍ക്ക് 12.75 സെന്റ് ഭൂമി ലഭ്യമാക്കിയെന്നാണ് വിജിലന്‍സ് കേസ്. കേസില്‍ ആരോപണവിധേയമായ ഭൂമിയുടെ സെറ്റില്‍മെന്റ് രജിസ്റ്ററില്‍ ക്രമക്കേടുണ്ടെന്ന് വിജിലന്‍സ് ഡയറക്ടറായിരിക്കെ ജേക്കബ് തോമസ് ലോകായുക്തയില്‍ റിപ്പോര്‍ട്ട് നല്‍കിയിരുന്നു. ഇത് നേരത്തെ കേസിലെ പരാതിക്കാരനായ വി.എസ് അച്യുതാനന്ദന്റെ അഭിഭാഷകന് കോടതിയില്‍ ബോധിപ്പിച്ചിരുന്നു. തുടര്‍ന്ന് സെറ്റില്‍മെന്റ് രജിസ്റ്റര്‍ ഹൈക്കോടതി പരിശോധിച്ചെങ്കിലും ക്രമക്കേട് കണ്ടെത്തിയില്ല. രജിസ്റ്ററില്‍ ക്രമക്കേടുണ്ടെന്ന് എന്തടിസ്ഥാനത്തിലാണ് റിപ്പോര്‍ട്ട് നല്‍കിയതെന്ന കോടതിയുടെ ചോദ്യത്തിന് സര്‍ക്കാര്‍ അഭിഭാഷകനും മറുപടിയുണ്ടായിരുന്നില്ല.
ഈ സാഹചര്യത്തിലാണ് റിപ്പോര്‍ട്ട് നല്കിയ ജേക്കബ് തോമസ് ഹാജരായി വിശദീകരണം നല്കാന് ഹൈക്കോടതി നിര്‍ദേശിച്ചത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."