സംസ്ഥാന കേരളോത്സവം കായികമേളയ്ക്ക് തുടക്കമായി
തിരുവനന്തപുരം: ഗ്രാമീണമേഖലയിലെ കായികതാരങ്ങളെ കേരളത്തിന്റെ ഭാവി കായികരംഗത്ത് പ്രയോജനപ്പെടുത്തുന്ന രീതിയിലുള്ള ഇടപെടലുണ്ടാകുമെന്ന് മന്ത്രി എ.സി മൊയ്തീന്‍. സംസ്ഥാന കേരളോത്സവം കായികമേള യൂനിവേഴ്‌സിറ്റി സ്റ്റേഡിയത്തില്‍ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു മന്ത്രി. എല്ലാ പഞ്ചായത്തുകളിലും കളിസ്ഥലങ്ങള്‍ ഒരുക്കുന്ന നടപടികള്‍ പുരോഗമിക്കുകയാണ്. ഗ്രാമങ്ങളില്‍ ചിതറിക്കിടക്കുന്ന സ്‌പോര്‍ട്‌സ് ക്ലബുകളെ ഏകോപിപ്പിക്കുന്നതിന് സ്‌പോര്‍ട്‌സ് കൗണ്‍സിലുകളുടെ ഇടപെടലുകള്‍ ഉണ്ടാകും.
14 ജില്ലകളിലെയും ടീമുകളുടെ മാര്‍ച്ച്പാസ്റ്റോടെയാണ് കായികമേള ആരംഭിച്ചത്. കായികമന്ത്രി അഭിവാദ്യം സ്വീകരിച്ചു. മാര്‍ച്ച്പാസ്റ്റില്‍ മികച്ച പ്രകടനം നടത്തിയ ടീമുകള്‍ക്ക് മന്ത്രി സമ്മാനം നല്‍കി. തിരുവനന്തപുരം, മലപ്പുറം, കണ്ണൂര്‍ ജില്ലകള്‍ ആദ്യ മൂന്ന് സ്ഥാനങ്ങള്‍ നേടി. യുവജനക്ഷേമ ബോര്‍ഡ് വൈസ് ചെയര്‍മാന്‍ പി. ബിജു അധ്യക്ഷനായി. യുവജനകാര്യ വകുപ്പ് സെക്രട്ടറി പതാകയുയര്‍ത്തി. ബോര്‍ഡ് അംഗങ്ങളായ ഷെരീഫ് പാലോളി, അഫ്‌സല്‍ കുഞ്ഞുമോന്‍, സന്തോഷ് കാല തുടങ്ങിയവര്‍ സംബന്ധിച്ചു. സ്‌പോര്‍ട്‌സ് കൗണ്‍സില്‍ ജില്ലാ പ്രസിഡന്റ് ഡി. മോഹന്‍ സ്വാഗതവും യുവജനക്ഷേമ ബോര്‍ഡ് മെമ്പര്‍ സെക്രട്ടറി ആര്‍.എസ് കണ്ണന്‍ നന്ദിയും പറഞ്ഞു.
മൂന്നു ദിവസങ്ങളിലായി 12 ഇനങ്ങളില്‍ നഗരത്തിലെ വിവിധ സ്‌റ്റേഡിയങ്ങളിലാണ് മത്സരം. അത്‌ലറ്റിക്‌സ് മത്സരങ്ങള്‍, ആര്‍ച്ചറി, കബഡി, വടംവലി എന്നിവ യൂനിവേഴ്‌സിറ്റി സ്‌റ്റേഡിയത്തിലും ഫുട്‌ബോള്‍, വോളിബോള്‍, ബാസ്‌ക്കറ്റ് ബോള്‍ എന്നിവ ചന്ദ്രശേഖരന്‍നായര്‍ സ്‌റ്റേഡിയത്തിലും ചെസ് വൈ.എം.സി.എ ഹാളിലും ആം റസ്‌ലിങും കളരിപ്പയറ്റും സെന്‍ട്രല്‍ സ്‌റ്റേഡിയം ബാസ്‌ക്കറ്റ് ബോള്‍ കോര്‍ട്ടിലും നടക്കും. കായികമേള 15ന് സമാപിക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."