ജിഷ വധക്കേസ്: വിധി ഇന്ന്
കൊച്ചി: പെരുമ്പാവൂര്‍ ജിഷ വധക്കേസിലെ ഏക പ്രതി അസം നാഗോണ്‍ സോലാപത്തൂര്‍ സ്വദേശി അമീറി(23)ന്റെ ശിക്ഷാവിധി എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി ഇന്ന് പ്രഖ്യാപിക്കും. പ്രതിക്ക് നല്‍കേണ്ട ശിക്ഷ സംബന്ധിച്ച് പ്രോസിക്യൂഷന്‍ വാദവും പ്രതിഭാഗം വാദവും പൂര്‍ത്തിയായതിനെ തുടര്‍ന്ന് സെഷന്‍സ് ജഡ്ജി എന്‍.അനില്‍കുമാറാണ് വിധി പറയാന്‍ ഇന്നത്തേക്ക് മാറ്റിയത്. ചൊവ്വാഴ്ചയാണ് പ്രതി അമീര്‍ കുറ്റക്കാരനാണെന്ന് കോടതി കണ്ടെത്തിയത്. ഇന്നലെ കോടതി ആരംഭിച്ചയുടന്‍ കേസില്‍ പുനരന്വേഷണം ആവശ്യപ്പെട്ട് പ്രതിഭാഗം ഹരജി സമര്‍പ്പിച്ചെങ്കിലും പ്രതിക്ക് നല്‍കേണ്ട ശിക്ഷയെപ്പറ്റിയാണ് വാദം നടക്കുന്നതെന്ന് വ്യക്തമാക്കി കോടതി തള്ളുകയായിരുന്നു.
തുടര്‍ന്ന് കുറ്റം ചെയ്‌തെന്ന് കോടതി കണ്ടെത്തിയതിനാല്‍ എന്തെങ്കിലും പറയാനുണ്ടോ എന്ന് കോടതി ദ്വിഭാഷിയുടെ സഹായത്തോടെ പ്രതിയോട് ചോദിച്ചു. കുറ്റം ചെയ്തിട്ടില്ലെന്നും തനിക്ക് മരിച്ചയാളെ അറിയില്ലെന്നു പ്രതി മറുപടി നല്‍കി. എത്രവയസായി എന്ന ചോദ്യത്തിന് 23 എന്ന് മറുപടി നല്‍കി. മാതാപിതാക്കളുണ്ടെന്നും മാതാവിന്റെ വയസ് അറിയില്ലെന്നും പിതാവിന് 74 വയസുണ്ടെന്നും കോടതിയുടെ ചോദ്യത്തിന് മറുപടി നല്‍കി. ഭാര്യയും മക്കളുമുണ്ടോ എന്ന ചോദ്യത്തിന് ഒരു കുട്ടിയുണ്ടെന്നായിരുന്നു മറുപടി. എന്താണ് ജോലി എന്ന ചോദ്യത്തിന് മേസന്‍ ആണെന്നും മറുപടി നല്‍കി. ചോദ്യങ്ങള്‍ അവസാനിച്ചപ്പോള്‍ തനിക്ക് മാതാപിതാക്കളെ കാണണമെന്നും അമീര്‍ കോടതിയോട് ആവശ്യപ്പെട്ടു. തുടര്‍ന്നാണ് ശിക്ഷ നല്‍കുന്നത് സംബന്ധിച്ച് വാദം ആരംഭിച്ചത്. പ്രതി പൈശാചികമായ കൊലപാതകമാണ് നടത്തിയതെന്നും സഹതാപം അര്‍ഹിക്കുന്നില്ലെന്നും നിര്‍ഭയ കേസിന് സമാനമാണെന്നും വധശിക്ഷ നല്‍കണമെന്നും പ്രോസിക്യൂഷന്‍ ആവശ്യപ്പെട്ടു. പ്രതിക്ക് ചെയ്ത തെറ്റിനെപ്പറ്റി പശ്ചാത്താപമില്ലെന്നും ഇത്തരം പ്രതികള്‍ രക്ഷപ്പെട്ടാല്‍ സമൂഹത്തിന് ഭീഷണിയാണെന്നും പ്രോസിക്യൂഷന്‍ അഭിഭാഷകന്‍ എന്‍.കെ ഉണ്ണികൃഷ്ണന്‍ വാദിച്ചു. ഇതരസംസ്ഥാനതൊഴിലാളികളുടെ കണക്ക് തയാറാക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ അടിയന്തരമായി നടപടി സ്വീകരിക്കണമെന്നും പ്രോസിക്യൂഷന്‍ ആവശ്യപ്പെട്ടു. എന്നാല്‍, നിരപരാധിയെയാണ് ശിക്ഷിക്കാന്‍ പോകുന്നതെന്നും സര്‍ക്കാരിന്റെ ആവശ്യപ്രകാരം അന്വേഷണസംഘം ഒരു പ്രതിയെ സൃഷ്ടിക്കുകയായിരുന്നെന്നും പ്രതിഭാഗം വാദിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."