കല്‍ക്കരി അഴിമതി കേസ്: മധുകോഡയ്ക്ക് 3 വര്‍ഷം തടവും 25 ലക്ഷം രൂപ പിഴയും
ന്യൂഡല്‍ഹി: കല്‍ക്കരി അഴിമതിക്കേസില്‍ ജാര്‍ഖണ്ഡ് മുന്‍മുഖ്യമന്ത്രി മധുകോഡയ്ക്ക് മൂന്നു വര്‍ഷം തടവും 25 ലക്ഷം രൂപ പിഴയും ശിക്ഷ വിധിച്ചു. ഡല്‍ഹി പ്രത്യേക സി.ബി.ഐ കോടതിയുടേതാണ് വിധി. മധുകോഡയും കല്‍ക്കരിമന്ത്രാലയം മുന്‍ സെക്രട്ടറി എച്ച്.സി ഗുപ്തയും കുറ്റക്കാരാണെന്ന് കോടതി ഇന്നലെ കണ്ടെത്തിയിരുന്നു. ഇരുവരും ക്രിമിനല്‍ ഗൂഢാലോചന നടത്തിയെന്ന് കോടതി കണ്ടെത്തി. ഗുപ്ത 1 ലക്ഷം രൂപ പിഴയടക്കണം.
കേസില്‍ പ്രതിചേര്‍ക്കപ്പെട്ട ജാര്‍ഖണ്ഡ് മുന്‍ ചീഫ് സെക്രട്ടറി അശോക്കുമാര്‍ ബസു, ആരോപണവിധേയമായ കൊല്‍ക്കത്ത ആസ്ഥാനമായുള്ള വിനി അയണ്‍ ആന്‍ഡ് സ്റ്റീല്‍ ഉദ്യോഗ്‌ലിമിറ്റഡ്(വിസുല്‍) ഡയറക്ടര്‍ വിഭവ് തുല്‍സ്യാന്‍, സര്‍ക്കാര്‍ ഉദ്യോഗസ്ഥരായ ബസന്ത്കുമാര്‍ ഭട്ടാചാര്യ, ബിപിന്‍ ബിഹാരിസിങ് എന്നിവരെ കോടതി വെറുതെവിട്ടിരുന്നു.
രാജ്ഹറ കല്‍ക്കരിപ്പാടം വിസുല്‍ കമ്പനിക്ക് അനുവദിച്ചതില്‍ ക്രമക്കേടുണ്ടെന്ന റിപ്പോര്‍ട്ടാണ് കേസിന് ആധാരം. കല്‍ക്കരിപ്പാടം അഴിമതിയുമായി ബന്ധപ്പെട്ട മറ്റൊരു കേസിലും ഗുപ്ത പ്രതിയാണ്.
കേന്ദ്രത്തില്‍ യു.പി.എ അധികാരത്തിലിരിക്കെ 200409 കാലയളവിലായിരുന്നു രാജ്ഹര നോര്‍ത്ത് കല്‍ക്കരിപ്പാടത്തിന് ഖനനാനുമതി ലഭിച്ചത്. സുതാര്യതയില്ലാതെ നടന്ന കല്‍ക്കരിപ്പാടം ലേലത്തില്‍ ഖജനാവിന് 1.86 ലക്ഷം കോടി രൂപയുടെ നഷ്ടം സംഭവിച്ചതായാണ് കംപ്‌ട്രോളര്‍ ആന്‍ഡ് ഓഡിറ്റര്‍ ജനറലിന്റെ(സി.എ.ജി) കണ്ടെത്തല്‍. കേസില്‍ മുന്‍പ്രധാനമന്ത്രി മന്‍മോഹന്‍ സിങ്ങും ആരോപണവിധേയനായിരുന്നു. കേസുമായി ബന്ധപ്പെട്ട് 2015ല്‍ മന്‍മോഹന്‍ സിങ്ങില്‍ നിന്ന് സി.ബി.ഐ മൊഴിയെടുത്തിരുന്നു. കല്‍ക്കരിപ്പാടം ഇടപാടുകളില്‍ ക്രമക്കേട് ബോധ്യപ്പെട്ടതിനെ തുടര്‍ന്ന് 1993 മുതല്‍ അനുവദിച്ച മുന്നൂറോളം ലൈസന്‍സുകള്‍ സുപ്രിംകോടതി 2014ല്‍ റദ്ദാക്കി. വിവാദത്തില്‍പ്പെട്ട വിസുല്‍ കമ്പനിക്ക് അനുകൂലമായി നടപടിക്രമങ്ങള്‍ ലംഘിച്ച് അനുമതിനേടിയെടുത്തെന്നും ഇതിനായി എച്ച്.സി ഗുപ്തയും മധുകോഡയും ഗൂഢാലോന നടത്തിയെന്നുമാണ് സി.ബി.ഐയുടെ ആരോപണം.
ഖനനാനുമതി നല്‍കാന്‍ ചുമതലയുള്ള സ്‌ക്രീനിങ് കമ്മിറ്റി അധ്യക്ഷന്‍കൂടിയായ കല്‍ക്കരിമന്ത്രാലയ സെക്രട്ടറി എച്ച്.സി ഗുപ്ത ഇതുസംബന്ധിച്ച വിവരങ്ങള്‍ അന്ന് പ്രധാനമന്ത്രിയായിരുന്ന ഡോ. മന്‍മോഹന്‍ സിങ്ങില്‍നിന്ന് മറച്ചുവച്ചെന്നും സി.ബി.ഐ കണ്ടെത്തി. വിസുല്‍ കമ്പനിക്ക് കല്‍ക്കരിപ്പാടം അനുവദിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ ആദ്യം ശുപാര്‍ശ ചെയ്തിരുന്നില്ല. സംസ്ഥാന സര്‍ക്കാര്‍ ശുപാര്‍ശ നല്‍കിയിട്ടില്ല എന്ന കാര്യം മറച്ചുവച്ച് എച്ച്.സി ഗുപ്ത ഈ കമ്പനിക്ക് ഖനനാനുമതി നല്‍കാന്‍ കൂട്ടുനിന്നുവെന്നാണ് സി.ബി.ഐയുടെ കണ്ടെത്തല്‍.
ബി.ജെ.പി ടിക്കറ്റ് നിഷേധിച്ചതിനെത്തുടര്‍ന്ന് സ്വതന്ത്രനായി മല്‍സരിച്ച കോഡ വിജയിക്കുകയും സ്വതന്ത്ര എം.എല്‍.എയായി മുഖ്യമന്ത്രിപദത്തിലെത്തുകയുമായിരുന്നു. 2006 മുതല്‍ 2008 വരെയാണ് കോഡ മുഖ്യമന്ത്രിപദവിയിലിരുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."