സ്വര്‍ണക്കടകളിലെ സ്വദേശിവത്കരണത്തില്‍ വിട്ടുവീഴ്ചയില്ലെന്ന് തൊഴില്‍ മന്ത്രാലയം
ജിദ്ദ: സഊദിയിലെ സ്വര്‍ണക്കടകളിലെ സ്വദേശിവത്കരണത്തില്‍ വിട്ടുവീഴ്ചയില്ലെന്ന് തൊഴില്‍ മന്ത്രാലയ വക്താവ് ഖാലിദ് അബല്‍ഖൈല്‍ പറഞ്ഞു. രാജ്യത്തെ 13 മേഖലകളിലും ഒരേ സമയം നടപ്പാക്കുന്ന സ്വദേശിവത്കരണത്തില്‍ പല മേഖലയും ഇതിനകം 100 ശതമാനം പൂര്‍ത്തീകരിച്ചു.
സ്വദേശിവത്കരണം പൂര്‍ത്തിയാകാത്ത മേഖലയിലും സ്വദേശികളുടെ അനുപാതം വളരെ കൂടിയ നിലവാരത്തിലാണെന്നും വക്താവ് പറഞ്ഞു. തൊഴില്‍ മന്ത്രാലയത്തിന് കീഴിലെ പരിശോധകര്‍ നിത്യേന സ്വര്‍ണക്കടകളും ഷോപ്പിങ് മാളുകളും കേന്ദ്രീകരിച്ചുള്ള പരിശോധന തുടരുകയാണ്.
നിതാഖാത്തിന്റെ ഭാഗമായി നടപ്പാക്കുന്ന സ്വദേശിവത്കരണ നിയമത്തില്‍ നിന്ന് പിറകോട്ട് പോകുന്ന പ്രശ്‌നമില്ലെന്നും തൊഴില്‍ മന്ത്രാലയ വക്താവ് കൂട്ടിച്ചേര്‍ത്തു. മൊബൈല്‍ കടകള്‍, ഷോപ്പിങ് മാളുകള്‍, സ്വര്‍ണക്കടകള്‍ എന്നിവയിലെ ജോലി 100 ശതമാനം സ്വദേശികള്‍ക്ക് സംവരണം ഏര്‍പ്പെടുത്തിയതാണ്.
സ്വദേശിവത്കരണം പുതിയ തൊഴില്‍ മേഖലയിലേക്ക് വ്യാപിക്കാനുള്ള നീക്കത്തിലാണ് മന്ത്രാലയം. സ്വദേശി യുവതികള്‍ക്ക് കൂടുതല്‍ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കാനും ഇതിലൂടെ സാധിക്കുമെന്നാണ് പ്രതീക്ഷയെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."