ഇന്ത്യന്‍ ഹാജിമാര്‍ക്ക് സിം കാര്‍ഡ് താമസകേന്ദ്രങ്ങളില്‍ വച്ച് നല്‍കുമെന്ന് ഹജ്ജ് മിഷന്‍
ജിദ്ദ: സുരക്ഷാ കാരണങ്ങളാല്‍ ഈ വര്‍ഷത്തെ ഇന്ത്യന്‍ ഹജ്ജ് തീര്‍ത്ഥാടകര്‍ക്കുള്ള സിം കാര്‍ഡുകള്‍ വിതരണം ചെയ്യാന്‍ കഴിയാത്ത സാഹചര്യത്തില്‍ എസ്.ടി.സിയുടെ സഹകരണത്തോടെ താമസകേന്ദ്രങ്ങളില്‍ സിം കാര്‍ഡ് ലഭ്യമാക്കാന്‍ നടപടി സ്വീകരിച്ചതായി ഇന്ത്യന്‍ ഹജ് മിഷന്‍ ഓഫിസ് അറിയിച്ചു. ഇതിനായി ബ്രാഞ്ചുകള്‍ കേന്ദ്രീകരിച്ച് കിയോസ്‌കുകള്‍ തുറക്കാന്‍ എസ്.ടി.സിയുമായി ധാരണയായതായും കോണ്‍സല്‍ ജനറല്‍ നൂര്‍ മുഹമ്മദ് ശൈഖ്, ഹജ്ജ് കോണ്‍സല്‍ മുഹമ്മദ് ഷാഹിദ് ആലം എന്നിവര്‍ മക്കയിലെ ഹജ്ജ് മിഷന്‍ ഓഫിസില്‍ നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.
ഹാജിമാരുടെ എന്‍ട്രി നമ്പറും വിരലടയാളവും രേഖപ്പെടുത്തിയായിരിക്കും സിം കാര്‍ഡുകള്‍ നല്‍കുക. സിം കാര്‍ഡുകള്‍ ആവശ്യമായവര്‍ക്ക് അതു ലഭ്യമാക്കാന്‍ ഹജ്ജ് മിഷന്‍ ഉദ്യോഗസ്ഥരുടെ സഹായവും ലഭ്യമാക്കുമെന്ന് അവര്‍ പറഞ്ഞു. തീര്‍ത്ഥാടകര്‍ക്ക് സുഗമമായി ഹജ്ജ് കര്‍മങ്ങള്‍ നിര്‍വഹിക്കാന്‍ ആവശ്യമായ എല്ലാ ഒരുക്കങ്ങളും മക്കയില്‍ പൂര്‍ത്തിയായി. ആധുനിക സാങ്കേതിക വിദ്യകളുടെ സഹായത്തോടെ ഹാജിമാര്‍ക്കുള്ള സേവനം പരമാവധി മികവുറ്റതാക്കാന്‍ എല്ലാ സംവിധാനങ്ങളും ഒരുക്കിയിട്ടുണ്ട്. ആരോഗ്യ പരിപാലനത്തിനായി മക്കയില്‍ 40 കിടക്കകള്‍ വീതമുള്ള രണ്ട് ആശുപത്രികള്‍ സജ്ജമാണ്. ഇത് കൂടാതെ 13 ഡിസ്‌പെന്‍സറികളും മക്കയില്‍ ഒരുക്കിയിട്ടുണ്ട്. മദീനയില്‍ മൂന്ന് ഡിസ്‌പെന്‍സറികളാണ് ഇന്ത്യന്‍ ഹാജിമാര്‍ക്കായി സജ്ജീകരിച്ചത്. മക്ക അസീസിയയിലും ഗ്രീന്‍ കാറ്റഗറിയിലുമായി താമസ സൗകര്യങ്ങള്‍ സജ്ജമായിക്കഴിഞ്ഞു. 1,36,020 ഹാജിമാരാണ് ഇന്ത്യന്‍ ഹജ്ജ് മിഷന്റെ നേതൃത്വത്തില്‍ വരുന്നത്. 29,806 ഹാജിമാര്‍ ഇതിനകം പുണ്യനഗരിയില്‍ എത്തിക്കഴിഞ്ഞു. മദീനയില്‍ നിന്ന് 2,363 ഹാജിമാര്‍ ശനിയാഴ്ചയോടെ മക്കയിലത്തെി. 108 വിമാനങ്ങളാണ് ഇതിനകം ഹാജിമാരെ കൊണ്ടുവന്നത്. 353 വിമാനങ്ങളാണ് മൊത്തം ഉപയോഗിക്കുന്നത്. ഡോക്ടര്‍മാരടക്കം 495 ഉദ്യോഗസ്ഥ സംഘത്തെ മക്കയില്‍ വിന്യസിച്ചിട്ടുണ്ട്. 64,500 ഹാജിമാര്‍ക്ക് അസീസിയയിലും ബാക്കിയുള്ളവര്‍ക്ക് ഗ്രീന്‍ കാറ്റഗറിയിലുമാണ് താമസം. വാര്‍ത്താസമ്മേളനത്തില്‍ കോ-ഓഡിനേറ്റര്‍മാരായ കേണല്‍ മാജിദ് ഖാന്‍, ഫൈസല്‍, അബ്ബാസ് കുപ്പള, അബ്്ദുസ്സലാം തുടങ്ങിയവര്‍ പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."