പൈനാടന് വയല്‍ നികത്തി റോഡ് നിര്‍മാണം: നാട്ടുകാര്‍ പരാതിയുമായി രംഗത്ത്
കാഞ്ഞങ്ങാട്: നഗരസഭയില്‍ വയല്‍ നികത്തി റോഡ് നിര്‍മാണമെന്ന പരാതിയുമായി നാട്ടുകാര്‍ രംഗത്തെത്തി. 35ാം വാര്‍ഡിലെ പട്ടാക്കാല്‍ ഞാണിക്കടവ് റോഡിന് പടിഞ്ഞാറ് പുഞ്ചാവി നോര്‍ത്തില്‍ നിന്നു പഴയകടപ്പുറം റോഡിലേക്ക് പൈനാടന് വയലിലാണ് റോഡ് നിര്‍മിക്കുന്നത്. വര്‍ഷങ്ങളായി പൈനാടന് നെല്‍കൃഷി ചെയ്യുന്ന വയലില്‍ അഞ്ഞൂറു മീറ്റര്‍ ദൂരത്തിലാണു റോഡ് നിര്‍മിക്കുന്നത്.
റോഡ് വന്നാല്‍ 15 ഏക്കറിലധികം രണ്ടുവിള വയല്‍ നഷ്ടമാകും. പുഞ്ചാവി മുതല്‍ തെക്ക് ഒഴിഞ്ഞ വളപ്പ് വരെ നീണ്ടു നില്ക്കുന്നതും മഴക്കാലത്ത് തെക്കോട്ട് വെള്ളം ഒഴുകിപ്പോകുന്ന വഴിയുമാണിത്. വയലില്‍ സമീപത്തു കൂടി റോഡുകള്‍ പോകുന്നുണ്ട്.
അതിനാല്‍ യാത്രയ്ക്കു ബുദ്ധിമുട്ടില്ലാത്ത പ്രദേശം കൂടിയാണിത്. വയലില്‍ കൂടി റോഡ് വന്നാല്‍ പൈനാടന് വയലിനു സെന്റിന് ലക്ഷങ്ങള്‍ വില കിട്ടുമെന്ന റിയല്‍ എസ്റ്റേറ്റ് താല്പര്യമാണ് ഇതിനു പിന്നിലെന്ന് ആക്ഷേപമുണ്ട്. ആവശ്യമായ പഠനം നടത്താതെയും വയല്‍ നശിപ്പിക്കുന്നതിനെതിരേ ബന്ധപ്പെട്ട കൃഷി ഓഫിസര്‍ റിപ്പോര്‍ട്ട് നല്‍കിയിട്ടും കൃഷി റവന്യൂ വകുപ്പുകളില്‍ നിന്ന് അനുവാദം വാങ്ങാതെയുമാണു നഗരസഭ ടെന്‍ഡര്‍ നല്‍കിയിരിക്കുന്നതെന്നാണു പരാതി.
ടെന്‍ഡര്‍ റദ്ദു ചെയ്യണമെന്നാവശ്യപ്പെട്ട് നാട്ടുകാരും ജില്ലയിലെ കുന്ന്-വയല്‍ സംരക്ഷണസമിതിയും കലക്ടര്‍ക്കും ആര്.ഡി.ഒ, മുനിസിപ്പല്‍ സെക്രട്ടറി എന്നിവര്‍ക്കും പരാതി നല്‍കിയിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."