ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ്: മാഞ്ചസ്റ്റര്‍ ടീമുകള്‍ക്ക് ജയം
ലണ്ടന്‍: ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ മാഞ്ചസ്റ്റര്‍ സിറ്റിയുടെ കുതിപ്പ് തടയാന്‍ കരുത്തരായ ടോട്ടനം ഹോട്‌സ്പറിനും സാധിച്ചില്ല. തുടര്‍ച്ചയായി 16ാം മത്സരത്തിലും വിജയിച്ച് ഗെര്‍ഡിയോളയുടെ സംഘം കിരീടത്തിലേക്ക് കൂടുതല്‍ അടുത്തു. സ്വന്തം തട്ടകത്തില്‍ അരങ്ങേറിയ പോരാട്ടത്തില്‍ ഒന്നിനെതിരേ നാല് ഗോളുകള്‍ക്കാണ് സിറ്റി ടോട്ടനത്തെ തകര്‍ത്തത്. റഹിം സ്റ്റെര്‍ലിങ് ഇരട്ട ഗോളുകള്‍ നേടിയപ്പോള്‍ ഗുണ്ടകന്‍, ഡി ബ്രുയ്ന്‍ എന്നിവരാണ് ശേഷിച്ച ഗോളുകള്‍ വലയിലാക്കിയത്. കളി തീരാന്‍ സെക്കന്‍ഡുകള്‍ മാത്രമുള്ളപ്പോള്‍ എറിക്‌സനാണ് ടോട്ടനത്തിന്റെ ആശ്വാസ ഗോള്‍ വലയിലിട്ടത്.
മറ്റൊരു മത്സരത്തില്‍ മാഞ്ചസ്റ്റര്‍ യുനൈറ്റഡും വിജയം കണ്ടു. എവേ പോരാട്ടത്തില്‍ വെസ്റ്റ് ബ്രോംവിച് ആല്‍ബിയോണിനെ ഒന്നിനെതിരേ രണ്ട് ഗോളുകള്‍ക്കാണ് യുനൈറ്റഡ് വീഴ്ത്തിയത്. ലുകാകു, ലിംഗാര്‍ഡ് എന്നിവര്‍ ആദ്യ പകുതിയില്‍ തന്നെ യുനൈറ്റഡിനായി ലക്ഷ്യം കണ്ടു.
ഡേവിഡ് മോയസ് പരിശീലകനായി സ്ഥാനമേറ്റ ശേഷം നില മെച്ചപ്പെടുത്തിയ വെസ്റ്റ് ഹാം യുനൈറ്റഡ് എവേ പോരാട്ടത്തില്‍ സ്റ്റോക് സിറ്റിയെ 3-0ത്തിന് വീഴ്ത്തി വിജയം സ്വന്തമാക്കി. ജയത്തോടെ അവര്‍ 15ാം സ്ഥാനത്തേക്ക് കയറി തരംതാഴ്ത്തല്‍ ഭീഷണി മറികടന്നു.
മാഞ്ചസ്റ്റര്‍ സിറ്റി 18 കളികളില്‍ നിന്ന് 52 പോയിന്റുമായി ഒന്നാം സ്ഥാനത്തും ഇത്രയും കളികളില്‍ നിന്ന് 41 പോയിന്റുമായി യുനൈറ്റഡ് രണ്ടാമതും നില്‍ക്കുന്നു. 38 പോയിന്റുമായി ചെല്‍സി മൂന്നാം സ്ഥാനത്ത്.
ആദ്യ ജയം സ്വന്തമാക്കി എ.ടി.കെ
ബംഗളൂരു: ഇന്ത്യന്‍ സൂപ്പര്‍ ലീഗ് പോരാട്ടത്തില്‍ നിലവിലെ ചാംപ്യന്‍മാരായ അമ്ര ടീം കൊല്‍ക്കത്ത (എ.ടി.കെ) സീസണിലെ ആദ്യ വിജയം സ്വന്തമാക്കി. എവേ പോരാട്ടത്തില്‍ മുംബൈ സിറ്റി എഫ്.സിയെയാണ് അവര്‍ പരാജയപ്പെടുത്തിയത്. മറ്റൊരു മത്സരത്തില്‍ ചെന്നൈയിന്‍ എഫ്.സി കരുത്തരായ ബംഗളൂരുവിനെ 2-1ന് പരാജയപ്പെടുത്തി.
രണ്ടാം പകുതിയില്‍ ഇന്ത്യന്‍ താരം റോബിന്‍ സിങ് നേടിയ ഏക ഗോളാണ് എ.ടി.കെയ്ക്ക് വിജയമൊരുക്കിയത്. ആദ്യ പകുതി ഗോള്‍ രഹിതമായപ്പോള്‍ രണ്ടാം പകുതിയുടെ 54ാം മിനുട്ടിലാണ് റോബിന്‍ സിങ് വിജയ ഗോള്‍ വലയിലാക്കിയത്.
കളി തീരാന്‍ നിമിഷങ്ങള്‍ മാത്രമുള്ളപ്പോള്‍ ധന്‍പാല്‍ ഗണേഷ് നേടിയ ഗോളിലാണ് ബംഗളൂരുവിനെ ചെന്നൈയിന്‍ അവരുടെ തട്ടകത്തില്‍ വീഴ്ത്തിയത്. ജെജെ ലാല്‍പെഖുലെയുടെ ഗോളില്‍ അഞ്ചാം മിനുട്ടില്‍ തന്നെ ചെന്നൈയിന്‍ ലീഡ് സ്വന്തമാക്കിയിരുന്നു. എന്നാല്‍ 85ാം മിനുട്ടില്‍ സുനില്‍ ഛേത്രി ബംഗളൂരുവിനെ ഒപ്പമെത്തിച്ചു. കളി സമനിലയില്‍ അവസാനിക്കുമെന്ന പ്രതീതി നിലനില്‍ക്കേയായിരുന്നു ധന്‍പാലിന്റെ വിജയ ഗോള്‍. ജയത്തോടെ ചെന്നൈയിന്‍ മൂന്നാം സ്ഥാനത്ത്.
അത്‌ലറ്റിക്കോയ്ക്ക് ജയം
മാഡ്രിഡ്: സ്പാനിഷ് ലാ ലിഗ പോരാട്ടത്തില്‍ അത്‌ലറ്റിക്കോ മാഡ്രിഡിന് വിജയം. മറുപടിയില്ലാത്ത ഒറ്റ ഗോളിന് അവര്‍ ഡിപോര്‍ടീവോ അലാവസിനെ പരാജയപ്പെടുത്തി.
ബൊറൂസിയ ഡോര്‍ട്മുണ്ടിന് വിജയം
മ്യൂണിക്ക്: ജര്‍മന്‍ ബുണ്ടസ് ലീഗയില്‍ ബൊറൂസിയ ഡോര്‍ട്മുണ്ടിന് വിജയം. ഹോഫെന്‍ഹെയിമിനെ സ്വന്തം തട്ടകത്തില്‍ അവര്‍ 2-1ന് വീഴ്ത്തി. സ്റ്റോജര്‍ പരിശീലക സ്ഥാനമേറ്റ ശേഷം ടീം തുടര്‍ച്ചയായി രണ്ടാം മത്സരമാണ് വിജയിക്കുന്നത്. എട്ട് ഗോളുകള്‍ കണ്ട ത്രില്ലര്‍ പോരാട്ടത്തില്‍ ഹന്നോവറും ബയര്‍ലെവര്‍കൂസനും നാല് വീതം ഗോളുകള്‍ അടിച്ച് സമനിലയില്‍ പിരിഞ്ഞു.
പി.എസ്.ജി, മൊണാക്കോ മുന്നോട്ട്
പാരിസ്: ഫ്രഞ്ച് ലീഗ് വണ്‍ പോരാട്ടത്തില്‍ കരുത്തരായ പാരിസ് സെന്റ് ജെര്‍മെയ്ന്‍, മൊണാക്കോ ടീമുകള്‍ക്ക് വിജയം. പി.എസ്.ജി എവേ പോരാട്ടത്തില്‍ 4-1ന് റെന്നൈസിനെ തകര്‍ത്തപ്പോള്‍ മറുപടിയില്ലാത്ത നാല് ഗോളുകള്‍ക്ക് മൊണാക്കോയും എവേ പോരാട്ടത്തില്‍ സെന്റ് എറ്റീനിനെ പരാജയപ്പെടുത്തുകയായിരുന്നു. മറ്റ് മത്സരങ്ങളില്‍ നീസ്- ബോര്‍ഡെക്‌സിനേയും നാന്റസ്- ആന്‍ജേഴ്‌സിനേയും 1-0ത്തിന് പരാജയപ്പെടുത്തി.
സീരി എയില്‍ പോരാട്ടം കനക്കുന്നു
മിലാന്‍: ഇറ്റാലിയന്‍ സീരി എ പോരാട്ടം കനക്കുന്നു. ആദ്യ നാല് ടീമുകള്‍ തമ്മില്‍ കിരീട പോരാട്ടം മുറുകി. കഴിഞ്ഞ ദിവസം ഇന്റര്‍ മിലാന്‍ തോറ്റതിന് പിന്നാലെ മത്സരിക്കാനിറങ്ങിയ യുവന്റസ്, റോമ, നാപോളി ടീമുകള്‍ വിജയം സ്വന്തമാക്കുകയും ചെയ്തതോടെയാണ് നില മാറിയത്. ജയത്തോടെ 42 പോയിന്റുമായി നാപോളി ഒന്നാമതും 41 പോയിന്റുമായി യുവന്റസ് രണ്ടാമതും എത്തി. 40 പോയിന്റുമായി ഇന്റര്‍ മിലാന്‍ മൂന്നാമതും 38 പോയിന്റുമായി റോമ നാലാം സ്ഥാനത്തും നില്‍ക്കുന്നു. ഇനിയുള്ള എല്ലാ മത്സരങ്ങളും നാല് ടീമുകള്‍ക്കും നിര്‍ണായകം.
യുവന്റസ് 3-0ത്തിന് ബോലോഗ്നയേയും റോമ 1-0ത്തിന് കഗ്ലിയാരിയേയും നാപോളി 3-1ന് ടൊറിനോയേയും വീഴ്ത്തി. അതേസമയം തിരിച്ചുവരവിന് കിണഞ്ഞ് ശ്രമിക്കുന്ന എ.സി മിലാന് ഇത്തവണയും കാലിടറി. മറുപടിയില്ലാത്ത മൂന്ന് ഗോളുകള്‍ക്ക് അവരെ വെറോണ അട്ടിമറിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."