ആകാശത്തിന്റെ സ്വന്തം ദേശാടനപ്പക്ഷിയായ അമൂര്‍ ഫാല്‍ക്കനെ തിരുനാവായയില്‍ കണ്ടെത്തി
പൊന്നാനി: ദേശങ്ങളും രാജ്യങ്ങളും മറികടന്ന് വിരുന്നെത്തുന്ന ആകാശത്തിന്റെ സ്വന്തം ദേശാടനപ്പക്ഷികളായ അമൂര്‍ ഫാല്‍ക്കനെ കാത്തിരുന്ന പക്ഷിനിരീക്ഷകര്‍ക്ക് ഒടുവില്‍ മോഹ സാക്ഷാല്‍ക്കാരം. ഇത്തവണ അമൂര്‍ ഫാല്‍ക്കന്‍ വിരുന്നെത്തിയത് തിരുനാവായയിലാണ്. പക്ഷിനിരീക്ഷകനായ നസ്‌റുവാണ് പക്ഷിയുടെ ചിത്രം പകര്‍ത്തിയത് .
സൈബീരിയയിലും ചൈനയിലും മംഗോളിയയിലും കാണുന്ന അമൂര്‍ ഫാല്‍ക്കണ്‍ എന്ന ദേശാടനക്കിളികള്‍ ഒക്ടോബര്‍, ഡിസംബര്‍ മാസങ്ങളിലാണ് ഇന്ത്യയിലെത്തുന്നത്. ചൈനയിലെയും റഷ്യയിലെയും അതിശൈത്യത്തില്‍ നിന്ന് രക്ഷനേടാനാണ് ഈ ദേശാടനം. കഴിഞ്ഞവര്‍ഷം ഇതാദ്യമായി അമൂര്‍ ഫാല്‍ക്കന്റെ ഒരു കൂട്ടം മലമ്പുഴയിലെത്തി.
മലമ്പുഴയില്‍ മാത്രമല്ല ഇവരെ തിരുവനന്തപുരം നഗരത്തിനപ്പുറം പുഞ്ചക്കിരിയിലും പക്ഷികളെ കണ്ടെത്തിയിട്ടുണ്ട് .അതുകൊണ്ട് തന്നെ ഈ സീസണിലും ഇവര്‍ എത്തുമെന്നായിരുന്നു പക്ഷിനിരീക്ഷകരുടെ കണക്കുകൂട്ടല്‍. ഒടുവില്‍ ഇന്നലെ തിരുന്നാവയയില്‍ കണ്ടെത്തിയതോടെ പക്ഷിനിരീക്ഷകരുടെ കൂട്ടായ്മ വലിയ സന്തോഷത്തിലാണ്. ഈ സീസണില്‍ തിരുനാവായയിലും മാടായിപ്പാറയിലും മാത്രമാണ് ഈ പക്ഷിയെ കണ്ടെത്തിയിട്ടുള്ളതെന്ന് പക്ഷി നിരീക്ഷകനായ നസ്‌റു പറയുന്നു .
കാലാവസ്ഥ വ്യതിയാനങ്ങള്‍ കൊണ്ടാവാം പക്ഷി ദേശാടനത്തിനിടയില്‍ പുതിയ പാതതേടി കേരളത്തിലും എത്തിയതെന്ന് പക്ഷി ഗവേഷകര്‍ പറയുന്നു. ശരീരത്തിന് ചാരനിറമുള്ള ഈ പക്ഷിയെ ചെങ്കാലന്‍ പുള്ള് എന്നും വിളിക്കാറുണ്ട്. ചിറകുകള്‍ വിടര്‍ത്തിയുള്ള പറക്കല്‍ ആകര്‍ഷകമാണ്. മൈനയേക്കാള്‍ അല്‍പ്പം വലുതും പ്രാവിനേക്കാള്‍ ചെറുതുമാണ് അമൂര്‍ ഫാല്‍ക്കന്‍.
നാഗാലാന്റില്‍ ലക്ഷക്കണക്കിന് അമൂര്‍ ഫാല്‍ക്കന്‍ വര്‍ഷം തോറും എത്താറുണ്ട്. കേരളത്തില്‍ വളരെ അപൂര്‍വമായി 1993ല്‍ തിരുവനന്തപുരത്തും 1995ല്‍ മൂന്നാറിലും 2015ല്‍ കണ്ണൂരിലും പൊന്നാനി ബിയ്യം കായലിലും ഈ പക്ഷികളെ കണ്ടെത്തിയതായി രേഖപ്പെടുത്തിയിട്ടുണ്ട്. ഇതൊക്കെ ഒറ്റപ്പെട്ടതായിരുന്നു. എന്നാല്‍ കഴിഞ്ഞവര്‍ഷം മലമ്പുഴയില്‍ 25ലധികം പക്ഷികളെ ഒന്നിച്ച് കണ്ടതാണ് ഏറെ പ്രാധാന്യമര്‍ഹിക്കുന്നത് .അതുതന്നെയാണ് ഈ വര്‍ഷം ചെങ്കാലന്‍ പുളളിന്റെ വരവിന് പക്ഷിനിരീക്ഷകരും ഗവേഷകരും ഇത്ര പ്രാധാന്യം നല്‍കിയതും .
ശക്തിയായി വീശുന്ന കാറ്റിനെപ്പോലും തരണം ചെയ്തുകൊണ്ട് മുന്നോട്ടുകുതിക്കാന്‍ കഴിയുന്ന പക്ഷിയാണ് അമൂര്‍ ഫാല്‍ക്കന്‍ . ഒട്ടും വിശ്രമമില്ലാതെ ഏതാണ്ട് നാലായിരത്തോളം കിലോമീറ്ററുകള്‍ പിന്നിടാന്‍ ഇവര്‍ക്ക് കഴിയും. രാത്രി വിശ്രമമില്ലാതെ പറക്കുന്ന അപൂര്‍വം പക്ഷികളില്‍ ഒന്നാണിത്. ഈ പക്ഷിയെക്കുറിച്ചുള്ള ആധികാരിക പഠനങ്ങള്‍ ഇനിയും നടക്കാനുണ്ടെന്നാണ് പക്ഷിഗവേഷകര്‍ പറയുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."