ഗെയില്‍ സമരം: നാളെ ജനകീയ മാര്‍ച്ച്
കോഴിക്കോട്: ഗെയില്‍ വാതക പൈപ്പലൈന്‍ സ്ഥാപിക്കുന്ന മുക്കം എരിഞ്ഞിമാവിലേക്ക് ചൊവ്വാഴ്ച്ച ജനകീയ മാര്‍ച്ച് നടത്താന്‍ സംസ്ഥാനതല സമരസമിതി തീരുമാനം. പ്രവൃത്തി നടക്കുന്ന നെല്ലിക്കാപറമ്പിലെ സൈറ്റിലേക്ക് രാവിലെ ഒമ്പതിന് നടക്കുന്ന മാര്‍ച്ചില്‍ പാര്‍ലമെന്റ് അംഗം മുതല്‍ പഞ്ചായത്ത് അംഗം വരെയുള്ളവര്‍ പങ്കെടുക്കുമെന്ന് നേതാക്കള്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. എം.ഐ ഷാനവാസ് എം.പി, കെ.എം ഷാജി എം.എല്‍.എ എന്നിവര്‍ നേതൃത്വം നല്‍കും. പദ്ധതി പ്രദേശത്ത് നടക്കുന്ന പൈപ്പിടല്‍ പ്രവൃത്തി തടയും.
വ്യവസായ മന്ത്രിയുമായി നടന്ന ചര്‍ച്ചയിലെ തീരുമാനങ്ങളൊന്നും നടപ്പായില്ല. പത്ത് സെന്റ് ഭൂമിയുള്ളവര്‍ക്ക് പത്ത് ലക്ഷം നല്‍കുമെന്ന ഉറപ്പും പാലിച്ചില്ല. ഏതാനും ചിലര്‍ക്ക് ചെക്ക് കൊടുത്ത് നാടകം കളിക്കുകയാണ് അഞ്ച് സെന്റിന്റേയും പത്ത് സെന്റിന്റേയും കാര്യം പറഞ്ഞവര്‍ 12ഉം 15ഉം സെന്റ് ഭൂമിയുള്ളവരുടെ കാര്യം പറഞ്ഞില്ല. എന്നാല്‍ ക്രഷറുകള്‍ക്കു വേണ്ടി അലൈമെന്റ് മാറ്റാനും അധികൃതര്‍ തയ്യാറായി. ഇപ്പോഴും ഒരു കടലാസ് പോലും നല്‍കാതെ സര്‍വേയും മറ്റ് നടപടികളും നിര്‍ബാധം തുടരുകയാണ്. പൊലിസിനെ കയറൂരിവിട്ട് സമരം പൊളിക്കാനാണ് ശ്രമിക്കുന്നത്. ജനുവരി ആദ്യവാരത്തില്‍ കോഴിക്കോട് സെമിനാര്‍ നടത്താനും മലബാര്‍ ചെംബര്‍ ഹാളില്‍ ചേര്‍ന്ന സംസ്ഥാനതല സമരസമിതി യോഗം തീരുമാനിച്ചു.
വാര്‍ത്താ സമ്മേളനത്തില്‍ സമരസമിതി നേതാക്കളായ സി.പി ചെറിയ മുഹമ്മദ്, അസ്ലം ചെറുവാടി, റൈഹാന്‍ ബേബി, നിജേഷ് അരവിന്ദ്, അബ്ദുല്‍ ജബ്ബാര്‍, സഖാഫി, സബാഹ് പുല്‍പറ്റ, ബാവ പൂക്കോട്ടൂര്‍, എം.കെ അശ്‌റഫ് തുടങ്ങിയവര്‍ പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."