ജറൂസലം: ഈജിപ്ത് പ്രമേയത്തില്‍ യു.എന്‍ രക്ഷാസമിതിയില്‍ വോട്ടെടുപ്പ്
യുനൈറ്റഡ് നാഷന്‍സ്: ജറൂസലമിനെ ഇസ്റാഈല്‍ തലസ്ഥാനമായി പ്രഖ്യാപിച്ച ട്രംപിന്റെ നീക്കത്തിനെതിരായ പ്രമേയത്തില്‍ യു.എന്‍ രക്ഷാസമിതിയില്‍ വോട്ടെടുപ്പ്. ഈജിപ്തിന്റെ നേതൃത്വത്തില്‍ തയാറാക്കിയ കരടുപ്രമേയത്തിനു മേലാണ് വോട്ടെടുപ്പ് നടക്കുന്നത്.
അമേരിക്കയ്ക്കെതിരായ പ്രമേയമായതിനാല്‍ വീറ്റോ പവര്‍ ഉപയോഗിക്കുമെന്നുറപ്പാണ്. എന്നാല്‍ 15 അംഗ സമിതിയിലെ 14 രാജ്യങ്ങളും അനുകൂലിക്കുകയാണെങ്കില്‍ യു.എസ് തീരുമാനത്തിനെതിരെ ലോകരാഷ്ട്രങ്ങള്‍ ഒന്നിച്ചാണെന്ന് വെളിപ്പെടുത്താന്‍ പ്രമേയത്തിനാവും.
ജറൂസലമിന്റെ പദവി സംബന്ധിച്ചുള്ള ഏകപക്ഷീയമായ എല്ലാ നടപടികളെയും അസാധുവാക്കുന്നതാണു പ്രമേയം. ഇതിന്റെ കരടുരൂപം രക്ഷാസമിതിയിലെ മുഴുവന്‍ അംഗങ്ങള്‍ക്കും ശനിയാഴ്ച അയച്ചുകൊടുത്തിരുന്നു. സമിതിയിലെ അമേരിക്ക ഒഴികെയുള്ള 14 അംഗങ്ങളും പ്രമേയത്തെ പിന്താങ്ങുമെന്നാണു പ്രതീക്ഷിക്കപ്പെടുന്നത്.
സമിതിയില്‍ പ്രമേയം പാസാകണമെങ്കില്‍ ഒന്‍പതു രാജ്യങ്ങള്‍ അനുകൂലമായി വോട്ട് ചെയ്യുകയും യു.എസ്, ബ്രിട്ടന്, റഷ്യ, ചൈന, ഫ്രാന്‍സ് എന്നിവയില്‍ ഒറ്റ രാജ്യവും വീറ്റോ അധികാരം പ്രയോഗിക്കാതിരിക്കുകയും വേണം.
കഴിഞ്ഞയാഴ്ച യു.എന്‍ ആസ്ഥാനത്തു ചേര്‍ന്ന രക്ഷാസമിതി അടിയന്തര യോഗം അമേരിക്കയോട് തീരുമാനം പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ടിരുന്നു. അമേരിക്കയുടെ സഖ്യകക്ഷികളായ ബ്രിട്ടന്, ഫ്രാന്‍സ്, ജര്‍മനി എന്നിവയുടെ പ്രതിനിധികള്‍ അടക്കം മുഴുവന്‍ പേരും അതിരൂക്ഷമായ സ്വരത്തിലാണ് ട്രംപിന്റെ നിലപാടിനെതിരേ സംസാരിച്ചത്. ജറൂസലമിന്റെ പദവി സംബന്ധിച്ച് ഫലസ്തീനും ഇസ്റാഈലും പരസ്പരം ചര്‍ച്ച ചെയ്തു മാത്രമേ തീരുമാനമെടുക്കാവൂ എന്നാണ് തങ്ങളുടെ നിലപാടെന്ന് യൂറോപ്യന്‍ യൂനിയനും വ്യക്തമാക്കിയിട്ടുണ്ട്.
ജറൂസലമിന്റെ പദവി സംബന്ധിച്ച് കഴിഞ്ഞ വര്‍ഷം ഡിസംബറില്‍ യു.എന്‍ രക്ഷാസമിതി പ്രമേയം പാസാക്കിയിരുന്നു. 1967 ജൂണ്‍ നാലില്‍ ഫലസ്തീന്-ഇസ്റാഈല്‍ വിഷയത്തില്‍ രൂപീകരിച്ച നിയമത്തില്‍നിന്ന് ഒരു മാറ്റവും അംഗീകരിക്കില്ലെന്നു പ്രമേയം വ്യക്തമാക്കിയിരുന്നു. പ്രമേയം 14 വോട്ടിന് പാസാകുകയും ബരാക് ഒബാമയുടെ നേതൃത്വത്തിലുള്ള യു.എസ് പ്രതിനിധി വോട്ടിങില്‍നിന്ന് വിട്ടുനില്‍ക്കുകയും ചെയ്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."