ഹിമാചലില്‍ ബി.ജെ.പി വിജയിച്ചു; മുഖ്യമന്ത്രി സ്ഥാനാര്‍ഥിക്ക് തോല്‍വി
ഷിംല: ഹിമാചലില്‍ ബി.ജെ.പി അധികാരത്തിലേറിയപ്പോള്‍ മുഖ്യമന്ത്രി സ്ഥാനാര്‍ഥി പ്രേംകുമാര്‍ ധുമലിന് പരാജയം. കോണ്‍ഗ്രസിന്റെ രജീന്ദര്‍ റാണയാണ് ധുമലിനെ പരാജയപ്പെടുത്തിയത്. ധുമലിന്റെ പരാജയം സംസ്ഥാനത്തെ ബി.ജെ.പിയുടെ വിജയത്തിന്റെ നിറം കെടുത്തുകയും ചെയ്തു.
തന്റെ പരാജയത്തെ വ്യക്തിപരമായിട്ടാണ് വിലയിരുത്തുന്നത്. എന്നാല്‍ സംസ്ഥാനത്ത് ബി.ജെ.പി വിജയിച്ചുവെന്നതാണ് പ്രധാനമെന്ന് ധുമല്‍ പ്രതികരിച്ചു. ബി.ജെ.പിയെ അധികാരത്തിലേറ്റിയ ജനങ്ങള്‍ക്ക് നന്ദിയുണ്ട്. രാഷ്ട്രീയത്തില്‍ ചിലപ്പോള്‍ വിജയമുണ്ടാകും. ചിലപ്പോള്‍ പരാജയപ്പെടും. എന്നാല്‍ ഇത്തവണ പരാജയം പ്രതീക്ഷിച്ചിരുന്നില്ലെന്നും ധുമല്‍ പറഞ്ഞു.
മുന്‍മുഖ്യമന്ത്രികൂടിയായ പ്രേംകുമാര്ധുമലിനെ 3,500 വോട്ടുകളുടെ ഭൂരിപക്ഷത്തിനാണ് കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയായ രജീന്ദര്‍ പരാജയപ്പെടുത്തിയത്. ധുമലിന്റെ പരാജയം സംസ്ഥാനത്ത് ബി.ജെ.പിക്ക് കനത്ത തിരിച്ചടിയാണ് . ധുമല്‍ പരാജയപ്പെട്ടെങ്കിലും സംസ്ഥാനത്ത് ബി.ജെ.പി വിജയിച്ചതില്‍ സന്തോഷമുണ്ടെന്ന് കേന്ദ്ര മന്ത്രി ധര്‍മേന്ദ്ര പ്രധാന് പറഞ്ഞു.
അതേസമയം ധുമലിനുവേണ്ടി ഉന സീറ്റില്‍ വിജയിച്ച വീരേന്ദ്ര കന്‍വാര്‍ രാജിവയ്ക്കാന്‍ തയാറാണെന്ന് അറിയിച്ചിട്ടുണ്ട്. ഈ മണ്ഡലത്തില്‍ നിന്ന് അദ്ദേഹത്തെ മത്സരിപ്പിക്കാനാണ് ബി.ജെ.പി തീരുമാനം. എന്നാല്‍ ഇക്കാര്യം ഔദ്യോഗികമായി പുറത്തുവിട്ടിട്ടില്ല.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."