ഗുജറാത്ത് നല്‍കുന്നത് പ്രതീക്ഷയുടെ സന്ദേശം
പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ സ്വന്തം തട്ടകമായ ഗുജറാത്തില്‍ ബി.ജെ.പിവീണ്ടും അധികാരത്തിലേറിയിരിക്കുകയാണ്. രണ്ട് പതിറ്റാണ്ട് പിന്നിട്ട ബി.ജെ.പിയുടെ മേധാവിത്വം തകര്‍ത്ത് അധികാരം തിരിച്ചുപിടിക്കാന്‍ കോണ്‍ഗ്രസിന് കഴിഞ്ഞില്ലെങ്കിലും ഗുജറാത്ത് തെരഞ്ഞെടുപ്പ് നല്‍കുന്ന സന്ദേശം രാജ്യത്തെ മതേതര-ജനാധിപത്യകക്ഷികള്‍ക്ക് പ്രതീക്ഷ നല്‍കുന്നതാണ്. ബി.ജെ.പിയുടെയും മോദിയുടെയും സര്‍വസന്നാഹവും ഗുജറാത്ത് തെരഞ്ഞെടുപ്പില്‍ അണിനിരത്തിയതുകൊണ്ടാണ് ആറാം തവണയും ബി.ജെ.പിക്ക് അധികാരം നിലനിര്‍ത്താന്‍ കഴിഞ്ഞത്. ഗുജറാത്തില്‍ ഏറെ ശ്രദ്ധിക്കപ്പട്ടത് ഗുജറാത്ത് മോഡല്‍ വികസനം ചര്‍ച്ചയായില്ലെന്നതാണ്.
അത് ചര്‍ച്ച ചെയ്യാന്‍ മോദിക്കും ബി.ജെ.പിക്കും താല്‍പര്യമില്ലായിരുന്നുവെന്നത് പ്രകടമായിരുന്നു. പകരം ഗുജറാത്ത് സംസ്‌കാരവും ഗുജറാത്തിന്റെ പുത്രന്‍ മോദിയുമായിരുന്നു തെരഞ്ഞെടുപ്പ് പ്രചാരണരംഗത്ത് ബി.ജെ.പി ആവര്‍ത്തിച്ചുകൊണ്ടിരുന്നത്. തെരഞ്ഞെടുപ്പിന്റെ തൊട്ടുമുന്‍പുള്ള അഞ്ച് ദിവസവും ഈ വൈകാരികത ഉപയോഗപ്പെടുത്താനായിരുന്നു സമയം വിനിയോഗിച്ചത്. ബി.ജെ.പി തോല്‍ക്കരുതെന്നല്ല ഗുജറാത്തിന്റെ പുത്രന്‍ മോദി തോല്‍ക്കരുത് എന്ന വൈകാരികത മുതലാക്കാനാണ് ശ്രമിച്ചത്. യു.പി തെരഞ്ഞെടുപ്പിന് വേണ്ടി മോദി വിനിയോഗിച്ചതിനേക്കാള്‍ സമയം ബി.ജെ.പിയുടെ ഉരുക്കുകോട്ടയെന്ന് അവര്‍ തന്നെ വിശേഷിപ്പിക്കുന്ന ഗുജറാത്തിന് വേണ്ടി നീക്കിവയ്‌ക്കേണ്ടിവന്നു. മോദി അവസാന അഞ്ചുദിവസം കൊണ്ട് 41 റാലികളിലാണ് പങ്കെടുത്തത്. ഒരു പ്രധാനമന്ത്രി ഇത്രയും തിരക്കിട്ട് തെരഞ്ഞെടുപ്പില്‍ ഇറങ്ങുന്നതും ആദ്യ സംഭവമാണ്. പാകിസ്താനെ വരെ തെരഞ്ഞെടുപ്പ് രംഗത്ത് ഇറക്കിയാണ് മോദി ഗുജറാത്തിലെ വെല്ലുവിളികളെ നേരിട്ടത്. ഇതില്‍നിന്ന് ബി.ജെ.പിക്കും മോദിക്കും ഗുജറാത്ത് വലിയ വെല്ലുവിളിയായിരുന്നുവെന്നത് വ്യക്തമാണ്.
ബി.ജെ.പിയെ നേരിടുന്നതില്‍ കോണ്‍ഗ്രസിന് കൂടുതല്‍ ശക്തിയും നയപരമായ നീക്കവും ഉണ്ടായി എന്നതും പ്രത്യേകം എടുത്തുപറയേണ്ട കാര്യമാണ്. 2002ലെ തെരഞ്ഞെടുപ്പ് മുതല്‍ ബി.ജെ.പിക്ക് ശക്തമായ വെല്ലുവിളി നേരിടേണ്ടി വന്നിട്ടില്ല. കോണ്‍ഗ്രസ് പ്രതിപക്ഷത്തിരിക്കാനാണ് ഇതുവരെ മല്‍സരിച്ചിരുന്നത്. ബി.ജെ.പിയെ ആശയപരമായി നേരിടാന്‍ കോണ്‍ഗ്രസ് തയാറായിരുന്നില്ല. വര്‍ഗീയത ഗുജറാത്തില്‍ ചര്‍ച്ചയായിരുന്നില്ല. എന്നാല്‍, ഈ തെരഞ്ഞെടുപ്പില്‍ ഇതില്‍ നിന്ന് വ്യത്യസ്തമായി കാര്യങ്ങള്‍ നീങ്ങി. മോദി കേന്ദ്രത്തില്‍ അധികാരത്തിലേറി മൂന്നു വര്‍ഷം കഴിഞ്ഞിട്ടും വാഗ്ദാനങ്ങള്‍ പൊള്ളയായി നിലനില്‍ക്കുന്ന അവസ്ഥയാണ്.
സാധാരണക്കാരന്റെ ജീവിതനിലവാരം മെച്ചപ്പെടുത്താന്‍ മോദിയുടെ ഭരണത്തിന് കഴിഞ്ഞിട്ടില്ലെന്ന് ജനം തിരിച്ചറിഞ്ഞുകഴിഞ്ഞു. എല്ലാ വിഭാഗം ജനങ്ങളും അസംതൃപ്തരാണ്. കര്‍ഷകരും തൊഴിലാളികളും സാധാരണക്കാരും വ്യാപാരികളുമെല്ലാം മോദിയുടെ ഭരണത്തില്‍ അതൃപ്തരാണ്. ഗുജറാത്തില്‍ വികസനം നടന്നുവെന്ന് പറയാന്‍ ഗ്രാമീണമേഖലിയുള്ളവര്‍ക്ക് കഴിയില്ല. കര്‍ഷകര്‍ നിലനില്‍പ്പിനായി സമരത്തിനിറങ്ങേണ്ട അവസ്ഥയിലായി. ദലിത് അധികാര മഞ്ച് നേതാവ് ജിഗ്നേഷ് മേവാനിയും പട്ടേല്‍ വിഭാഗത്തിന്റെ നേതാവ് ഹാര്‍ദിക് പട്ടേലും ശക്തമായി സമരരംഗത്ത് ഇറങ്ങിയത് ബി.ജെ.പിയെ അസ്വസ്ഥരാക്കി.
നര്‍മദ അണക്കെട്ടില്‍ നിന്ന് ജലം കൊണ്ടുവന്ന് നാട്ടുകാര്‍ക്ക് നല്‍കുന്ന പദ്ധതി മോദി നടപ്പാക്കിയിട്ടും കാര്‍ഷികമേഖല മോദിയെ കൈവിട്ടു. കച്ച്- സൗരാഷ്ട്രമേഖലയിലെല്ലാം കോണ്‍ഗ്രസിനാണ് മേല്‍ക്കൈ എന്നത് ശ്രദ്ധേയമാണ്. നര്‍മദാ വികസനം ബി.ജെ.പിക്ക് വോട്ടായി മാറിയില്ലെന്ന് വ്യക്തമായി. ഗുജറാത്ത് എന്നത് ഒരു നഗരവല്‍കൃത സംസ്ഥാനമായി മാറിയിരിക്കുകയാണ്. അതാണ് മോദിയുടെ മോഡല്‍. അവിടെ ഗ്രാമങ്ങള്‍ക്കും ആദിവാസി മേഖലകള്‍ക്കും പിന്നാക്കമേഖലകള്‍ക്കൊന്നും പ്രസക്തിയില്ല. ഗ്രാമങ്ങള്‍ കൊള്ളയടിക്കുകയും കൃഷിമേഖല തകരുകയും ചെയ്യുകയാണ്. നഗരങ്ങളാണ് ബി.ജെ.പിയുടെ കോട്ടകള്‍.
എന്നാല്‍, അവിടെയും ജി.എസ്.ടിയും നോട്ട് നിരോധനവും പ്രതിഫലിപ്പിച്ചിരുന്നു. ഇവിടങ്ങളിലേക്ക് കോണ്‍ഗ്രസിന് കടന്നുകയറ്റം നടത്താന്‍ കഴിഞ്ഞെങ്കിലും ജയിക്കാന്‍ കഴിഞ്ഞില്ല. എന്നാല്‍, വോട്ട് നേടി നില മെച്ചപ്പെടുത്താന്‍ കോണ്‍ഗ്രസിന് കഴിഞ്ഞുവെന്നത് വലിയ പ്രതീക്ഷയാണ് നല്‍കുന്നത്. ശക്തമായ മല്‍സരത്തിലൂടെയാണ് പല മണ്ഡലങ്ങളിലും ബി.ജെ.പി സ്ഥാനാര്‍ഥികള്‍ക്ക് വിജയിക്കാന്‍ കഴിഞ്ഞതെന്നത് വലിയ കാര്യമായി കാണണം. ജനം ദുരിതത്തില്‍ നില്‍ക്കുമ്പോള്‍ തിരിച്ചടി ലഭിക്കുമെങ്കിലും അത് ശക്തമായ തിരിച്ചടിയാക്കി മാറ്റാന്‍ കോണ്‍ഗ്രസിന് കഴിയാതെ പോയത് 22 വര്‍ഷത്തെ തുടര്‍ച്ചയായ ബി.ജെ.പിയുടെ ഭരണം തന്നെയാണ്. പ്രതിപക്ഷം എന്ന നിലയില്‍ നിരന്തരമായ സമരങ്ങളിലൂടെ ജനങ്ങളുടെ വിശ്വാസം നേടിയെടുക്കാന്‍ കോണ്‍ഗ്രസിന് കഴിഞ്ഞിരുന്നില്ല. കഴിഞ്ഞ അഞ്ച് വര്‍ഷത്തിനിടയില്‍ കോണ്‍ഗ്രസ് ഒരു പ്രതിഷേധസമരം പോലും ഗുജറാത്തിലെ പാവപ്പെട്ടവര്‍ക്ക് വേണ്ടി ഏറ്റെടുത്ത് നടത്തിയിട്ടുണ്ടോയെന്ന ചോദ്യം പ്രസക്തമാണ്. ഇരകളാക്കി മാറ്റപ്പെട്ടവര്‍ക്ക് വേണ്ടി ശബ്ദം ഉയര്‍ത്താന്‍ ജിഗ്നേഷും ഹാര്‍ദിക്ക് പട്ടേലും മറ്റുമായിരുന്നു ഉണ്ടായിരുന്നത്. പട്ടേല്‍ വിഭാഗക്കാര്‍ ഉയര്‍ത്തിയ സംവരണസമരം മാത്രമല്ല അവരുടെ പ്രശ്‌നങ്ങള്‍. ഗുജറാത്ത് വ്യവസായ തകര്‍ച്ചയിലാണ്. തൊഴിലില്ലായ്മ വര്‍ധിക്കുന്നു.
തൊഴിലില്ലാത്ത യുവാക്കളുടെ എണ്ണം പെരുകുന്നു. കച്ചവടത്തിനായിട്ടായിരുന്നു ഗുജാറാത്ത് യുവാക്കള്‍ മറ്റു നാടുകളിലേക്ക് പോയിരുന്നതെങ്കില്‍ ഇപ്പോള്‍ ജോലി തേടിയും പോകേണ്ട അവസ്ഥയാണ്. ഇത് ചെറിയൊരു വിഷയമല്ലെന്ന് പട്ടേല്‍ വിഭാഗം നേതാക്കള്‍ തിരിച്ചറിഞ്ഞു. അതുപോലെ തന്നെ ദലിതുകളും മറ്റ് പിന്നാക്കജനവിഭാഗങ്ങളും. ഇവരുടെയെല്ലാം മുദ്രാവാക്യങ്ങളില്‍ വൈരുധ്യമുണ്ടെങ്കിലും ഇവരെല്ലാം മോദിയുടെ ഗുജറാത്ത് മോഡലിനെതിരായിരുന്നു എന്നതായിരുന്നു യാഥാര്‍ഥ്യം. ഗുജറാത്തിലെ വ്യാപാരി സമൂഹം കേന്ദ്രസര്‍ക്കാരിന്റെ ജി.എസ്.ടി നയത്തിനെതിരായിരുന്നുവെങ്കിലും അവര്‍ അതിനെതിരേ ശക്തമായ നിലപാടുമായി ഇറങ്ങുന്ന സാഹചര്യം ഇല്ല. കാരണം കോണ്‍ഗ്രസ് ജി.എസ്.ടിയെക്കുറിച്ച് വലിയ വാക്‌പോര് നടത്തുമെങ്കിലും നയപരമായി കോണ്‍ഗ്രസ് ജി.എസ്.ടിക്ക് എതിരല്ലെന്നത് അവര്‍ തിരിച്ചറിയുന്നു.
തെരഞ്ഞെടുപ്പ് സംവിധാനങ്ങളെ തെറ്റായ രീതിയില്‍ ഉപയോഗിക്കുന്നതിലും ബി.ജെ.പി വിജയിച്ചു. വോട്ടിങ്ങിലെ ക്രമക്കേട് സംബന്ധിച്ച കാര്യങ്ങള്‍ പുറത്തുവന്നിട്ടില്ല. എന്നാല്‍, തെരഞ്ഞെടുപ്പ് ചട്ടങ്ങള്‍ കാറ്റില്‍ പറത്തുന്നത് നാം കണ്ടു. തെരഞ്ഞെടുപ്പ് തിയതി പ്രഖ്യാപിക്കുന്നതിലെ വേര്‍തിരിവും ജി.എസ്.ടിയിലെ ഇളവുകള്‍ പ്രഖ്യാപിച്ച ശേഷമുള്ള തെരഞ്ഞെടുപ്പ് നീക്കവും തെരഞ്ഞെടുപ്പിന്റെ തലേ ദിവസം പോലും റോഡ് ഷോയ്ക്ക് പ്രധാനമന്ത്രി ഇറങ്ങുന്നതുമെല്ലാം ചട്ടലംഘനങ്ങളായിരുന്നു. 12 വര്‍ഷം തന്റെ സര്‍ക്കാരില്‍ സംസ്ഥാന ചീഫ് സെക്രട്ടറിയായിരുന്നയാളെ തെരഞ്ഞെടുപ്പ് കമ്മിഷനാക്കി മോദി തെരഞ്ഞെടുപ്പ് നടപടികളെയും നിയന്ത്രിച്ചു.
കോണ്‍ഗ്രസിന് ജനപക്ഷത്തുനിന്ന് സമരം ചെയ്യാന്‍ കഴിഞ്ഞില്ലെങ്കിലും ജനങ്ങള്‍ക്കൊപ്പം നിന്ന് ബി.ജെ.പിക്കെതിരേ പോരാടിയിരുന്ന നേതാക്കളെയും പ്രസ്ഥാനങ്ങളെയും കൂട്ടിയോജിപ്പിച്ച് തെരഞ്ഞെടുപ്പിനെ നേരിടാന്‍ കഴിഞ്ഞത് രാഹുല്‍ ഗാന്ധിയുടെ നയപരമായ വിജയമാണ്. കോണ്‍ഗ്രസിനെ സംബന്ധിച്ചിടത്തോളം നയപരമായ ദൗര്‍ബല്യം വളരെ വലുതാണ്. കൂടാതെ ജനകീയരായ പ്രാദേശിക നേതാക്കളുടെ അഭാവം, സംഘടനാ സംവിധാനങ്ങളിലെ പാളിച്ചകള്‍ എന്നിവയെല്ലാം ഗുജറാത്തില്‍ കോണ്‍ഗ്രസ് നേരിട്ട പ്രശ്‌നങ്ങളായിരുന്നു. 20 വീടിന് ഒരു ചുമതലക്കാരന്‍ എന്ന നിലയില്‍ ആര്‍.എസ്.എസ് കേഡറുകളെ വിന്യസിക്കുമ്പോള്‍ അതിന് ബദല്‍ ഒരുക്കാന്‍ കോണ്‍ഗ്രസിന് ശക്തിയില്ലായിരുന്നു. കോണ്‍ഗ്രസിന് സെക്കുലര്‍ പ്ലാറ്റ്‌ഫോം ഗുജറാത്തില്‍ ഉണ്ടായിരുന്നില്ല. രാഹുല്‍ ഗാന്ധി ഉള്‍പ്പെടെയുള്ള നേതാക്കളെ അമ്പലങ്ങളില്‍ മാത്രമേ നാം കണ്ടിരുന്നുള്ളു. ചര്‍ച്ചിലും മസ്ജിദിലും ഗുരുദ്വാരയിലും അവരെ കണ്ടെത്താന്‍ കഴിഞ്ഞില്ല. എന്നാല്‍, ബി.ജെ.പിക്ക് ഇക്കാര്യത്തില്‍ കൃത്യമായ അജണ്ടയുണ്ടായിരുന്നു. ഒരൊറ്റ മുസ്‌ലിമിനെയും അവര്‍ മല്‍സരിപ്പിച്ചിരുന്നില്ല. രാഹുല്‍ഗാന്ധിയെ നേതാവായി ഉയര്‍ത്തിക്കാണിക്കുമ്പോഴും സംസ്ഥാനത്തെ മറ്റു നേതാക്കള്‍ക്ക് ജനങ്ങളെ ആകര്‍ഷിക്കാനായില്ല.
ജനകീയ പ്രശ്‌നം പറയുന്ന നേതാക്കളെ കോണ്‍ഗ്രസ് വളര്‍ത്തിയെടുത്തില്ല. എങ്കിലും ബി.ജെ.പിക്കെതിരെ കോണ്‍ഗ്രസിന് കടുത്ത വെല്ലുവിളി ഉയര്‍ത്താന്‍ കഴിഞ്ഞുവെന്നത് കൂടുതല്‍ പ്രതീക്ഷനല്‍കുന്നതാണ്. അടുത്ത വര്‍ഷം വരുന്ന മധ്യപ്രദേശ്, രാജസ്ഥാന്‍, കര്‍ണാടക, ഛത്തീസ്ഗഡ് തെരഞ്ഞെടുപ്പുകള്‍ക്കുള്ള ഊര്‍ജം സമാഹരിക്കാന്‍ ഗുജറാത്തിലെ പാഠങ്ങള്‍ കോണ്‍ഗ്രസിന് ഉപകരിക്കണം. ഈ സംസ്ഥാനങ്ങളിലൊന്നും മോദി ഒരു വികാരമല്ല. അതുകൊണ്ട് തന്നെ അവിടെ സാധാരണക്കാരന്റ പ്രശ്‌നങ്ങളും വികസനവും തന്നെയാകും ചര്‍ച്ചയാകുക.
അടുത്ത ഒരു വര്‍ഷം കൂടി പിന്നിടുമ്പോള്‍ മോദിയുടെ ഭരണത്തിന്റെ മാജിക് ജനം കൂടുതല്‍ തിരിച്ചറിയും. അതുകൊണ്ടുതന്നെ മോദിക്കും ബി.ജെ.പിക്കും അടുത്ത തെരഞ്ഞെടുപ്പുകളില്‍ തീവ്രഹിന്ദുത്വ ലൈന്‍ തന്നെയായിരിക്കും ആശ്രയം. വിശക്കുന്നവന്റെ മുന്നിലും നിലനില്‍പ്പിനായി കേഴുന്നവന്റെ മുന്നിലും വര്‍ഗീയത ഒരു വിഷയമല്ല. അവരുടെ വിഷയങ്ങള്‍ ഏറ്റെടുക്കുന്ന പ്രതിപക്ഷമായി കോണ്‍ഗ്രസ് മാറണം. ദരിദ്രരുടെയും കര്‍ഷകരുടെയും പക്ഷത്താണെന്ന് ബോധ്യപ്പെടുത്താന്‍ കഴിയണം. അതിന് കഴിഞ്ഞാല്‍ 2019 ലെ പൊതുതെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിനും മതേതരകക്ഷികള്‍ക്കും ഏറെ പ്രതീക്ഷയോടെ ബി.ജെ.പിയെ നേരിടാന്‍ കഴിയും. മതേതരത്വം രാജ്യത്ത് ശക്തമായി നിലകൊള്ളുകയും ചെയ്യും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."