പകര്‍ച്ചവ്യാധി പ്രതിരോധം: കര്‍മ്മപരിപാടികളുമായി സര്‍ക്കാര്‍
തിരുവനന്തപുരം: പകര്‍ച്ചവ്യാധി പ്രതിരോധത്തിന് കര്‍മ്മപരിപാടികള്‍ ആവിഷ്‌കരിക്കാന്‍ മുഖ്യമന്ത്രി പിണറായി വിജയന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന ഉന്നതതല യോഗം തീരുമാനിച്ചു. ആദ്യപടിയായി എല്ലാ ജില്ലകളിലും ബന്ധപ്പെട്ട ഉദ്യോഗസ്ഥരുടെ യോഗം ഉടന്‍ വിളിക്കും. പഞ്ചായത്ത്, മുനിസിപ്പാലിറ്റി, കോര്‍പറേഷന്‍ അധ്യക്ഷന്‍മാരുടെയും മറ്റ് ജനപ്രതിനിധികളുടെയും യോഗം ഇതിന്റെ തുടര്‍ച്ചയായി നടക്കും. അടുത്തമാസം പ്രത്യേക ഗ്രാമസഭ ചേര്‍ന്ന് പ്രതിരോധപ്രവര്‍ത്തനങ്ങള്‍ ചര്‍ച്ച ചെയ്യും. ജില്ലാതലത്തില്‍ മന്ത്രിമാര്‍ക്ക് പ്രത്യേക ചുമതല നല്‍കാനും യോഗം തീരുമാനിച്ചു.
തദ്ദേശസ്വയംഭരണം, ആരോഗ്യം, പൊതുമരാമത്ത്, തൊഴില്‍, വനം തുടങ്ങിയ വകുപ്പുകള്‍ ചേര്‍ന്നാണ് കര്‍മ്മപരിപാടികള്‍ സംഘടിപ്പിക്കുക. കൊതുക് നശീകരണത്തിനും നിയന്ത്രണത്തിനും പ്രത്യേക ഊന്നല്‍ നല്‍കിയാണ് കര്‍മ്മപരിപാടി തയാറാക്കിയിട്ടുള്ളത്. പ്രതിരോധ പരിപാടി വിജയിപ്പിക്കുന്നതിന് തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ സഹകരണത്തോടെ സംസ്ഥാനതലത്തില്‍ വിപുലമായ പ്രചാരണം സംഘടിപ്പിക്കും. ഖര, ദ്രവ മാലിന്യസംസ്‌കരണം കര്‍മ്മപരിപാടിയിലെ പ്രധാന ഇനമാണ്. വാര്‍ഡുതല ആരോഗ്യസമിതികളുടെ പ്രവര്‍ത്തനം ശക്തിപ്പെടുത്തും. ആരോഗ്യപ്രവര്‍ത്തകര്‍ക്ക് പരിശീലനം നല്‍കും. ഇതരസംസ്ഥാന തൊഴിലാളികളുടെ താമസസ്ഥലങ്ങള്‍ ശുചിയായി സൂക്ഷിക്കുന്നതിനു നടപടിയെടുക്കും. ഇതര സംസ്ഥാന തൊഴിലാളികള്‍ക്കിടയില്‍ മെഡിക്കല്‍ ക്യാംപുകള്‍ സംഘടിപ്പിക്കും.
ജലക്ഷാമമുളള പ്രദേശങ്ങള്‍ കണ്ടെത്തി ശുദ്ധജലവിതരണം ഉറപ്പാക്കും. ജലവിതരണ പൈപ്പുകളുടെ അറ്റകുറ്റപ്പണികള്‍ സമയബന്ധിതമായി പൂര്‍ത്തിയാക്കും. വളര്‍ത്തുമൃഗങ്ങള്‍ക്ക് പ്രതിരോധ കുത്തിവയ്പുകള്‍ നല്‍കും. തെരുവുനായ്ക്കളുടെ വന്ധ്യംകരണത്തിനും വാക്‌സിനേഷനും സാങ്കേതിക സഹായം നല്‍കും. ഓടകളുടെ അറ്റകുറ്റപ്പണി സമയബന്ധിതമായി പൂര്‍ത്തിയാക്കും. സര്‍ക്കാര്‍ കെട്ടിടങ്ങളുടെ അറ്റകുറ്റപ്പണികളും ശുചീകരണവും ഉറപ്പാക്കും.
കൊതുകുകള്‍ പെരുകുന്നത് തടയാന്‍ വിവിധ മാര്‍ഗങ്ങള്‍ ഉപയോഗിക്കും. പൊതുജന പങ്കാളിത്തത്തോടെയാണ് കൊതുകുനശീകരണ പ്രവര്‍ത്തനങ്ങള്‍ നടപ്പാക്കുക. മധ്യവേനല്‍ അവധിക്കുശേഷം സ്‌കൂള്‍ തുറക്കുന്നതിനു മുന്‍പ് സമഗ്രമായ ശുചീകരണവും കൊതുക്, കൂത്താടി നശീകരണവും നടത്തും. ബോധവല്‍ക്കരണ പരിപാടികളില്‍ അധ്യാപകരുടെയും വിദ്യാര്‍ഥികളുടെയും പങ്കാളിത്തം ഉറപ്പാക്കും. റബര്‍ തോട്ടങ്ങള്‍ ഉള്‍പ്പെടെയുള്ള കൃഷിസ്ഥലങ്ങളില്‍ കൊതുകു വര്‍ധനയ്ക്കുള്ള സാധ്യതകള്‍ ഇല്ലാതാക്കും. ഫിഷിങ് ഹാര്‍ബറുകളിലും തീരപ്രദേശങ്ങളിലും കൊതുകുകള്‍ പെരുകുന്നതിനുള്ള സാഹചര്യം ഇല്ലാതാക്കും. മലമ്പനിബാധിത സംസ്ഥാനങ്ങളില്‍നിന്ന് വരുന്ന ട്രെയിനുകളിലെ കോച്ചുകളില്‍ കൊതുക് നശീകരണം ഉറപ്പാക്കും. റെയില്‍വേ സ്റ്റേഷനിലും പരിസരങ്ങളിലും കൊതുക്, എലി എന്നിവ പെരുകുന്ന സാഹചര്യം നിയന്ത്രിക്കും. ആശുപത്രികളും പരിസരങ്ങളും ശുചീകരിച്ച് കൊതുക് മുക്തമാക്കാനും യോഗത്തില്‍ തീരുമാനിച്ചു.
മന്ത്രിമാരായ കെ.കെ ശൈലജ, എ.കെ ബാലന്‍, ടി.പി രാമകൃഷ്ണന്‍, ജി. സുധാകരന്‍, കെ.ടി ജലീല്‍, കെ. രാജു, സി. രവീന്ദ്രനാഥ് എന്നിവര്‍ യോഗത്തില്‍ പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."