ബംഗ്ലാദേശില്‍ മുന്‍ മേയറുടെ അനുസ്മരണ പരിപാടിക്കിടെ തിക്കുംതിരക്കും; 10 മരണം
ധാക്ക: ബംഗ്ലാദേശ് നഗരമായ ചിറ്റഗോങ്ങില്‍ അന്തരിച്ച മുന്‍ മേയറുടെ അനുസ്മരണ പരിപാടിക്കിടെ നടന്ന തിക്കിലും തിരക്കിലും 10 പേര്‍ മരിച്ചു. 30ലേറെ പേര്‍ക്ക് പരുക്കേറ്റു. കഴിഞ്ഞ ദിവസം ചിറ്റഗോങ് മുന്‍ മേയറായ മുഹ്‌യുദ്ദീന്‍ ചൗധരിയുടെ ഖബറടക്കത്തിനു ശേഷം നടന്ന അനുസ്മരണ പരിപാടിയിലാണു ശക്തമായ തിക്കും തിരക്കും അനുഭവപ്പെട്ടത്.
നഗരത്തിനടുത്തുള്ള ജമാല്‍ ഖാനില്‍ ന്യൂനപക്ഷമായ ഹിന്ദു സമുദായത്തിനു വേണ്ടി പ്രത്യേകം സംഘടിപ്പിച്ച അനുസ്മരണ പരിപാടിയിലാണു സംഭവം. മേയറുടെ സ്മരണാര്‍ഥം വിതരണം ചെയ്ത ഭക്ഷണത്തിനായി തിരക്കുകൂട്ടിയതാണു ദുരന്തത്തിനിടയാക്കിയത്. പരുക്കേറ്റവരില്‍ പകുതിയിലേറെ പേരുടെ നില ഗുരുതരമായതിനാല്‍ മരണസംഖ്യ ഇനിയും ഉയരാനിടയുണ്ടെന്ന് പൊലിസ് അറിയിച്ചു.
വെള്ളിയാഴ്ചയാണ് ബംഗ്ലാദേശ് അവാമി ലീഗ് നേതാവായ മുഹ്‌യുദ്ദീന്‍ ചൗധരി അന്തരിച്ചത്. 18 വര്‍ഷത്തോളമായി ചിറ്റഗോങ് നഗരസഭാ അംഗമായിരുന്നു അദ്ദേഹം. മരണത്തെ തുടര്‍ന്ന് വിവിധ മതവിഭാഗങ്ങള്‍ക്കായി അനുസ്മരണ ചടങ്ങുകള്‍ സംഘടിപ്പിച്ചിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."