ഗെര്‍ഡിയോളയുടെ കരാര്‍ നീട്ടാനൊരുങ്ങി മാഞ്ചസ്റ്റര്‍ സിറ്റി
ലണ്ടന്‍: പരിശീലകന് പെപ് ഗെര്‍ഡിയോളയുടെ കരാര്‍ നീട്ടാന്‍ ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ് കരുത്തന്മാരായ മാഞ്ചസ്റ്റര്‍ സിറ്റി ആലോചിക്കുന്നതായി റിപ്പോര്‍ട്ടുകള്‍. നിലവില്‍ ഗെര്‍ഡിയോളയുടെ കരാര്‍ 2019 വരെയാണുള്ളത്. പുതിയ കരാര്‍ നല്കി സൂപ്പര്‍ പരിശീലകനെ ദീര്‍ഘ കാലത്തേക്ക് നിലനിര്‍ത്തുകയാണ് സിറ്റി അധികൃതര്‍ ആലോചിക്കുന്നത്.
ബാഴ്സലോണ, ബയേണ്‍ മ്യൂണിക്ക് ക്ലബുകളെ പരിശീലിപ്പിച്ച ശേഷമാണ് പെപ് 2016ല്‍ ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ് ടീമിന്റെ അമരക്കാരനായത്. ആദ്യ സീസണില്‍ കാര്യമായ ചലനങ്ങള്‍ സൃഷ്ടിക്കാന്‍ അദ്ദേഹത്തിന് സാധിച്ചില്ലെങ്കിലും ഈ സീസണില്‍ അപരാജിത മുന്നേറ്റമാണ് സിറ്റി ലീഗില്‍ നടത്തുന്നത്. ഒപ്പം ചാംപ്യന്‍സ് ലീഗിലും കരുത്തോടെയാണ് കുതിപ്പ്.
സീസണില്‍ 16 തുടര്‍ പ്രീമിയര്‍ ലീഗ് വിജയവുമായി റെക്കോര്‍ഡിട്ട് ഏതാണ്ട് കിരീടമുറപ്പിച്ചാണ് സിറ്റിയുടെ മുന്നേറ്റം. മാഞ്ചസ്റ്റര്‍ യുനൈറ്റഡ്, ചെല്‍സി, ലിവര്‍പൂള്‍ തുടങ്ങി, കഴിഞ്ഞ ദിവസം ടോട്ടനം ഹോട്സ്പര്‍ വരെയുള്ള കരുത്തന്മാര്ക്കെല്ലാം ഇത്തവണ സിറ്റിക്ക് മുന്നില്‍ അടിയറവ് പറയേണ്ടി വന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."