രാഹുലിനോടുള്ള ഇഷ്ടം വോട്ടാക്കി മാറ്റിയില്ല- അഹമദ് പട്ടേല്‍
ന്യൂഡല്‍ഹി: അടിത്തട്ടിലുള്ള പ്രവര്‍ത്തനങ്ങളില്‍ വന്ന പാളിച്ചയാണ് ഗുജറാത്തില്‍ കോണ്‍ഗ്രസിന് സംഭവിച്ചതെന്ന തുറന്നു പറച്ചിലുമായി രാജ്യസഭ എം.പിയും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവുമായ അഹമ്മദ് പട്ടേല്‍ രംഗത്ത്. എന്നാല്‍ കൃത്യവും ഫലപ്രദവുമായ സമര തന്ത്രങ്ങളാണ് ബി.ജെ.പി ആവിഷകരിച്ചിരുന്നതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
ഗുജറാത്തില്‍ രാഹുല്‍ ഗാന്ധിയോട് ജനങ്ങള്‍ക്കുണ്ടായ ഇഷ്ടം വോട്ടാക്കി മാറ്റാന്‍ കോണ്‍ഗ്രസിനായില്ലെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. പ്രചരണരംഗത്ത് സജീവമായിരുന്ന രാഹുല്‍ വോട്ടര്‍മാരുടെ സ്‌നേഹവും ആരാധനയും കവര്‍ന്നെടുത്തു. എന്നാല്‍ ഇത് വോട്ടാക്കി മാറ്റാന്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്കായില്ല- സോണിയ ഗാന്ധിയുടെ വിശ്വസ്തനായ അഹമ്മദ് പട്ടേല്‍ ചൂണ്ടിക്കാട്ടി.
കോണ്‍ഗ്രസ് പ്രസിഡന്റ് എന്ന നിലയ്ക്ക് വളരെ നല്ല പ്രവര്‍ത്തനമാണ് രാഹുല്‍ കാഴ്ച വെച്ചത്. തെരഞ്ഞടുപ്പ് ദിവസം വോട്ടര്‍മാരെ പോളിങ്ങ് ബൂത്തിലെത്തിക്കാനുള്ള ഉത്തരവാദിത്തം രാഹുലിന്റേതല്ല. ബി.ജെ.പിയെക്കൊണ്ട് പൊറുതി മുട്ടിയ ഗുജറാത്തില്‍ കുറേക്കൂടി ശ്രദ്ധയോടെ പ്രവര്‍ത്തിക്കാന്‍ കഴിഞ്ഞിരുന്നുവെങ്കില്‍ ഏഴോ എട്ടോ സീറ്റുകളില്‍ കൂടി നിഷ്പ്രയാസം വിജയിക്കാന്‍ കോണ്‍ഗ്രസിനാകുമായിരുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. എന്നാല്‍ തങ്ങളുടെ സ്ഥാനാര്‍ഥികളായിരുന്നു എതിര്‍കക്ഷികളേക്കാള്‍ മികച്ചവരെന്നും അദ്ദേഹം അവകാശപ്പെട്ടു.
കോണ്‍ഗ്രസിന്റെ സഖ്യകക്ഷികളേയും പേരെടുത്തു പറയാതെ അഹമ്മദ് പട്ടേല്‍ വിമര്‍ശിച്ചു. സഖ്യകക്ഷികളുമായുള്ള സീറ്റ് ചര്‍ച്ചകളില്‍ പാര്‍ട്ടി കുറച്ചു കൂടി ശ്രദ്ധകാണിക്കേണ്ടിയിരുന്നുവെന്ന് അദ്ദേഹം പറഞ്ഞു.
ഭരണത്തിലിരിക്കുന്ന ബി.ജെ.പി സംസ്ഥാന കേന്ദ്ര സംവിധാനങ്ങളും ഉപയോഗപ്പെടുത്തിയിതായി അദ്ദേഹം ചൂണ്ടിക്കാട്ടി.
ജനങ്ങളുടെ അഭായര്‍ഥന പ്രകാരമായിരുന്നു രാഹുലിന്റെ ക്ഷേത്ര സന്ദര്‍ശനങ്ങളെന്നു അദ്ദേഹം വ്യക്തമാക്കി. തന്നെ ആരും ഒതുക്കിയിട്ടില്ലെന്നും എപ്പോഴും കൂടെയുണ്ടാവണമെന്ന് രാഹുല്‍ തന്നോട് ആവശ്യപ്പെടാറുണ്ടായിരുന്നുവെന്നും പട്ടേല്‍ പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."