മോദിയുടെ സന്ദര്‍ശനം തടയാന്‍ ശ്രമിച്ചുവെന്നത് അടിസ്ഥാന രഹിതമെന്ന് സര്‍ക്കാര്‍
തിരുവന്തപുരം: ഓഖി ദുരിതബാധിതരെ സന്ദര്‍ശിക്കാന്‍ പ്രധാനമന്ത്രി നരേന്ദ്രമോദി എത്തുന്നത് തടയാന്‍ സര്‍ക്കാര്‍ ശ്രമിച്ചെന്ന വാര്‍ത്ത അടിസ്ഥാന രഹിതമാണെന്ന് മുഖ്യമന്ത്രിയുടെ ഓഫിസ് അറിയിച്ചു. പ്രധാനമന്ത്രിയുടെ സന്ദര്‍ശനം തടയുന്നതിന് സര്‍ക്കാര്‍ തലത്തില്‍ ഇടപെടലുണ്ടായെന്ന് ബി.ജെ.പി നേതൃത്വം ആരോപിച്ചെന്ന് ചൂണ്ടിക്കാട്ടിയാണ് ചില മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തത്.
പ്രധാനമന്ത്രി കേരളം സന്ദര്‍ശിക്കുന്നുവെന്ന വിവരം 16 നാണ് സംസ്ഥാന സര്‍ക്കാരിന് ലഭിക്കുന്നത്. ഡിസംബര്‍ 18,19 ദിവസങ്ങളില്‍ പ്രധാനമന്ത്രി കേരളം സന്ദര്‍ശിക്കാന്‍ സാധ്യതയുണ്ടെന്നുള്ള അറിയിപ്പായിരുന്നു ഇത്. എന്നാല്‍ ഇതില്‍ തിരുവനന്തപുരത്തെ അദ്ദേഹത്തിന്റെ സന്ദര്‍ശന സ്ഥലം വ്യക്തമാക്കിയിരുന്നില്ല. പ്രധാനമന്ത്രിയുടെ ഓഫിസില്‍ നിന്ന് ആദ്യം ലഭിച്ച കാര്യപരിപാടിയുടെ പട്ടികയില്‍ 18ന് കൊച്ചിയില്‍ എത്തുമെന്നും അവിടെ നിന്നും ലക്ഷദ്വീപിലേക്ക് പോകുമെന്നുമാണ് അറിയിച്ചിരുന്നത്. തുടര്‍ന്ന് 19ന് തിരുവനന്തപുരം സന്ദര്‍ശിക്കുമെന്നും പട്ടികയില്‍ ഉണ്ടായിരുന്നു. എന്നാല്‍ അവസാനം ലഭിച്ച പരിപാടി പ്രകാരം അതില്‍ മാറ്റം വരുത്തിയിരുന്നു. ഇന്നലെ മോദി മംഗളൂരുവില്‍ എത്തിയിരുന്നു. തുടര്‍ന്ന് ഇന്ന് രാവിലെയാണ് ലക്ഷദ്വീപിലേക്ക് പോയത്. ലക്ഷദ്വീപിലെ സന്ദര്‍ശനം പൂര്‍ത്തിയായ ശേഷം അദ്ദേഹം കേരളത്തില്‍ എത്തും.
പ്രധാനമന്ത്രിയുടെ ഓഫിസാണ് അദ്ദേഹത്തിന്റെ കാര്യപരിപാടി തയാറാക്കുന്നത്. പ്രധാനമന്ത്രിയുടെ സന്ദര്‍ശനസ്ഥലമോ തിയതിയോ തീരുമാനിക്കുന്നതില്‍ സംസ്ഥാന സര്‍ക്കാരുകള്‍ക്ക് യാതൊരു പങ്കും ഇല്ലെന്ന് സര്‍ക്കാര്‍ വിശദീകരണത്തില്‍ പറയുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."