ഗുജറാത്തിനു ശേഷം എന്ത്
ഗുജറാത്ത് തെരഞ്ഞെടുപ്പു ഫലപ്രഖ്യാപനാനന്തരം ബി.ജെ.പി ആസ്ഥാനത്ത് ആഹ്ലാദം പ്രകടിപ്പിക്കാനെത്തിയ പ്രധാനമന്ത്രി നരേന്ദ്രമോദി ശരിക്കും ആഹ്ലാദഭരിതനായിരുന്നോ. അദ്ദേഹത്തിന്റെ പ്രകടനം ആഹ്ലാദം തോന്നിക്കുന്നതായിരുന്നെങ്കിലും മനസ്സില്‍ സന്തോഷം തിരതല്ലാന്‍ ഒരു സാധ്യതയുമില്ല. ഗുജറാത്തില്‍ 150 സീറ്റിന്റെ ഉറച്ച അവകാശവാദമുയര്‍ത്തിയിട്ടും ഇന്ത്യയിലെ മുഴുവന്‍ എക്‌സിറ്റ് പോള്‍ ഫലങ്ങളും ഏതാണ്ട് അതിനടുത്തുവരെ എത്തിയിട്ടും 22 വര്‍ഷത്തെ ഭരണപാരമ്പര്യം അവകാശപ്പെടാനുണ്ടായിട്ടും നൂറു തികയ്ക്കാന്‍ ബി.ജെ.പിക്കു കഴിഞ്ഞില്ല. പിന്നെങ്ങനെ മോദിക്കു മതിമറന്ന് ആഹ്ലാദിക്കാന്‍ കഴിയും.
സംഘ്പരിവാര്‍ രാഷ്ട്രീയത്തിന്റെ ഉരുക്കുകോട്ടയായ ഗുജറാത്തില്‍ ഇപ്പോള്‍ ബി.ജെ.പി അതിജീവനത്തിനായുള്ള കൈകാലിട്ടടിക്കലിലാണെന്നു പറയാം. കാരണം, രാജ്യത്തിന്റെയും സംസ്ഥാനത്തിന്റെയും ഭരണം കൈയിലുണ്ടായിട്ടും പ്രധാനമന്ത്രി മറ്റെല്ലാ പരിപാടികളും മാറ്റിവച്ചു ഗുജറാത്തിലെ ഓരോ തെരുവിലും നടന്നു വോട്ടഭ്യര്‍ഥന നടത്തിയിട്ടും കൈയിലുള്ള പല മണ്ഡലങ്ങളും നഷ്ടപ്പെടുന്ന കാഴ്ചയാണു കണ്ടത്. പ്രധാനമന്ത്രിയുടെ ജന്മനാടു കൂടി ഉള്‍പ്പെടുന്ന മണ്ഡലംപോലും കോണ്‍ഗ്രസ്സുകാര്‍ പിടിച്ചെടുത്തു.
താരതമ്യേന അഹിംസാവാദികളായ ഗുജറാത്തികളുടെ മനസ്സിനെ തീവ്രഹിന്ദുത്വമെന്ന വര്‍ഗീയവികാരത്തിലേക്കു പരിവര്‍ത്തനം ചെയ്‌തെടുക്കുന്നതില്‍ നരേന്ദ്രമോദി വലിയ പങ്കാണു വഹിച്ചത്. ജനങ്ങളുടെ വിശപ്പിനും ദുരിതത്തിനുമപ്പുറം വര്‍ഗീയവികാരം അവരുടെ മനസ്സില്‍ ഊട്ടിയുറപ്പിക്കാന്‍ കഴിഞ്ഞതിനാലാണ് ഒരു പരാതിയും കേള്‍ക്കാതെ 22 വര്‍ഷം ഗുജറാത്ത് ഭരിക്കാന്‍ ബി.ജെ.പിക്കു സാധിച്ചത്. ആ കീഴ്‌വഴക്കത്തിനാണ് ഇത്തവണ ഇടിവു സംഭവിച്ചിരിക്കുന്നത്.
വ്യവസായികളും വ്യാപാരികളുമായ ഭൂരിപക്ഷം ഗുജറാത്തികളെ അവരുടെ സുരക്ഷിതത്വം ഓര്‍മപ്പെടുത്തിയും സുരക്ഷ വാഗ്ദാനം ചെയ്തുമാണു ബി.ജെ.പി വോട്ട് ബാങ്കാക്കി കൂടെ നിര്‍ത്തിയിരുന്നത്. മറ്റെല്ലാറ്റിനേക്കാളും ഗുജറാത്തികള്‍ അവരുടെ വ്യവസായ,വാണിജ്യ താല്‍പര്യങ്ങള്‍ക്കാണു മുന്‍തൂക്കം കൊടുത്തുപോരുന്നത്. സാധാരണക്കാരുടെ ദാരിദ്ര്യവും തൊഴിലില്ലായ്മയും പട്ടിണിയും തെരഞ്ഞെടുപ്പു വിഷയമാവാതിരിക്കാന്‍ ബി.ജെ.പി ശ്രമിച്ചു.
ആ വിഷയങ്ങള്‍ ഉയര്‍ത്തിക്കൊണ്ടുവരാന്‍ സംഘടനാദൗര്‍ബല്യം അനുഭവിച്ചുവന്ന കോണ്‍ഗ്രസ്സിനു കഴിഞ്ഞതുമില്ല. എന്നാല്‍, വര്‍ഷങ്ങളോളം തങ്ങള്‍ അനുഭവിച്ച കഷ്ടപ്പാടുകളും പീഡനങ്ങളും പാര്‍ശ്വവല്‍ക്കരണവും സഹിക്കാതെ ദലിത്, പിന്നാക്കവിഭാഗങ്ങള്‍ ഭരണകൂടത്തിനെതിരേ പ്രതികരിക്കാന്‍ തയാറായി. അഭിമാനത്തിനുവേണ്ടിയുള്ള പോരാട്ടത്തില്‍ അവര്‍ക്കു നേതൃത്വം കൊടുക്കാന്‍ ചെറുപ്പക്കാരായ ജിഗ്‌നേഷ് മേവാനിയും അല്‍പേഷ് താക്കൂറും രംഗത്തുവന്നു. ബി.ജെ.പി ഭരണത്തില്‍ അസംതൃപ്തരായ പട്ടേല്‍ വിഭാഗത്തെ സമരമുഖത്തേക്കു നയിച്ച് ഹാര്‍ദിക് പട്ടേല്‍ ഉദിച്ചുയര്‍ന്നതാണു ഗുജറാത്തില്‍ കൊടുങ്കാറ്റു വീശലിന്റെ തുടക്കമായത്. തങ്ങള്‍ക്കു പറയത്തക്ക സംഘടനാസംവിധാനം ഗുജറാത്തിലില്ലെങ്കിലും അടുത്തകാലത്ത് രാഹുല്‍ഗാന്ധിക്കു ലഭിച്ച ദേശീയപ്രാധാന്യം മുതലാക്കി ഗുജറാത്തിലെ അസംതൃപ്തവിഭാഗത്തെ ഒപ്പംകൂട്ടാന്‍ കോണ്‍ഗ്രസ് തയാറായതാണ് അവര്‍ നടത്തിയ ഏറ്റവും വലിയ രാഷ്ട്രീയതന്ത്രം. ഹാര്‍ദിക്കും മേവാനിയും അല്‍പ്പേഷും തിരികൊളുത്തിയ ബി.ജെ.പി വിരുദ്ധ പോരാട്ടത്തിനു രാഹുല്‍ ഗാന്ധിയുടെ വ്യക്തിപ്രഭാവം ഏറെ തുണയായി. ഈ പ്രത്യേക സാഹചര്യമാണു ബി.ജെ.പിക്കു ഗുജറാത്തിലുണ്ടായ വിജയത്തിന്റെ ശോഭ കെടുത്തിക്കളഞ്ഞത്.
പക്ഷേ, ഇത് എത്രകാലം നിലനിര്‍ത്തിക്കൊണ്ടു പോകാന്‍ രാഹുല്‍ഗാന്ധിക്കു കഴിയുമെന്നതാണ് പ്രസക്തമായ ചോദ്യം. എന്തൊക്കെ പറഞ്ഞാലും ഇപ്പോഴുള്ളത് തട്ടിക്കൂട്ടിയ സഖ്യമാണ്. ഇതേപോലെ തട്ടിക്കൂട്ടിയ സഖ്യമായിരുന്നു ബിഹാറിലും ഉണ്ടായത്. ബദ്ധശത്രുക്കളായ നിതീഷ്‌കുമാറിനെയും ലാലു പ്രസാദ് യാദവിനെയും മനസ്സുകൊണ്ട് ഒന്നിപ്പിക്കാതെ നേടിയ താല്‍ക്കാലിക തെരഞ്ഞെടുപ്പു വിജയമാണ് അവിടെ അതിവേഗത്തില്‍ തകര്‍ന്നടിഞ്ഞത്. അധികാരമോഹിയായ നിതീഷ് കുമാര്‍ പഴയ കൂട്ടാളികളായ സംഘ് പരിവാറിനൊപ്പം ചേര്‍ന്ന് അധികാരമുറപ്പിക്കുകയായിരുന്നു.
താല്‍ക്കാലിക കൂട്ടുകെട്ടുകള്‍ ദീര്‍ഘകാലം നിലനില്‍ക്കില്ല. ഒരുപക്ഷേ, ബിഹാര്‍ ഗുജറാത്തില്‍ ആവര്‍ത്തിച്ചുകൂടായ്കയില്ല. വ്യക്തമായ നയത്തിന്റെയും പരിപാടികളുടെയും അടിസ്ഥാനത്തില്‍ വേണം മുന്നണികള്‍ രൂപപ്പെടുത്താന്‍. കോണ്‍ഗ്രസ്സിനെ ശക്തിപ്പെടുത്തുന്നതോടൊപ്പം ഇത്തരമൊരു സംവിധാനത്തിനായിരിക്കണം രാഹുല്‍ ഗാന്ധിയുടെ ഇനിയുള്ള ശ്രമം. ബി.ജെ.പി തീവ്രവര്‍ഗീയത ചുരത്തുമ്പോള്‍ ബദലായി കോണ്‍ഗ്രസ് പ്രയോഗിക്കേണ്ടത് മൃദുഹിന്ദുത്വ സമീപനമല്ല. ബി.ജെ.പി വിഭാവനം ചെയ്യുന്ന ഹിന്ദുത്വരാഷ്ട്രമെന്ന അജന്‍ഡയ്ക്ക് ഊര്‍ജം പകരാനേ അതുപകരിക്കൂ.
കോണ്‍ഗ്രസ്സിന്റെ അടിസ്ഥാനം മതേതരത്വമാണ്. മുഴുവന്‍ ജനങ്ങളെയുമാണ് ആ പാര്‍ട്ടി അഭിസംബോധന ചെയ്യേണ്ടത്. വരാനിരിക്കുന്ന കര്‍ണാടക, മധ്യപ്രദേശ്, രാജസ്ഥാന്‍, ഛത്തിസ്ഗഡ് നിയമസഭാ തെരഞ്ഞെടുപ്പുകളില്‍ മോദി സര്‍ക്കാര്‍ രാജ്യത്തു വരുത്തിവച്ച ദുരിതങ്ങളും തൊഴിലില്ലായ്മയും ജി.എസ്.ടി ദുരന്തവും നോട്ട് നിരോധന കെടുതികളും അഴിമതിയുമാണ് ഉയര്‍ത്തിക്കൊണ്ടുവരേണ്ടത്. ഗുജറാത്തില്‍ ആദ്യഘട്ട തെരഞ്ഞെടുപ്പില്‍ ഈ നയമായിരുന്നു കോണ്‍ ഗ്രസ് സ്വീകരിച്ചത്. അതിന്റെ ഗുണം കോണ്‍ ഗ്രസ്സിനു കിട്ടിയെന്നറിഞ്ഞപ്പോഴാണ് നരേന്ദ്രമോദി തരംതാണ പാകിസ്താന്‍ പരാമര്‍ശം എടുത്തിട്ടത്. മൃദുഹിന്ദുത്വ സമീപനത്തിലൂന്നിക്കൊണ്ടുളള കോണ്‍ഗ്രസ്സിന്റെ രണ്ടാംഘട്ട തെരഞ്ഞെടുപ്പു പ്രചാരണം ആ ചെളിക്കുണ്ടില്‍ വീഴുകയും ചെയ്തു. മതേതര,ജനാധിപത്യ മൂല്യങ്ങളില്‍ ഊന്നിക്കൊണ്ടുള്ള സമീപനമാണ് രാജ്യത്തെ മതേതര, ജനാധിപത്യ വിശ്വാസികള്‍ കോണ്‍ ഗ്രസ്സില്‍നിന്നു പ്രതീക്ഷിക്കുന്നത്. ഇന്ത്യയിലെ മുഴുവന്‍ ഹിന്ദുക്കളും ഹിന്ദുത്വവാദികളെല്ലെന്നു കോണ്‍ഗ്രസ് ഓര്‍ക്കണം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."