ബി.ജെ.പിയുടെ ഗുജറാത്ത് മോഡല്‍ പരാജയമെന്ന് ശിവസേന
മുംബൈ: തെരഞ്ഞെടുപ്പ് ഫലം പുറത്തുവന്നതിനു പിന്നാലെ ബി.ജെ.പിക്കെതിരേ പരിഹാസവുമായി ശിവസേന. ബി.ജെ.പിയുടെ ഗുജറാത്ത് മോഡലിന് ഇളക്കം തട്ടിയെന്നും ഗുജറാത്ത് മോഡല്‍ അവകാശവാദം പരാജയമാണെന്നും ശിവസേന വ്യക്തമാക്കി. പാര്‍ട്ടി മുഖപത്രമായ സാമ്‌നയുടെ മുഖപ്രസംഗത്തിലാണ് ബി.ജെ.പിക്കെതിരായ ആക്രമണം.
വൈകാരിക വിഷയങ്ങളും ഹിന്ദു-മുസ്‌ലിം അകല്‍ച്ചയുമാണ് ഗുജറാത്തില്‍ ബി.ജെ.പി പ്രചാരണായുധമാക്കിയത്. 22വര്‍ഷത്തെ വികസനത്തെക്കുറിച്ച് പറയാന്‍ ഒരു നേതാക്കള്‍ക്കും സാധിച്ചില്ല. ഗുജറാത്ത് തെരഞ്ഞെടുപ്പ് ബി.ജെ.പിക്കുള്ള മുന്നറിയിപ്പാണ്.
2019ലെ പൊതു തെരഞ്ഞെടുപ്പില്‍ ബി.ജെ.പി രക്ഷപ്പെടാന്‍ സാധ്യതയില്ലെന്നും മുഖപ്രസംഗം പറയുന്നു. ഗുജറാത്തില്‍ ബി.ജെ.പി നേടിയ വിജയത്തേക്കാളേറെ ചര്‍ച്ച ചെയ്യപ്പെടുന്നത് രാഹുല്‍ ഗാന്ധിയുടെ കഴിവിനെക്കുറിച്ചാണ്. അതുകൊണ്ടുതന്നെ ഗുജറാത്ത് തെരഞ്ഞെടുപ്പില്‍ യഥാര്‍ഥ വിജയി കോണ്‍ഗ്രസാണെന്നും പറയുന്നു.
ബി.ജെ.പി വീണ്ടും അധികാരത്തിലേറിയത് അത്രവലിയ സംഭവമല്ലെന്ന് പാര്‍ട്ടി എം.പി സഞ്ജയ് റാവത്ത് പറഞ്ഞു.
തെരഞ്ഞെടുപ്പില്‍ യഥാര്‍ഥ വിജയി കോണ്‍ഗ്രസാണ്. അവര്‍ തെരഞ്ഞെടുപ്പില്‍ പരാജയപ്പെട്ടിട്ടുണ്ടാകാം. എന്നാല്‍ ബി.ജെ.പിയെ പരാജയപ്പെടുത്താന്‍ അവര്‍ക്ക് സാധിച്ചിട്ടുണ്ട്. ഗുജറാത്തില്‍ 22 വര്‍ഷമായി ബി.ജെ.പി ഭരണത്തിലിരിക്കുന്നു.
അതുകൊണ്ടു തന്നെ വിജയത്തെ അത്രവലിയ സംഭവമായി കാണാന്‍ സാധിക്കില്ലെന്നും അദ്ദേഹം പ്രതികരിച്ചു. നോട്ടുനിരോധനം വഴി പാവങ്ങളുടെ പോക്കറ്റ് ശൂന്യമാക്കി അവരെ ഇല്ലായ്മ ചെയ്യാനാണ് ബി.ജെ.പി ശ്രമിച്ചത്. അതിന്റെ ഫലമാണ് ഇത്തവണ ഗുജറാത്തില്‍ കാണാനായതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."