ശുചീകരണവും പറവ പരിപാലനവും; അലി ഒരു പാഠപുസ്തകമാണ്
കയ്പ്പമംഗലം: സ്വന്തം ജീവിതം കൊണ്ട് മറ്റുള്ളവര്‍ക്ക് പാഠമാകുന്ന ചിലരുണ്ട്. അങ്ങനെയൊരാളാണ് കല്ലിപ്പറമ്പില്‍ അലി എന്ന കൊപ്രക്കളം അലി. കൊപ്രക്കളത്തിന്റെ ഓരോ പുലരിയും അലിക്ക് സേവനത്തിന്റെ തുടക്കമാണ്.
രാവിലെ നേരത്തെ കൊപ്രാകളത്തിലെത്തുന്ന അലി തന്റെ നിത്യ ജോലികളില്‍ ഒന്നായ ശുചീകരണ പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കമിടും. കൊപ്രാക്കളം സെന്ററില്‍ നിന്ന് കൂരിക്കുഴിയിലേക്കുള്ള റോഡിന്റെ ഒരു വശം ചപ്പുചവറുകള്‍ കണ്ട് ഇവിടത്തുകാര്‍ക്ക് ശീലമില്ല. ആളുകളെല്ലാം റോഡിലെത്തും മുന്‍പ് അലി അതെല്ലാം അടിച്ച് വൃത്തിയാക്കി വാഹനയാത്രക്കാര്‍ക്ക് വാഹനം സൂക്ഷിക്കാന്‍ സൗകര്യമൊരുക്കി കൊടുക്കും.
റോഡിന്റെ മറുവശം ചീരയും അലി നട്ടുപരിപാലിക്കുന്നു. മുന്‍പ് ഇവിടെ ചെണ്ടുമല്ലിയായിരുന്നു വളര്‍ത്തിയിരുന്നത്.എന്നാല്‍ ഇക്കുറി ചീരയാണ് അലി തിരഞ്ഞെടുത്തത്. രാവിലെ അലിയുടെ വരവും കാത്ത് നില്‍ക്കുന്ന മറ്റൊരു കൂട്ടര്‍ കൂടിയുണ്ട് കൊപ്രക്കളത്തില്‍. ഒരു പറ്റം പ്രാവുകളും കാക്കകളുമാണവര്‍.
തങ്ങള്‍ക്കുള്ള ഭക്ഷണവുമായി അലി വരുന്നതും കാത്ത് രാവിലെ തന്നെ സമീപത്തെ മരങ്ങളിലും കെട്ടിടങ്ങളിലുമായി അവര്‍ ഇരിപ്പുറപ്പിക്കും. ശുചീകരണം കഴിഞ്ഞ് അലിയുടെ ജോലി ഇവര്‍ക്കായി തയ്യാറാക്കിവെച്ച തീറ്റയും വെള്ളവും നല്‍കലാണ്.
വലിയ ഷീറ്റ് വിരിച്ച് അരിയും ഗോതമ്പും പച്ചരിയും അടങ്ങുന്ന തീറ്റയാണ് രാവിലെയും വൈകുന്നേരവുമായി വിരുന്നുകാര്‍ക്കായി അലി നല്‍കുന്നത്. ജീവിതത്തിലെ കഷ്ടപ്പാടുകള്‍ക്കിടയിലും ഇതെല്ലാമാണ് അലിയുടെ സന്തോഷങ്ങള്‍.
സൈക്കിളില്‍ കൂര്‍ക്കയും മീനുമെല്ലാം കൊണ്ട് പോയി വില്‍പന നടത്തി ഇതില്‍ നിന്ന് ലഭിക്കുന്ന തുച്ഛമായ വരുമാനമാണ് അലി ഇതിനെല്ലാം ഉപയോഗിക്കുന്നത്. അലിയുടെ നല്ലപ്രവര്‍ത്തനങ്ങള്‍ക്ക് പിന്തുണയുമായി നിരവധി സുമനസ്സുകള്‍ കടന്ന് വരുന്നുണ്ട്. പലരും ധാന്യങ്ങള്‍ വാങ്ങി നല്‍കുകയും ചെറിയ സഹായങ്ങള്‍ നല്‍കുകയും ചെയ്യും. സാമ്പത്തികമായ സഹായങ്ങളെക്കാള്‍ മനസ്സ് നിറഞ്ഞുള്ള പ്രാര്‍ഥനയും സ്‌നേഹവുമാണ് ഇത്തരം പ്രവര്‍ത്തനങ്ങള്‍ ചെയ്യാന്‍ തനിക്ക് കരുത്തേക്കുന്നതെന്ന് അലി പറയുന്നു.
ജീവിതം അലസമായി ജീവിച്ച് തീര്‍ക്കുന്ന യുവതലമുറക്ക് അലിയെപ്പോലുള്ളവരെ മാതൃകയാക്കാം. തിരിച്ചൊന്നും പ്രതീക്ഷിക്കാതെ ഭൂമിയില്‍ തന്റേതായ ഇടം കണ്ടെത്തുകയാണ് കൊപ്രക്കളത്തിന്റെ സ്വന്തം അലി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."