ജറൂസലം പ്രമേയ വോട്ടെടുപ്പ്: ജനറല്‍ അസംബ്ലിക്ക് അമേരിക്കയുടെ ഭീഷണിക്കത്ത്
യു.എന്‍: ജറൂസലമിനെ ഇസ്‌റാഈലിന്റെ തലസ്ഥാനമായി പ്രഖ്യാപിച്ച യു.എസ് തീരുമാനത്തിനെതിരെ കൊണ്ടുവന്ന പ്രമേയത്തില്‍ വോട്ടെടുപ്പു നടക്കാനിരിക്കെ യു.എന്‍ ജനറല്‍ അസംബ്ലിക്ക് അമേരിക്കയുടെ ഭീഷണിക്കത്ത്. അമേരിക്കയുടെ യു.എന്‍ അംബാസഡര്‍ നിക്കി ഹാലെയാണ് കത്തയച്ചത്.
''തങ്ങള്‍ക്കെതിരെ വോട്ട് ചെയ്യുന്നവര്‍ പിന്മാറണം, വോട്ടെടുപ്പ് യു.എസ് പ്രസിഡന്റ് ട്രംപ് ശ്രദ്ധയോടെ വീക്ഷിക്കും''- എന്നിങ്ങനെയാണ് നിക്കി ഹാലെയുടെ ഭീഷണി.
യു.എന്‍ സുരക്ഷാ കൗണ്‍സിലില്‍ പ്രമേയം വോട്ടിനിട്ടപ്പോള്‍ 14 അംഗരാജ്യങ്ങള്‍ അനുകൂലിക്കുകയും അമേരിക്ക വീറ്റോ അധികാരം ഉപയോഗിച്ച് എതിര്‍ക്കുകയും ചെയ്തിരുന്നു. പ്രമേയം പാസായില്ലെങ്കിലും, അമേരിക്ക ഒഴികെയുള്ള എല്ലാ രാജ്യങ്ങളും തീരുമാനത്തിന് എതിരാണെന്ന് വ്യക്തമാക്കാന്‍ ഇതിലൂടെ സാധ്യമായി. വ്യാഴാഴ്ച ജനറല്‍ അസംബ്ലിയില്‍ വോട്ടെടുപ്പ് നടക്കാനിരിക്കെയാണ് ഭീഷണിയുമായി അമേരിക്ക രംഗത്തെത്തിയത്.
ഡിസംബര്‍ 6 നാണ് ജറൂസലമിനെ തലസ്ഥാനമായി അംഗീകരിച്ച് ട്രംപ് വിവാദ പ്രഖ്യാപനം നടത്തിയത്. അമേരിക്കന്‍ എംബസി തെല്‍ അവീവില്‍ നിന്ന് ജറൂസലമിലേക്ക് നീക്കുമെന്നും അമേരിക്ക പ്രഖ്യാപിച്ചു. ഇതില്‍ ഇന്ത്യയടക്കം ലോകരാജ്യങ്ങള്‍ ശക്തമായ എതിര്‍പ്പ് പ്രകടിപ്പിച്ചിരുന്നു.
ഭീഷണി വാക്കുകള്‍
അവഹേളനം, മറക്കാനാവില്ല തുടങ്ങിയ വാക്കുകള്‍ ഉപയോഗിച്ചാണ് നിക്കി ഹാലെയുടെ ഭീഷണിക്കത്ത്.
ഇസ്‌റാഈല്‍- ഫലസ്തീന്‍ പ്രശ്‌നം നല്ല രീതിയില്‍ പരിഹരിക്കുന്നതിനേക്കാള്‍ കാഠിന്യം കൂട്ടുന്നതിന് മറ്റൊരു ഉദാഹരണമാണ് യു.എന്‍ പ്രവര്‍ത്തിയെന്ന് നിക്കി ഹാലെ ട്വീറ്റ് ചെയ്തു.
''നിങ്ങള്‍ അറിയുന്നതു പോലെ, ജറൂസലമിന്റെ കാര്യത്തില്‍ ഈയിടെ പ്രസിഡന്റ് ട്രംപ് എടുത്ത തീരുമാനത്തെ സംബന്ധിച്ച് ജനറല്‍ അസംബ്ലി ഒരു പ്രമേയം പരിഗണിക്കുന്നുണ്ട്. നിങ്ങളുടെ വോട്ട് പരിഗണിക്കുന്നതു പോലെ, ഈ വോട്ട് യു.എസും പ്രസിഡന്റും വ്യക്തിപരമായി എടുക്കുമെന്ന് ഞാന്‍ നിങ്ങളെ അറിയിക്കുന്നു''- ജനറല്‍ അസംബ്ലി അംഗങ്ങള്‍ക്കയച്ച കത്തില്‍ നിക്കി ഹാലെ പറയുന്നു.
22 വര്‍ഷങ്ങള്‍ക്കു മുന്‍പ്, ജറൂസലേം ഇസ്‌റാഈലിന്റെ തലസ്ഥാനമാവണമെന്ന് യു.എസ് കോണ്‍ഗ്രസ് പ്രഖ്യാപിച്ചിരുന്നു. ഔദ്യോഗികമായി ഇത് പ്രഖ്യാപിച്ചതിലൂടെ ട്രംപ് തീരുമാനത്തിന് അംഗീകാരം നല്‍കുകയായിരുന്നുവെന്നും ഹാലെ പറയുന്നു.
ജനറല്‍ അസംബ്ലിയില്‍ ജറൂസലം
കഴിഞ്ഞദിവസം സുരക്ഷാ സമിതിയില്‍ വച്ച അതേ പ്രമേയം തന്നെയാണ് ജനറല്‍ അസംബ്ലിയില്‍ വോട്ടിനിടുന്നത്. ഈജിപ്തും തുര്‍ക്കിയും മുന്‍കൈയ്യെടുത്ത് അവതരിപ്പിച്ച പ്രമേയം, ജനറല്‍ അസംബ്ലിയില്‍ കൊണ്ടുവന്നതാവട്ടെ ഫലസ്തീന്‍ തന്നെ.
ഇസ്‌റാഈലിനെതിരെയും ഫലസ്തീനിലെ കയ്യേറ്റങ്ങള്‍ക്കെതിരെയും യു.എന്‍ സുരക്ഷാ സമിതിയില്‍ അവതരിപ്പിച്ച 42 പ്രമേയമങ്ങളാണ് 1970 മുതല്‍ അമേരിക്ക വീറ്റോ ചെയ്ത് എതിര്‍ത്തത്.
193 അംഗം യു.എന്‍ ജനറല്‍ അസംബ്ലിയിലെ വോട്ടിങില്‍ പ്രമേയം പാസായാലും നിയമപരിരക്ഷ ഉണ്ടാവില്ല. എന്നാല്‍ ഇത് ഒരു ശുപാര്‍ശയായും ജറൂസലം വിഷയത്തില്‍ അന്താരാഷ്ട്ര സമൂഹത്തിന്റെ പിന്തുണ ഫലസ്തീനൊപ്പം ഉണ്ടെന്ന് അറിയിക്കാനും സാധിക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."