ബാങ്ക് ഓഫ് ബറോഡയുടെ കേരള റീജ്യനല്‍ ഓഫിസില്‍ തീപിടിത്തം
കൊച്ചി: ബാങ്ക് ഓഫ് ബറോഡയുടെ കേരള റീജ്യനല്‍ ഓഫിസില്‍ തീപിടിത്തത്തില്‍ ലക്ഷങ്ങളുടെ നഷ്ടം. വ്യാഴാഴ്ച രാവിലെ 6.45ന് എറണാകുളം ടി.ഡി റോഡില്‍ പ്രവര്‍ത്തിക്കുന്ന ഓഫിസിലാണ് തീപിടിത്തമുണ്ടായത്. കമ്പ്യൂട്ടറുകളും അനുബന്ധ ഉപകരണങ്ങളും ഫര്‍ണിച്ചറുകളുമുള്‍പ്പെടെയുള്ളവ കത്തിനശിച്ചു. 25 ലക്ഷത്തിന്റെ നഷ്ടം കണക്കാക്കുന്നു. ഷോര്‍ട്ട് സര്‍ക്യൂട്ടാണ് തീപിടിത്തത്തതിന് കാരണമെന്നാണ് പ്രാഥമിക സൂചന. എന്നാല്‍ ബാങ്കിന്റെ വിലപിടിപ്പുള്ള രേഖകള്‍ നശിച്ചിട്ടില്ലെന്ന് അധികൃതര്‍ പറഞ്ഞു.
രാവിലെ കെട്ടിടത്തില്‍ നിന്ന് പുകയുയരുന്നത് കണ്ട പാല്‍വില്‍പ്പനക്കാരനാണ് അഗ്‌നിശമന സേനയെ വിവരമറിയിച്ചത്. തുടര്‍ന്ന് അഗ്‌നിശമന സേനാംഗങ്ങളെത്തി 8.30ഓടെ തീയണച്ചു. ഓഫിസിലേക്കുള്ള മെയിന്‍ സ്വിച്ച് ഓഫ് ചെയ്തിരുന്നു. മെയിന്‍ സെര്‍വറും കണ്‍വര്‍ട്ടറും തമ്മില്‍ ബന്ധിപ്പിക്കുന്ന ഭാഗത്താണ് ഷോര്‍ട്ട് സര്‍ക്യൂട്ട് ഉണ്ടായതെന്നാണ് സൂചന. 2018ലെ കലണ്ടറുകളും ബാങ്ക് പാസ് ബുക്കുകളും കത്തി നശിച്ചു. ജനറേറ്റര്‍, ഫാനുകള്‍, കസേരകള്‍ എന്നിവയും ചാമ്പലായി. ഓഫിസിന്റെ അകം മുഴുവന്‍ കരിയും പുകയും നിറഞ്ഞു. അഗ്‌നിശമനയുടെ അഞ്ച് യൂനിറ്റ് ചേര്‍ന്നാണ് ഒരു മണിക്കൂര്‍കൊണ്ട് തീയണച്ചത്. ടി.ഡി റോഡിലെ വാസുദേവ ബില്‍ഡിങ്ങിലെ ഒന്നാം നിലയിലാണ് ബാങ്ക് ഓഫിസ് പ്രവര്‍ത്തിക്കുന്നത്.
ബാങ്ക് ഫയലുകള്‍ വച്ചിരുന്ന അലമാരയിലേക്ക് തീപടരുന്നതിന് മുന്‍പേ നിയന്ത്രിക്കാനായതിനാല്‍ വിലപിടിപ്പുള്ള രേഖകള്‍ നഷ്ടമായില്ലെന്ന് ബാങ്ക് അധികൃതര്‍ പറഞ്ഞു. റീജ്യനല്‍ ഓഫിസ് ആയതിനാല്‍ ഇവിടെ പണമിടപാടുകള്‍ നടക്കുന്നില്ല.
സെര്‍വര്‍ ഉള്‍പ്പെടെ കത്തിയതിനാല്‍ ഏതൊക്കെ രേഖകള്‍ നഷ്ടമായിട്ടുണ്ടെന്ന് വ്യക്തമായിട്ടില്ല. കേരളത്തിലെ ബാങ്ക് ഓഫ് ബറോഡയുടെ 110 ശാഖകള്‍ നിയന്ത്രിക്കുന്നത് എറണാകുളത്തെ റീജ്യനല്‍ ഓഫിസാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."