2ജി സ്‌പെക്ട്രം: കോടതിവിധി കോണ്‍ഗ്രസിന് കരുത്തേകും
ദേശീയരാഷ്ട്രീയത്തില്‍ ഏറെ കോളിളക്കമുണ്ടാക്കുകയും 2014 ലെ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിനെതിരേ ബി.ജെ.പി പ്രധാന പ്രചാരണായുധമാക്കുകയും യു.പി.എയുടെ പതനത്തിനു വഴിവയ്ക്കുകയും ചെയ്ത 2ജി സ്‌പെക്ട്രം അഴിമതിക്കേസിലെ മുഴുവന്‍ പ്രതികളെയും ഡല്‍ഹിയിലെ സി.ബി.ഐ പ്രത്യേകകോടതി വെറുതെവിട്ടിരിക്കുകയാണ്. പ്രതികള്‍ക്കെതിരേ കുറ്റം തെളിയിക്കുന്നതില്‍ പ്രോസിക്യൂഷന്‍ പരാജയപ്പെട്ടിരിക്കുന്നുവെന്ന നിരീക്ഷണത്തോടെയാണു കോടതി കേസ് തള്ളിയത്.
യു.പി.എ സര്‍ക്കാരില്‍ ടെലികോം മന്ത്രിയായിരുന്ന ഡി.എം.കെയിലെ എ. രാജയും കരുണാനിധിയുടെ മകളായ കനിമൊഴിയും കൂടി 1.76 ലക്ഷം കോടിയുടെ അഴിമതി നടത്തിയെന്നായിരുന്നു കേസ്. കോണ്‍ഗ്രസിന് ഈ അഴിമതിയാരോപണത്തില്‍ നേരിട്ടു പങ്കില്ലെങ്കിലും യു.പി.എ മുന്നണിയിലെ ഘടകകക്ഷി നേതാക്കള്‍ നടത്തിയെന്ന് ആരോപിക്കപ്പെട്ട അഴിമതിയുടെ മുഴുവന്‍ പാപഭാരവും ചുമക്കേണ്ടിവന്നതു കോണ്‍ഗ്രസായിരുന്നു.
കൂട്ടുകക്ഷി മന്ത്രിസഭയില്‍ ഘടകകക്ഷികളെ നിയന്ത്രിക്കുന്നതില്‍ പ്രധാനകക്ഷിക്കു പരിമിതിയുണ്ടെന്നും അവസാന തീരുമാനമെടുക്കുന്നത് അവര്‍ തന്നെയായിരിക്കുമെന്നും അന്നത്തെ പ്രധാനമന്ത്രി ഡോ. മന്‍മോഹന്‍സിങ് വിശദീകരിച്ചെങ്കിലും അതൊന്നും ആരും ചെവിക്കൊണ്ടില്ല. 2014 ലെ തെരഞ്ഞെടുപ്പില്‍ 2ജി സ്‌പെക്ട്രം കോണ്‍ഗ്രസിനു വിനയാവുക തന്നെ ചെയ്തു.
സ്വകാര്യ ടെലികോം കമ്പനികള്‍ക്കു കരാര്‍ നല്‍കിയതില്‍ അഴിമതിയുണ്ടെന്നായിരുന്നു കംപ്‌ട്രോളര്‍ ആന്റ് ഓഡിറ്റര്‍ ജനറല്‍ വിനോദ് റായ്‌യുടെ കണ്ടെത്തല്‍. വിനോദ് റായ്‌യുടെ നിലപാടു നിയമപരമായി നിലനില്‍ക്കുന്നതല്ലെന്ന വാദം അന്നുതന്നെ ഉയര്‍ന്നുവന്നിരുന്നു. എന്നാല്‍, സുപ്രിംകോടതിയുടെ മേല്‍നോട്ടത്തില്‍ സി.ബി.ഐ കേസെടുക്കുകയും ടെണ്ടറില്‍ അഴിമതിയുണ്ടെന്നു കണ്ടെത്തുകയും ചെയ്തതിന്റെ അടിസ്ഥാനത്തില്‍ മന്ത്രി എ. രാജയ്‌ക്കെതിരേയും കനിമൊഴിക്കെതിരേയും കേസെടുത്ത് അറസ്റ്റ് ചെയ്യുകയും ചെയ്തു.
ഇവരടക്കം 14 പേരെ പ്രതി ചേര്‍ത്താണു സി.ബി.ഐ കേസ് രജിസ്റ്റര്‍ ചെയ്തത്. നേരത്തെ ഇതു സംബന്ധിച്ചു പാര്‍ലമെന്റ് അന്വേഷണ സമിതി പി.സി ചാക്കോയുടെ നേതൃത്വത്തില്‍ അന്വേഷണം നടത്തിയിരുന്നു. അഴിമതി നടന്നിട്ടില്ലെന്നും നടപടിക്രമങ്ങള്‍ പാലിക്കാതെയാണു ടെണ്ടര്‍ വിളിച്ചതെന്നും സുതാര്യമായിരുന്നില്ല ഇടപാടെന്നും പാര്‍ലമെന്ററി സമിതി കണ്ടെത്തി.
2012 നവംബറില്‍ സി.ബി.ഐ പ്രത്യേകകോടതിയില്‍ ആരംഭിച്ച കേസിന്റെ വിചാരണ അഞ്ചുവര്‍ഷം നീണ്ടുനിന്നു. ഇതിനിടയില്‍ ഡി.എം.കെയില്‍ രാജയും കനിമൊഴിയും പിന്നിലേയ്ക്കു തള്ളപ്പെട്ടു. സ്വതന്ത്ര ഇന്ത്യയുടെ ചരിത്രത്തില്‍ ആദ്യമായാണ് ഒരു സിറ്റിങ് മന്ത്രി അഴിമതിയുടെ പേരില്‍ ജയിലില്‍ പോകുന്നത്. ഡി.എം.കെയുടെ രാഷ്ട്രീയപ്രസക്തി തന്നെ പ്രതിസന്ധിയിലായി. ദേശീയരാഷ്ട്രീയത്തിനു പുറമെ തമിഴ്‌നാട് രാഷ്ട്രീയത്തില്‍പോലും ഡി.എം.കെ അപ്രസക്തമായിക്കൊണ്ടിരിക്കുന്ന ഒരവസരത്തിലാണു സി.ബി.ഐ പ്രത്യേക കോടതി കുറ്റാരോപിതരെ മുഴുവനും വെറുതെവിട്ടിരിക്കുന്നത്.
ഇത് ഡി.എം.കെയ്ക്ക് ഊര്‍ജം നല്‍കും. കോണ്‍ഗ്രസിനെയും പ്രസിഡന്റായി അവരോധിക്കപ്പെട്ട രാഹുല്‍ഗാന്ധിയെയും സംബന്ധിച്ചിടത്തോളം ഈ വിധി കൂടുതല്‍ ഉന്മേഷവും പാര്‍ട്ടിക്കു കരുത്തും നല്‍കും. 2ജി സ്‌പെക്ട്രം അഴിമതിയാരോപണം കോണ്‍ഗ്രസിനെ ആക്രമിക്കുവാന്‍ 2014 ലെ തെരഞ്ഞെടുപ്പില്‍ ബി.ജെ.പിക്കു നല്ലൊരു ആയുധമായിരുന്നു. അണ്ണാഹസാരെ ലോക്പാല്‍ നിയമത്തിനു വേണ്ടിയും അഴിമതിക്കെതിരേയും ഡല്‍ഹിയില്‍ നടത്തിയ നിരാഹാര സമരവും വമ്പിച്ച മുന്നേറ്റമാണു തെരഞ്ഞെടുപ്പു പ്രചാരണത്തില്‍ ബി.ജെ.പിക്കു നല്‍കിയത്. അതിന്റെ ഫലമായി അവര്‍ അധികാരത്തിലെത്തുകയും ചെയ്തു.
തൊഴുത്തില്‍ക്കുത്ത് അണ്ണാ ഡി.എം.കെയുടെ നില പരുങ്ങലിലാക്കിയ അവസ്ഥയില്‍ ഡി.എം.കെ ഉയിര്‍ത്തെഴുന്നേല്‍ക്കും. ഈ രാഷ്ട്രീയസാഹചര്യം പരമാവധി ഉപയോഗപ്പെടുത്താന്‍ ബി.ജെ.പി ശ്രമിക്കുമെന്നതിനു സംശയമില്ല. കരുണാനിധിയെ അദ്ദേഹത്തിന്റെ വീട്ടില്‍ പ്രധാനമന്ത്രി സന്ദര്‍ശിച്ചത് അതിന്റെ തുടക്കമാണ്. ഡി.എം.കെയുമായുള്ള സഖ്യത്തിനായിരിക്കും ബി.ജെ.പി ശ്രമിക്കുക. സി.ബി.ഐ കോടതി വിധിക്കെതിരേ അപ്പീല്‍ പോകേണ്ടതു കേന്ദ്രസര്‍ക്കാരാണ്. അപ്പീല്‍ ഭീഷണി പുറത്തെടുത്തു ഡി.എം.കെയെ വരുതിയിലാക്കാന്‍ ബി.ജെ.പി ശ്രമിച്ചുകൂടായ്കയില്ല.
ഡി.എം.കെ ഈ ഭീഷണിയെ അതിജീവിക്കുമോ അതല്ല രാഹുല്‍ഗാന്ധി തുടങ്ങിവച്ച പടയോട്ടത്തില്‍ പങ്കാളിയാകുമോ എന്നാണ് ഇനി അറിയേണ്ടത്. ഇപ്പോഴത്തെ കോണ്‍ഗ്രസ് അനുകൂല കാലാവസ്ഥ പ്രയോജനപ്പെടുത്തിയാല്‍ ആ പാര്‍ട്ടിക്ക് അതായിരിക്കും ഭാവിയില്‍ ഗുണം ചെയ്യുക.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."