മോദിയുടെ പരാമര്‍ശം; അഞ്ചാം ദിവസവും രാജ്യസഭ തടസപ്പെട്ടു
ന്യൂഡല്‍ഹി: കോണ്‍ഗ്രസ് നേതാക്കള്‍ക്കും മുന്‍ ഉപരാഷ്ട്രപതി ഹാമിദ് അന്‍സാരിക്കുമെതിരെ പ്രധാനമന്ത്രി നരേന്ദ്ര മോദി നടത്തിയ പരാമര്‍ശത്തെ ചൊല്ലി അഞ്ചാം ദിവസവും രാജ്യസഭ തടസപ്പെട്ടു. വിഷയത്തില്‍ സര്‍ക്കാര്‍ വിശദീകരണം നല്‍കുകയോ മാപ്പു പറയുകയോ ചെയ്യില്ലെന്ന അധ്യക്ഷന്‍ എം വെങ്കയ്യ നായിഡു കഴിഞ്ഞ ദിവസം വ്യക്തമാക്കിയതോടെ കോണ്‍ഗ്രസും നിലപാട് കടുപ്പിച്ചിരിക്കുകയാണ്.
ഇന്നലെ രാജ്യസഭാ നടപടികള്‍ ആരംഭിച്ച ഉടന്‍ തന്നെ ചോദ്യോത്തര വേള നിര്‍ത്തിവെച്ച് വിഷയം ചര്‍ച്ചചെയ്യണമെന്ന് സഭയിലെ പ്രതിപക്ഷ നേതാവ് ഗുലാം നബി ആസാദ് ആവശ്യപ്പെട്ടെങ്കിലും വെങ്കയ്യ നായിഡു അനുമതി നിഷേധിച്ചു. ഇതോടെ പ്രതിപക്ഷ അംഗങ്ങള്‍ സഭയുടെ നടുത്തളത്തിലിറങ്ങി മുദ്രാവാക്യം വിളി ആരംഭിച്ചു. മുദ്രാവാക്യം വിളികള്‍ തുടര്‍ന്നതോടെ സഭ രണ്ടു മണിവരെ പിരിഞ്ഞു.
അഞ്ചു വര്‍ഷത്തിനിടെ ആദ്യമായി രാജ്യസഭയില്‍ പ്രസംഗിക്കാനൊരുങ്ങിയ മുന്‍ ഇന്ത്യന്‍ ക്രികറ്റ് ക്യാപ്റ്റന്‍ സച്ചിന്‍ ടെന്‍ഡുല്‍ക്കറുടെ കന്നിപ്രസംഗവും പ്രതിപക്ഷ ബഹളം മുലം തടസപ്പെട്ടു. കളിക്കാനുള്ള അവകാശവും കായിക രംഗത്തെ ഭാവിയും എന്ന വിഷയത്തില്‍ സംസാരിക്കാന്‍ എഴുന്നേറ്റ അദ്ദേഹത്തിന് സംസാരം പൂര്‍ത്തിയാക്കാനായില്ല. കഴിഞ്ഞ അഞ്ചു വര്‍ഷമായി രാജ്യസഭാംഗമായ സച്ചിന്‍ ഇന്നലെ ആദ്യമായാണ് ചര്‍ച്ചയില്‍ പങ്കെടുക്കാനെത്തിയത്.
ഹൈക്കോടതികളിലേയും സുപ്രിംകോടതികളിലെയും ജഡ്ജിമാരുടെ ശമ്പളവും സേവന വ്യവസ്ഥയും (ഭേദഗതി ബില്ല്) കേന്ദ്ര നിയമ കാര്യ മന്ത്രി രവിശങ്കര്‍ പ്രസാദ് ലോക്‌സഭയില്‍ അവതരിപ്പിച്ചു. ആധാര്‍ ഡാറ്റാബേസിന്റെ സുരക്ഷ മുതല്‍ ഭീകര വിരുദ്ധ വിഷയങ്ങളില്‍ വരെ ലോക്‌സഭയുടെ ചോദ്യോത്തര വേളയില്‍ ഉയര്‍ന്നു.
ആധാര്‍ ബാങ്ക് അക്കൗണ്ടുമായി ബന്ധിപ്പിക്കുന്നതിനെതിരേ തൃണമൂല്‍ അംഗങ്ങള്‍ പാര്‍ലമെന്റിന് അകത്തും പുറത്തും പ്രതിഷേധിച്ചു. ജനങ്ങളുടെ സ്വകാര്യതയുടെ ലംഘനമാണ് സര്‍ക്കാര്‍ നടത്തുന്നതെന്ന് ലോക്‌സഭയുടെ ശൂന്യവേളയില്‍ ടി.എം.സി അംഗങ്ങള്‍ ആരോപിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."