ജറൂസലം: എതിര്‍ക്കുന്ന രാജ്യങ്ങള്‍ക്കുള്ള സഹായം റദ്ദാക്കുമെന്ന് അമേരിക്ക
ന്യൂയോര്‍ക്ക്: ജറൂസലം വിഷയത്തില്‍ യു.എന്‍ പൊതുസഭയില്‍ എതിര്‍ക്കുന്ന രാഷ്ട്രങ്ങളുടെ സാമ്പത്തിക സഹയാം റദ്ദാക്കുമെന്ന് യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. ജറൂസലം ഇസ്‌റാഈല്‍ തലസ്ഥാനമായി അംഗീകരിച്ചതിനെതിരേ ആരൊക്കെയാണ് വോട്ട് ചെയ്യുന്നതെന്ന് നിരീക്ഷിക്കുമെന്ന് ട്രംപ് പറഞ്ഞു. വൈറ്റ് ഹൗസില്‍ മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകായായിരുന്നു അദ്ദേഹം.
യു.എന്‍ പൊതുസഭ അംഗങ്ങള്‍ക്ക് യു.എന്നിലെ യു.എസ് അംബാസഡര്‍ നിക്കി ഹാലെ ഭീഷണിപ്പെടുത്തി കത്തയച്ചതിന് പിന്നാലെയാണ് ട്രംപും രംഗത്തെത്തിയത്. ബില്യണ്‍ കണക്കിന് ഡോളറുകളാണ് പല രാജ്യങ്ങളും തങ്ങളില്‍ നിന്ന് സഹായമായി വാങ്ങുന്നത്. എന്നിട്ടും തങ്ങള്‍ക്കെതിരേ വോട്ട് ചെയ്യുന്നവരെ കൃത്യമായി നിരീക്ഷിക്കുമെന്ന് ട്രംപ് മുന്നറിയിപ്പ് നല്‍കി.
എന്നാല്‍ യു.എന്‍ പൊതുസഭയുടെ വോട്ടെടുപ്പില്‍ തങ്ങള്‍ക്ക് വോട്ട് ചെയ്യാനായി ഭീഷണി മുഴക്കുന്ന യു.എസ് നീക്കത്തിനെതിരേ ഫലസ്തീന്‍ വിദേശകാര്യ മന്ത്രി റിയാദ് അല്‍ മാലിക്കി രംഗത്തെത്തി. പൊതുസഭയില്‍ സ്വന്തം ഇഷ്ടപ്രകാരം വോട്ടു ചെയ്യാനുള്ള ഓരോ രാജ്യങ്ങളുടെയും അവകാശത്തെ എതിര്‍ക്കുന്നത് അവരുടെ പരമാധികാരത്തിനെതിരേയുള്ള കടന്നു കയറ്റമാണ്. ലോകത്തിന്റെ നിയന്ത്രണം ഏറ്റെടുക്കാനുള്ള ശ്രമമാണ് യു.എസ് ഇത്തരം ഭീഷണികളിലൂടെ നടത്തുന്നതെന്നും മാലിക്കി കൂട്ടിച്ചേര്‍ത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."