പൊതുമേഖലാ ബാങ്കുകള്‍ അടച്ചുപൂട്ടില്ല: ആര്‍.ബി.ഐ
മുംബൈ: പൊതുമേഖലാ ബാങ്കുകള്‍ അടച്ചുപൂട്ടുമെന്ന തരത്തിലുള്ള വാര്‍ത്തകള്‍ അടിസ്ഥാനരഹിതമെന്ന് റിസര്‍വ് ബാങ്ക്. ബാങ്കുകള്‍ അടച്ചുപൂട്ടുമെന്ന രീതിയില്‍ സാമൂഹിക മാധ്യമങ്ങളില്‍ വാര്‍ത്ത വന്ന സാഹചര്യത്തിലാണ് റിസര്‍വ് ബാങ്ക് വിശദീകരണം നല്‍കിയത്. ബാങ്ക് ഓഫ് ഇന്ത്യക്കുമേല്‍ നിയന്ത്രണം ഏര്‍പ്പെടുത്താനുള്ള ആര്‍.ബി.ഐ തീരുമാനമാണ് തെറ്റായ വാര്‍ത്ത പ്രചരിക്കാനിടയായത്.
പ്രോംപ്റ്റ് കറക്ടീവ് ആക്ഷന്‍ പരിധിയില്‍ ബാങ്ക് ഓഫ് ഇന്ത്യയെ ഉള്‍പ്പെടുത്തി ബാങ്ക് പ്രവര്‍ത്തനങ്ങളില്‍ നിയന്ത്രണം ഏര്‍പ്പെടുത്തിയത് തികച്ചും സാങ്കേതികമാണ്. ഇത്തരമൊരു നടപടി പൊതുജനങ്ങളെയോ ബാങ്കിന്റെ ദൈനംദിന പ്രവര്‍ത്തനങ്ങളെയോ ബാധിക്കാത്ത വിധത്തിലുള്ള നിയന്ത്രണമാണ് ഇതെന്നും ആര്‍.ബി.ഐ അറിയിച്ചു.
രാജ്യത്തെ ഒരു ബാങ്കുപോലും അടച്ചുപൂട്ടാന്‍ ഉദ്ദേശിക്കുന്നില്ല. പൊതുമേഖലാ ബാങ്കുകളെ ശക്തിപ്പെടുത്തുന്നതിനായി 2.11 ലക്ഷം കോടിയുടെ പുനരുദ്ധാരണ പദ്ധതിക്ക് കേന്ദ്ര സര്‍ക്കാര്‍ രൂപം നല്‍കിയിട്ടുണ്ട്. എന്നാല്‍ ഇതിനെല്ലാം വിരുദ്ധമായി ഊഹാപോഹങ്ങള്‍ പ്രചരിക്കുകയാണ്. വ്യാജവാര്‍ത്തകള്‍ വിശ്വസിക്കരുതെന്ന് ആര്‍.ബി.ഐ ധനകാര്യ സര്‍വിസ് സെക്രട്ടറി രാജിവ്കുമാര്‍ പറഞ്ഞു.
ബാങ്ക് ഓഫ് ഇന്ത്യക്കുപുറമെ യൂനിയന്‍ ബാങ്ക് ഓഫ് ഇന്ത്യ, ഐ.ഡി.ബി.ഐ, ഇന്ത്യന്‍ ഓവര്‍സീസ് ബാങ്ക്, യുകോ ബാങ്ക് എന്നിവയെയും പ്രോംപ്റ്റ് കറക്ടീവ് ആക്ഷന്‍ പരിധിയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."