സൗന്ദര്യവിസ്മയമൊരുക്കി മുഴപ്പിലങ്ങാട് പാര്‍ക്ക് ക്വാഡ് ബൈക്കുകള്‍ വാടകയ്ക്ക് ലഭിക്കും
കണ്ണൂര്‍: ഡ്രൈവ് ഇന്‍ ബീച്ചായ മുഴപ്പിലങ്ങാട്ട് സന്ദര്‍ശകര്‍ക്ക് കൂടുതല്‍ സൗകര്യങ്ങളൊരുക്കി ഡി.ടി.പി.സി. ബീച്ചിനോടനുബന്ധിച്ചുള്ള സെന്‍ട്രല്‍ പാര്‍ക്ക് നവീകരിച്ചതോടെ കുടുംബസമേതം ബീച്ചിലെത്തുന്നവര്‍ക്ക് വിശ്രമിക്കാനും സന്ധ്യാസൗന്ദര്യം ആസ്വദിക്കാനുമുള്ള സൗകര്യങ്ങളാണ് ഒരുങ്ങിയിരിക്കുന്നത്. ആവശ്യത്തിന് ഇരിപ്പിടങ്ങള്‍, ശുചിമുറികള്‍, കഫ്റ്റീരിയ തുടങ്ങിയ സംവിധാനങ്ങള്‍ ഒരുക്കിയതോടൊപ്പം പാര്‍ക്കില്‍ വൈകി സമയം ചെലവഴിക്കുന്നവര്‍ക്കായി വിളക്കുകള്‍ വച്ചുപിടിപ്പിച്ച് മനോഹരമാക്കിയിട്ടുണ്ട്. കുട്ടികള്‍ക്ക് കളിക്കാനും ഉല്ലസിക്കാനുമുള്ള സംവിധാനങ്ങളോടു കൂടിയ ചില്‍ഡ്രന്‍സ് പാര്‍ക്കും സജ്ജമാക്കിയിട്ടുണ്ട്. ബീച്ചിലെ ക്വാഡ് ബൈക്കുകളാണ് സന്ദര്‍ശകരെ ആകര്‍ഷിക്കുന്ന മറ്റൊരു പ്രധാന ഘടകം. ഒരാള്‍ക്ക് മാത്രം ഇരിക്കാവുന്നതും രണ്ടുപേര്‍ക്ക് സഞ്ചരിക്കാവുന്നതുമായി ക്വാഡ് ബൈക്കുകള്‍ വാടകയ്‌ക്കെടുക്കാന്‍ പാര്‍ക്കിന്റെ പ്രവേശന കവാടത്തില്‍ സംവിധാനമൊരുക്കിയിട്ടുണ്ട്. നാലു കിലോമീറ്റര്‍ ദൂരം സഞ്ചരിക്കാന്‍ ഡബിള്‍ സീറ്ററിന് 400 രൂപയും സിങ്കിള്‍ സീറ്ററിന് 250 രൂപയുമാണ് വാടക. സെന്‍ട്രല്‍ പാര്‍ക്കില്‍ പ്രവേശനം സൗജന്യമാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."