ഒരു സിംഗപ്പൂര്‍ പ്രവാസം
കുടുംബത്തിന്റെ പട്ടിണിപ്പിഞ്ഞാണത്തില്‍ അന്നം വിളമ്പാനാണ് കോഴിക്കോട് ജില്ലയിലെ അരിക്കുളം പൂവത്തൂര്‍ മൊയ്തീന്‍ ഹാജി എന്ന മൊയ്തീന്‍ 15-ാം വയസില്‍ സിംഗപ്പൂരിലേക്കു കപ്പല്‍ കയറിയത്. കുടുംബത്തിനു സ്വന്തമായി തെങ്ങിന്‍തോപ്പുകളുണ്ടെങ്കിലും ബാല്യകാലത്ത് പട്ടിണിതന്നെയായിരുന്നു. തോപ്പിലെ പണിക്കാര്‍ ഇട്ടുകോടുക്കുന്ന വന്നിങ്ങ(പാകമാകാത്ത തേങ്ങ) പൊതിച്ചു ചുരണ്ടിയെടുത്തു തിളപ്പിച്ച വെള്ളത്തില്‍ ഉപ്പും ചേര്‍ത്തു കുടിച്ചാണു വിശപ്പടക്കിയിരുന്നത്.
പാസ്‌പോര്‍ട്ടില്ലാതെയായിരുന്നു തൊഴില്‍ തേടിയുള്ള സഞ്ചാരം. സിംഗപ്പൂരിലുള്ള ജ്യേഷ്ഠസഹോദരന്റെ അടുത്തെത്തുകയായിരുന്നു ലക്ഷ്യം. മൂന്നാം ക്ലാസ് വിദ്യാഭ്യാസം മാത്രമാണുണ്ടായിരുന്നത്. എഴുത്തും വായനയും വശമില്ലായിരുന്നു. സ്വന്തമായി കത്തെഴുതി തനിക്ക് അയച്ചാല്‍ സിംഗപ്പൂരിലേക്കു കൊണ്ടുപോകാമെന്ന് അവിടെയുണ്ടായിരുന്ന ജ്യേഷ്ടന്‍ ഉറപ്പുനല്‍കിയിരുന്നു. അതൊരു വെല്ലുവിളിയായെടുത്തു. എഴുത്തും വായനയും പഠിച്ചു. സ്വന്തമായി കത്തെഴുതി കൊയിലാണ്ടി തപ്പാലാപ്പീസില്‍ പോസ്റ്റ് ചെയ്തു 'കഴിവ് ' തെളിയിച്ചാണ് സിംഗപ്പൂര്‍ യാത്ര തരപ്പെടുത്തിയത്.
കൊയിലാണ്ടി റെയില്‍വേ സ്റ്റേഷനില്‍നിന്ന് എഗ്മോര്‍ എക്‌സ്പ്രസില്‍ മദിരാശിയിലേക്കു യാത്ര തിരിച്ചു. പ്രായപൂര്‍ത്തി ആകാത്തതിനാല്‍ അര ടിക്കറ്റേ വേണ്ടിവന്നുള്ളൂ. അത്യാവശ്യത്തിനു മാത്രം വസ്ത്രം കരുതിയിരുന്നു. കരിവണ്ടിയിലെ യാത്രയില്‍ മുഖത്തും വസ്ത്രങ്ങളിലും കരിപുരണ്ടിരുന്നുന്നു.
മദിരാശി ടു സിംഗപ്പൂര്‍
മദിരാശിയിലിറങ്ങി മലപ്പുറം തിരൂര്‍ സ്വദേശിയായ കുട്ട്യാലിയുടെ ഹോട്ടലില്‍നിന്ന് ഭക്ഷണം കഴിച്ചു. നാലുദിവസം മദിരാശിയില്‍ തങ്ങി. തുടര്‍ന്ന് മദിരാശി തുറമുഖത്ത് നടന്നെത്തി. അവിടെനിന്ന് വെള്ളക്കാരുടെ 'റോണ'കപ്പലിലായിരുന്നു സിംഗപ്പൂര്‍ യാത്ര. കൊയിലാണ്ടി സ്വദേശി മച്ചിന്റകത്ത് മമ്മൂഞ്ഞിയുമുണ്ട് കൂട്ടിന്. കപ്പലില്‍ ആയിരത്തിലധികം യാത്രക്കാരുമുണ്ട്. ഭക്ഷണസമയമായാല്‍ 'ശാപ്പാട്.. ശാപ്പാട്...' എന്ന് ഉറക്കെ വിളിച്ചുപറയും. അപ്പോള്‍ത്തന്നെ ചെന്നു കഴിക്കണം.
ഒന്‍പതു ദിവസംകൊണ്ട് സിംഗപ്പൂരിനടുത്തുള്ള കരണ്ടീന്‍ ദ്വീപിലെത്തി. പകര്‍ച്ചവ്യാധി പരിശോധന നടത്തുന്നതിനുവേണ്ടിയാണ് ദ്വീപിലിറക്കിയത്. മൂന്നു ദിവസം ദ്വീപില്‍ കഴിഞ്ഞു. അവിടെ യാത്രക്കാര്‍ക്കുള്ള ഭക്ഷണം എല്ലാവരും ചേര്‍ന്നുണ്ടാക്കണം. പാചകം ചെയ്യാനുള്ള സാധനങ്ങള്‍ കപ്പലില്‍നിന്നു കിട്ടും. കുശിനിയിലെ അരവുപണിയാണ് മൊയ്തീനു കിട്ടിയത്. അല്‍പം പൊക്കക്കുറവുള്ളതുകൊണ്ട് ഉയരം കിട്ടാന്‍ മരപ്പലകയിട്ടാണ് അരച്ചത്. വൈദ്യപരിശോധന പൂര്‍ത്തിയായ ശേഷം സിംഗപ്പൂരിലേക്ക് ബോട്ടില്‍ തിരിച്ചു.
ദിവസങ്ങള്‍ക്കുള്ളില്‍ സിംഗപ്പൂരില്‍ ബോട്ടിറങ്ങി. സഹോദരനെ കണ്ടുമുട്ടിയ ശേഷം ജോലി അന്വേഷിച്ചു നടന്നു. ഹോട്ടല്‍പ്പലഹാരങ്ങള്‍ തെരുവുകളിലും വീടുകളിലും എത്തിച്ചു വില്‍പന നടത്തുന്ന ജോലിയാണ് ആദ്യം ലഭിച്ചത്. കൈലി മുണ്ടും കുപ്പായവുമായിരുന്നു വേഷം. ചുമലില്‍ ചെറിയ ഉച്ചഭാഷിണിയും. പഴംപൊരിയാണു വില്‍പനയെങ്കില്‍ മലായി ഭാഷയില്‍ 'കോരേന്‍ പീസാന്‍' എന്ന് ഉച്ചഭാഷിണിയില്‍ പറയണം. മലായി ഭാഷ അറിയാത്തത് ചിലപ്പോള്‍ വില്ലനാകുകയും പലപ്പോഴും അമളി വിളിച്ചുവരുത്തുകയും ചെയ്തു. പഴംപൊരി വാങ്ങാന്‍ വന്ന സിംഗപ്പൂര്‍ യുവതി 'മാനത്തിങ്കള്‍' എന്നു ചോദിച്ചു. സത്തുസിന്‍ സത്തു(ഒരു സെന്റിന് ഒന്ന്) എന്നു മറുപടിയും നല്‍കി. യുവതിയും കേട്ടുനിന്നവരും പൊട്ടിച്ചിരിച്ചു. പക്ഷെ, മൊയ്തീന് ഒന്നും മനസിലായില്ല. കച്ചവടം കഴിഞ്ഞു വീട്ടിലെത്തി ജ്യേഷ്ഠനോടു സംഭവം വിശദീകരിച്ചപ്പോഴാണ് യുവതികള്‍ ചിരിക്കാനുണ്ടായ കാരണം പിടികിട്ടിയത്. സിംഗപ്പൂര്‍ ഭാഷയില്‍ മാനത്തിങ്കള്‍ എന്നാല്‍ എവിടെയാണു താമസം എന്നാണ് അര്‍ഥം.
ഐ.എന്‍.എ റിക്രൂട്ട്‌മെന്റും രണ്ടാം ലോകയുദ്ധവും
ആറുമാസത്തെ കച്ചവടത്തിനിടെ മലായി ഭാഷ നന്നായി പഠിച്ചു. വൈകാതെ ഹോട്ടല്‍ സപ്ലൈക്കാരനായി. കൊച്ചിക്കാരായ ഒരു ക്രിസ്ത്യന്‍ കുടുംബം നടത്തിയ ഹോട്ടലില്‍ ജോലി ചെയ്തതോടെ സ്വന്തമായി ഹോട്ടല്‍ നടത്താമെന്നുമായി. ഇതിനിടെയാണ് സുഭാഷ് ചന്ദ്രബോസിന്റെ ഐ.എന്‍.എയിലേക്കുള്ള സൈനിക റിക്രൂട്ടമെന്റ് സിംഗപ്പൂരില്‍ നടന്നത്. രാജ്യസ്‌നേഹത്തന്റെ ഉള്‍ത്തുടിപ്പുമായി മൊയ്തീനും റിക്രൂട്ടുമെന്റില്‍ പങ്കെടുത്തു. ഉയരവും നെഞ്ചളവും പരിശോധിച്ചു. വിളിക്കുമ്പോള്‍ ഹാജരാവണമെന്ന് അറിയിച്ചിരുന്നെങ്കിലും പിന്നീട് അറിയിപ്പൊന്നും ലഭിച്ചില്ല. ഐ.എന്‍.എയിലേക്കുള്ള ഫണ്ടുശേഖരണവും ഇതിനൊപ്പം നടന്നിരുന്നു. മദിരാശിക്കാരായ ചില ഷെട്ടിമാര്‍ സിംഗപ്പൂരില്‍ നടത്തുന്ന പശുഫാമിലെ പശുക്കളെ വിറ്റാണ് അന്നു പണം നല്‍കിയത്.
അതിനിടയിലാണ് സ്വപ്‌നങ്ങള്‍ക്കുമേല്‍ ആശങ്കയുടെ കരിമ്പടം വീഴ്ത്തി രണ്ടാം ലോകമഹായുദ്ധം പൊട്ടിപ്പുറപ്പെടുന്നത്. തെരുവുകളിലും നിരത്തുകളിലും നിരന്തരം ഷെല്ലുകള്‍ വര്‍ഷിച്ചുകൊണ്ടിരുന്നു. എങ്ങും ഭീതി തളം കെട്ടിനില്‍ക്കുന്നു. റോഡ് മുഴുക്കെ ശവങ്ങള്‍. മൃതദേഹമെടുക്കാനും റോഡ് വൃത്തിയാക്കാനും ജപ്പാന്‍ പട്ടാളക്കാര്‍ മൊയ്തീന്‍ അടക്കമുള്ള തൊഴിലാളികളെ നിര്‍ബന്ധിച്ചു. എന്നാല്‍, മൊയ്തീന്‍ പാര്‍പ്പിടങ്ങളില്‍ ഒളിഞ്ഞു കഴിഞ്ഞു. റോഡിലെങ്ങാനും പട്ടാളക്കാരന്റെ മുന്നില്‍പ്പെട്ടാല്‍ സിവിലിയന്മാര്‍ കൈ രണ്ടും കാല്‍മുട്ടില്‍ വച്ചു കുനിഞ്ഞുവണങ്ങണം. അങ്ങനെ ചെയ്തില്ലെങ്കില്‍ മാനസികമായും ശാരീരികമായും ഉപദ്രവിക്കും. പട്ടാളക്കാര്‍ തലമുണ്ഡനം നടത്തിയവരായിരുന്നു. പട്ടാള ഓഫിസര്‍മാര്‍ മുണ്ഡനം നടത്തിയിരുന്നില്ല. കാക്കി പാന്റും ഷര്‍ട്ടും തൊപ്പിയുമായിരുന്നു സൈനികരുടെ വേഷം.
യുദ്ധം പാരമ്യതയിലെത്തി. രാത്രിയില്‍ ആക്രമണമുണ്ടാകുമ്പോള്‍ സര്‍ക്കാരിനു കീഴിലുള്ള കേന്ദ്രത്തില്‍നിന്ന് സൈറണ്‍ മുഴങ്ങും. ഷെല്ലാക്രമണത്തില്‍പ്പെടാതിരിക്കാനുള്ള ജാഗ്രതാ നിര്‍ദേശമാണത്. പലപ്പോഴും ഷെല്‍റ്ററിലും കിടങ്ങിലുമൊളിച്ചു ജീവിച്ചു. കിടങ്ങിനകത്തെ ജീവിതം ഭയാനകമായിരുന്നു. വെളിച്ചവും കാറ്റും നന്നെ കുറവായിരിക്കും അതിനകത്ത്. വിവരമറിയിച്ച് നാട്ടിലേക്ക് എഴുത്തുകുത്ത് നടത്താനും കഴിഞ്ഞില്ല. അതിനിടെ പിതാവ് ചുണ്ടേല്‍ പോക്കര്‍ മരിച്ചിരുന്നു. ഏറെ വൈകിയാണു വിവരമറിഞ്ഞത്. നാട്ടില്‍ ബ്രിട്ടീഷുകാര്‍ നടത്തിയ സൈനിക റിക്രൂട്ട്‌മെന്റിലൂടെ സിംഗപ്പൂരിലെത്തിയ സുഹൃത്താണ് ആ വേദനാജനകമായ വിവരം അറിയിച്ചുതന്നത്.
അധികം വൈകാതെ യുദ്ധമേഘങ്ങളൊഴിഞ്ഞെങ്കിലും ദുരിതങ്ങള്‍ക്ക് ഒട്ടും കുറവുണ്ടായില്ല. ജോലി നഷ്ടപ്പെട്ടു. എയറോഡ്രോമില്‍ പുല്ലുപറിച്ചു പ്രതിഫലമായി കിട്ടിയ റൊട്ടി കഴിച്ചു വിശപ്പടക്കി. ഇതിനിടയിലും നെഹ്‌റുവിന്റെ യുദ്ധഫണ്ടിലേക്ക് ഒരു പവന്‍ സ്വര്‍ണം തപാല്‍ വഴി അയച്ചുകൊടുത്തു. പവന് അന്ന് 70 രൂപയായിരുന്നു വില. ഇതിന് നെഹ്‌റുവിന്റെ കൈയൊപ്പു ചാര്‍ത്തിയ മറുപടിയും കിട്ടി. ഇത് ഇന്നും തന്റെ ശേഖരത്തില്‍ നിധിപോലെ ഇന്നത്തെ മൊയ്തീന്‍ ഹാജി സൂക്ഷിക്കുന്നുണ്ട്.
ഒന്‍പതു വര്‍ഷത്തിനുശേഷം 1948ലായിരുന്നു നാട്ടിലേക്കുള്ള ആദ്യ മടക്കം. അതും സ്വതന്ത്ര ഇന്ത്യയിലേക്ക്. നാട്ടില്‍ ആറുമാസം കഴിഞ്ഞ് വീണ്ടും സിംഗപ്പൂരിലേക്കു തിരിച്ചുപോയി. 32 വര്‍ഷത്തെ സിംഗപ്പൂര്‍ ജീവിതം അവസാനിപ്പിച്ച് ഇന്ന് മൊയ്തീന്‍ ഹാജി കുടുംബത്തോടൊപ്പം സന്തോഷത്തോടെ കഴിയുകയാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."