ആനന്ദിന്റെ സംഗീതലോകം
ലളിതസംഗീതത്തിന്റെ ലാസ്യതാളങ്ങള്‍ക്ക് ഈണം പകര്‍ന്നും വരികള്‍ കുറിച്ചും പ്രശസ്തിയുടെ പടവുകള്‍ ചവിട്ടിക്കയറുകയാണ് കാവുംവട്ടം ആനന്ദ് എന്ന നാട്ടിന്‍പുറത്തുകാരന്‍. കൊയിലാണ്ടിക്കടുത്ത കാവുംവട്ടം ഗ്രാമത്തിന്റെ സൗന്ദര്യവും നിഷ്‌കളങ്കതയും സമത്തില്‍ ചേര്‍ന്നതാണ് ഈ സംഗീതജ്ഞന്റെ സൃഷ്ടികള്‍ മുഴുവനും. ഇതിനകം പത്തിലധികം സംഗീത ആല്‍ബങ്ങള്‍ക്കു വരികളെഴുതുകയും സംഗീതം നല്‍കുകയും ചെയ്ത ആനന്ദ് ഇന്ന് ലളിതസംഗീത മേഖലയില്‍ പ്രഥമ സ്ഥാനീയനായി മാറിക്കഴിഞ്ഞു.
ലാളിത്യവും ഭാവനയും തനിമയും നഷ്ടപ്പെടാതെ അദ്ദേഹം ഈണം നല്‍കിയ ഗാനങ്ങളാണ് ഇന്നു കലോത്സവ വേദികളിലും മറ്റിടങ്ങളിലും സദസിനെ കുളിരണിയിക്കുന്നത്. നാടിന്റെ നന്മ തന്നെയാണ് ആനന്ദിനെ സംഗീതത്തിലേക്ക് അടുപ്പിച്ച പ്രധാന ഘടകം. മുന്‍പ് വെളിയണ്ണൂര്‍ എന്നറിയപ്പെട്ട കാവുംവട്ടം കൃഷിക്കാരായ സാധാരണക്കാരുടെ ഗ്രാമമായിരുന്നു. അന്നുമുതലെ നാട്ടിന്‍പുറങ്ങളില്‍ സജീവമായിരുന്ന കലാസമിതികള്‍ കാവുംവട്ടത്തെയും അഭിവാജ്യ ഘടകങ്ങളിലൊന്നായിരുന്നു. അന്നത്തെ കാവുംവട്ടത്തെ ഓരോ വൈകുന്നേരങ്ങളും ഹാര്‍മോണിയത്തിന്റെയും തബലയുടെയും മധുര ഗീതങ്ങളായിരുന്നു അവര്‍ക്കു സമ്മാനിച്ചിരുന്നത്. നാടകഗാനങ്ങളും ചലച്ചിത്രഗാനങ്ങളും ഈണം മുറിയാതെ പാടുന്ന ആ തലമുറയുടെ മെഹ്ഫില്‍ രാവുകളില്‍നിന്നാണ് ആനന്ദും സംഗീതലോകത്തേക്ക് കാലെടുത്തുവച്ചത്. അന്നു പൂര്‍വികര്‍ പകര്‍ന്നുനല്‍കിയ സംഗീതം ഇഴതെറ്റാതെ ഇന്നും കൊണ്ടുനടക്കുകയാണ് ഈ യുവാവ്.
1980-81ലെ സംസ്ഥാന സ്‌കൂള്‍ കലോത്സവത്തില്‍ ലളിതഗാനത്തില്‍ ഗ്രേഡ് നേടി തുടങ്ങിയ ആനന്ദ് മലബാര്‍ സുകുമാരന്‍ ഭാഗവതരുടെയും ജ്യേഷ്ടസഹോദരന്‍ കാവുംവട്ടം വാസുദേവന്റെയും ചിട്ടയായ ശിക്ഷണത്തിലാണു സംഗീതലോകത്തേക്ക് കാലെടുത്തുവച്ചത്. പാലക്കാട് ചിറ്റൂര്‍ ഗവ. കോളജ്, പാലക്കാട് ചെമ്പൈ സംഗീത കോളജ് എന്നിവിടങ്ങളില്‍ പഠനം നടത്തി. നാട്ടിലെ കലാസമിതികളുടെ നാടകങ്ങള്‍ക്ക് ഈണം നല്‍കിയാണു സംഗീത സംവിധാനരംഗത്തേക്കു കടക്കുന്നത്. ഇതു വളരെ യാദൃശ്ചികമായി സംഭവിച്ചതാണെന്നാണ് ആനന്ദ് പറയുന്നത്.
പിന്നീട് ആകാശവാണിയില്‍ ഗ്രേഡ് ആര്‍ട്ടിസ്റ്റായ ജോലി ആരംഭിച്ചതോടെ സംഗീതം തന്നെയാണ് തന്റെ ജീവിതമെന്ന് ആനന്ദ് ഉറപ്പിച്ചു. ആകാശവാണിയുടെ കണ്ണൂര്‍, കോഴിക്കോട് നിലയങ്ങളിലെ ജോലിക്കിടെ നിരവധി ലളിതഗാനങ്ങള്‍ക്കും സംഘഗാനങ്ങള്‍ക്കും വരികളെഴുതി ഈണം നല്‍കി ശ്രദ്ധനേടി. സംസ്ഥാന സ്‌കൂള്‍ കലോത്സവം, കേരളോത്സവം, അന്തര്‍സര്‍വകലാശാല യുവജനോത്സവം, സി.ബി.എസ്.ഇ കലോത്സവം, മിഷന്‍ലീഗ് കലോത്സവം തുടങ്ങിയ മത്സരങ്ങളിലെല്ലാം ആനന്ദിന്റെ ഗാനങ്ങള്‍ വിജയം കൊയ്തു. സൗപര്‍ണിക പാടുന്നു, രാധികേ, ശ്യാമയാം മേഘമേ, ശ്യമയാമിനി, പറയുവാനോര്‍ത്തു ഞാന്‍, പൂമുഖപ്പടിവാതില്‍, ആരോരുമറിയാതെ തുടങ്ങിയ ആനന്ദിന്റെ ഗാനങ്ങളെല്ലാം ഏറെ ശ്രദ്ധിക്കപ്പെട്ടവയാണ്. ആരഭി, മോഹനം, ഹംസധ്വനി, ശംഖൊലി, സൗപര്‍ണിക പാടുന്നു, അമൃതവര്‍ഷിണി, നീലാംബരി, ഭാരതീയം, ഭാരതഗീതം, നിര്‍മാല്യം, തിരുഹിതംപോല്‍, സോദരങ്ങള്‍ക്കായി, രാജ്യസാക്ഷ്യം, ആവണിനിലാവ് തുടങ്ങി നിരവധി സംഗീത സി.ഡികളും ആനന്ദ് വരികളെഴുതി ഈണം നല്‍കി പുറത്തിറക്കിയിട്ടുണ്ട്.
ജന്മസിദ്ധമായി കിട്ടിയ കഴിവുകള്‍ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള ശിഷ്യര്‍ക്കു പകര്‍ന്നുനല്‍കുന്നതില്‍ ഒരു പിശുക്കും കാണിക്കാത്ത ആനന്ദിന്റെ ശിഷ്യര്‍ സംസ്ഥാന കലോത്സവത്തിലും മറ്റു കലാമത്സരങ്ങളിലും ശ്രദ്ധേയമായ നേട്ടങ്ങളാണു കൈവരിച്ചിട്ടുള്ളത്. കലോത്സവങ്ങളില്‍ പാടിത്തെളിഞ്ഞ പല ശിഷ്യരും ഇന്നു പിന്നണിഗാന രംഗത്തും റിയാലിറ്റി ഷോകളിലും തിളങ്ങി നില്‍ക്കുകയാണ്. സംഗീത കുടുംബമായിരുന്ന പുതിയോട്ടില്‍ തറവാട്ടിലെ പരേതരായ വി.കെ കുഞ്ഞിരാമന്‍ മാസ്റ്ററുടെയും കാര്‍ത്യായനിയുടെയും മകനാണ് ആനന്ദ്. ഭാര്യ ഷീബ അധ്യാപികയാണ്. മക്കള്‍ അഷിതയും അഭിരാമും വിദ്യാര്‍ഥികളും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."