മരണം ഓര്‍മപ്പെടുത്തുന്ന പുസ്തകം
മനുഷ്യജീവിതത്തില്‍ ഇന്നും മരീചികയായി തുടരുന്ന മരണമെന്ന പ്രതിഭാസം ആഴത്തില്‍ പതിഞ്ഞ പുസ്തകമാണ് ബംഗാളി എഴുത്തുകാരനായ താരാശങ്കര്‍ ബന്ദ്യോപാധ്യായയുടെ 'ആരോഗ്യനികേതന്‍' എന്ന നോവല്‍. ജീവന്‍ ദത്ത(ജീവന്‍ മശായ്) എന്ന പാരമ്പര്യ ഡോക്ടറുടെ ജീവിതമാണു നോവലിന്റെ പ്രമേയം.
ജീവന്‍ മശായിയെ വായനക്കാര്‍ക്ക് ഒരു കാലത്തും മറക്കാനാകില്ല. കോട്ടും സ്യൂട്ടുമിട്ട് വെള്ളക്കുതിരപ്പുറത്തേറി ചടുലവേഗത്തില്‍ രോഗികള്‍ക്കരികിലേക്കു കുതിക്കുന്ന 'പാസുള്ള ഡോക്ടര്‍'(എം.ബി.ബി.എസ്) ആകുകയായിരുന്നു അദ്ദേഹത്തിന്റെ ജീവിതലക്ഷ്യം. എന്നാല്‍ പഠനത്തിനായി പട്ടണത്തില്‍ എത്തിയെങ്കിലും സഹപാഠിയുടെ സഹോദരിയായ മഞ്ജരിയോടുള്ള അസ്ഥിയില്‍ പിടിച്ച പ്രണയം എല്ലാം തകിടംമറിക്കുന്നു. കാമുകിയില്‍നിന്നുണ്ടായ ദുരനുഭവവും പ്രണയത്തകര്‍ച്ചയും ആ സ്വപ്‌നത്തെ എന്നെന്നേക്കുമായി ഇല്ലാതാക്കി. പിന്നീടായിരുന്നു അച്ഛന്‍ ജഗദ്ബന്ധു മശായിയില്‍നിന്നു കുലത്തൊഴിലായ പാരമ്പര്യവൈദ്യം ജീവന്‍ പഠിച്ചെടുത്തത്.
ജഗദ്ബന്ധു മശായിയുടെ കാലത്ത് കുടുംബത്തിന്റെ പ്രതാപം വാനോളം ഉയര്‍ന്നുനിന്നു. ആ കാലത്തു തന്നെയായിരുന്നു മഞ്ജരിയുമായി ജീവന്‍ മശായിയുടെ വിവാഹം ഉറപ്പിച്ചത്. എന്നാല്‍ വൈകിയാണ് അതിലടങ്ങിയ ചതി മശായി കുടുംബം തിരിച്ചറിയുന്നത്. തുടര്‍ന്ന് കുടുംബത്തിനുണ്ടായേക്കാവുന്ന ചീത്തപ്പേര് ഒഴിവാക്കാനായിരുന്നു ധൃതിപിടിച്ച് വധുവിനെ അന്വേഷിച്ചതും അനാഥയായ അത്തര്‍ബൗവിനെ കണ്ടെത്തിയതും. എന്നാല്‍, ജീവിതത്തില്‍ ഒരിക്കലും അവര്‍ക്കു രണ്ടുപേര്‍ക്കും പരസ്പരം മനസിലാക്കാനോ സ്‌നേഹിക്കാനോ ആകുന്നില്ല.
മശായിയുടെ ഭാഷയില്‍ പറഞ്ഞാല്‍ രണ്ടു കൈകൊണ്ടു സമ്പാദിക്കുകയും നാലു കൈകൊണ്ടു ചെലവഴിക്കുകയും ചെയ്തതായിരുന്നു വൈദ്യചികിത്സയുടെ ആദ്യ കാലം. തന്റെ ജീവിതത്തിലെ തീരാകളങ്കമായ മുറിവൈദ്യന്‍ എന്ന പേര് ഇല്ലാതാക്കാനായിരുന്നു മകന്‍ വനവിഹാരിയെ പാസുള്ള ഡോക്ടറാക്കാന്‍ ജീവന്‍ മശായി ആഗ്രഹിച്ചത്. പക്ഷേ അതു വിജയത്തോട് ഏറെ അടുത്തെത്തിയ ഘട്ടത്തില്‍ തകര്‍ന്നു തരിപ്പണമായി. രോഗിയായ മകന്‍ അകാല മൃത്യുവിനും ഇരയായി.
പിന്നീട് നവഗ്രാമത്തിലേക്ക് പാസുള്ള നിരവധി ഡോക്ടര്‍മാര്‍ വന്നുചേര്‍ന്നു. ഗ്രാമീണരില്‍ പലരും പുതുചികിത്സാ രീതിയായ അലോപ്പതിയുടെ ഇഷ്ടക്കാരായിട്ടും മശായിക്കരികില്‍ എത്തുന്നവര്‍ക്കു കുറവുണ്ടായില്ല. അദ്ദേഹം നാഡിപിടിച്ചു മരണകാലം പ്രവചിച്ചാല്‍ തെറ്റില്ലെന്നു ഗ്രാമം വിശ്വസിച്ചു. അലോപ്പതി മാത്രമാണു ശാസ്ത്രീയമായ ചികിത്സാരീതിയെന്നു പറയുകയും നാഡിപിടിച്ചു മരണസമയം പ്രവചിക്കുന്നത് ക്രിമിനല്‍കുറ്റമാണെന്നു ശക്തമായി വാദിക്കുകയും ചെയ്ത പ്രദ്യോത് ഡോക്ടറും ഭാര്യ മഞ്ജുവിന് ടൈഫോയ്ഡ് പിടിപെട്ട് ജീവിതത്തിനും മരണത്തിനും ഇടയിലൂടെ കടന്നുപോയ സന്ദിഗ്ധഘട്ടത്തില്‍ തന്റെ നിലപാട് മാറ്റിവച്ചു ജീവന്‍ മശായിയെ നാഡിപിടിക്കാന്‍ ക്ഷണിക്കുന്നു. നാഡി പിടിച്ചു പനി എത്ര ഡിഗ്രിയുണ്ടെന്ന് മശായി പറയുന്നു. പിന്നീട് പ്രദ്യോത് ഡോക്ടര്‍ തെര്‍മോമീറ്റര്‍ വച്ചു നോക്കിയപ്പോള്‍ അണുകിട കൃത്യമാവുന്നത് അയാളെ വിസ്മയിപ്പിക്കുന്നു.
നാടു മുഴുവന്‍ ബഹുമാനിക്കുന്ന വൈദ്യനായിട്ടും അത്തര്‍ബൗവിന് ആ മനുഷ്യന്‍ ഒന്നിനും കൊള്ളരുതാത്തവനായിരുന്നു. വനവിഹാരിയുടെ മരണം നേരത്തെ തിരിച്ചറിഞ്ഞതിനാല്‍ അന്ത്യനിമിഷങ്ങളില്‍ മകന്റെ നാഡിപിടിച്ചു രോഗത്തിന്റെ കാഠിന്യം അളക്കാനും രക്ഷിക്കാനും അത്തര്‍ബൗ കെഞ്ചിയിട്ടിട്ടും മശായി അതിനു തയാറാവാത്തതും അവരുടെ കോപം ഇരട്ടിപ്പിച്ചു. പ്രദ്യോതും ഭാര്യ മഞ്ജുവും മശായിയുടെ അയല്‍പക്കത്തായിരുന്നു താമസിച്ചിരുന്നത്. മാതൃകാ ദമ്പതികളായിരുന്നു അവര്‍. ഗ്രാമപാതയിലൂടെ സൈക്കിള്‍ ഓടിക്കുകയും പൂമുഖത്തിരുന്നു പാട്ടുപാടുകയുമെല്ലാം ചെയ്യുന്ന സ്ത്രീയും അതൊക്കെ അകമഴിഞ്ഞു പ്രോത്സാഹിപ്പിക്കുന്ന ഭര്‍ത്താവുമെല്ലാം ആരോഗ്യനികേതനില്‍ ആധുനികകാലത്തെ അടയാളപ്പെടുത്തുന്നു.
മഞ്ജരിയുടെ പേരമകളാണ് മഞ്ജുവെന്ന മശായിയുടെ അറിവ് താരശങ്കര്‍ ബന്ദോപാധ്യായയുടെ കഥ പറച്ചലിലെ നാടകീയത വ്യക്തമാക്കുന്നു. കാഴ്ചയും കേള്‍വിയുമെല്ലാം ഏറെക്കുറെ നഷ്ടമായ മഞ്ജരിയുടെ നാഡി പിടിച്ച് ആറു മാസക്കാലമേ ഇനി ജീവിച്ചിരിക്കൂവെന്ന് മശായി പ്രവചിക്കുന്നു. ഭര്‍ത്താവും അച്ഛനുമെല്ലാം അവിടെ ഏറെക്കാലമായി കാത്തിരിക്കുകയാണെന്നും സൂചിപ്പിക്കുന്നു. ആ വാക്കുകള്‍ മരണത്തെ ശാന്തമായി പുല്‍കാന്‍ അവരെ പ്രാപ്തമാക്കുന്നു. ആ അവസ്ഥയില്‍ തന്നെ പരിശോധിച്ച വൈദ്യന്‍ ജീവന്‍ ദത്തയെന്ന ജീവന്‍ മശായിയാണെന്ന് മഞ്ജരി തിരിച്ചറിഞ്ഞിരിക്കുമോ എന്നത് സംശയമായി നില്‍ക്കുന്നു.
താരാശങ്കര്‍: ദീര്‍ഘാഖ്യാനത്തിന്റെ ശില്‍പി
ഇന്ത്യന്‍ നോവല്‍ സാഹിത്യത്തിലെ ഏറ്റവും മികച്ച ഒരുപിടി കൃതികള്‍ തിരഞ്ഞെടുത്താല്‍ അതില്‍ 'ആരോഗ്യനികേതന് ' ഒരു ഇടമുണ്ട്. ബ്രിട്ടീഷ് ഇന്ത്യയില്‍ ബംഗാള്‍ പ്രസിഡന്‍സിയിലെ ബീര്‍ബൂം ജില്ലയില്‍ ഉള്‍പ്പെട്ട ലഭ്പ്പൂരിലായിരുന്നു ജൂലൈ 23ന് താരാശങ്കര്‍ ബന്ദോപാധ്യായയുടെ ജനനം. 1971 സെപ്റ്റംബര്‍ 14ന് ഈ ലോകത്തോടു വിടപറഞ്ഞെങ്കിലും പതിറ്റാണ്ടുകള്‍ക്കിപ്പുറവും ആ നോവല്‍ വായിക്കപ്പെടുകയും ചര്‍ച്ച ചെയ്യപ്പെടുകയും ചെയ്യുന്നുണ്ടെന്നതാണ് ആ കൃതിയുടെയും എഴുത്തുകാരന്റെയും മഹത്വം.
ഏഴു പതിറ്റാണ്ടിലധികം ദീര്‍ഘിച്ച ജീവിതത്തിനിടയില്‍ ബംഗാളികളുടെ ഏറ്റവും പ്രിയപ്പെട്ട ഈ എഴുത്തുകാരന്‍ 65 നോവലുകളാണ് എഴുതിക്കൂട്ടിയത്. 53 കഥാസമാഹാരങ്ങളും 12 നാടകങ്ങളും നാലു ജീവചരിത്ര ഗ്രന്ഥങ്ങളും നാല് ഉപന്യാസ സമാഹാരങ്ങള്‍ക്കുമൊപ്പം രണ്ടു യാത്രാവിവരണങ്ങളും കവിതാ സമാഹാരവും ആ തൂലികയില്‍നിന്നു പിറവിയെടുത്തു.
സാഹിത്യത്തിന്റെ സര്‍വ മേഖലകളിലും ആഴത്തിലുള്ള കൈയൊപ്പ് പതിച്ചായിരുന്നു താരാശങ്കര്‍ ഓര്‍മയായത്.
ഗ്രാമത്തിന്റെ സൗന്ദര്യം ഓരോ അണുവിലും നോവലില്‍ പതിഞ്ഞിട്ടുണ്ട്. കാറ്റായും കാലാവസ്ഥാ മാറ്റമായുമെല്ലാം അത് ആഖ്യാനങ്ങളില്‍ നിറയുന്നു. പരത്തിപ്പറയാത്ത അത്തരം വര്‍ണനകള്‍ വായനക്കാരെ കൂടുതല്‍ ആകര്‍ഷിക്കുന്നതാണ്. വനവിഹാരിയുടെ മരണത്തിനു ശേഷം കുറേക്കാലം ജീവന്‍ മശായി ചികിത്സ ഉപേക്ഷിച്ച് ഇഷ്ടവിനോദമായ ചതുരംഗവുമായി സമയം കൊല്ലുകയാണു ചെയ്യുന്നത്.
നാഡി പിടിച്ചാല്‍ പിംഗള വര്‍ണയും പിംഗള കേശിനിയും പിംഗള ചക്ഷുവുമായ, അന്തയും ബധിരയും മൂകയുമായ മരണം സമീപിക്കുന്നതു കൃത്യമായി ജീവന്‍ മശായി അറിയുന്നു. സ്വന്തം അന്ത്യവും ഏകാഗ്രതയോടെ നാഡിപിടിച്ച് മശായി പ്രവചിക്കുന്നു. രോഗത്തോടും രോഗിയോടും മരണത്തോടുമെല്ലാം സംസാരിക്കുന്ന ഒരു അത്യപൂര്‍വ കഥാപാത്രമാണു ജീവന്‍ മശായി. നാഡി പിടിച്ച് മരണദിനം പറയാനാകുന്നവരായിരുന്നു ജീവന്‍ ഉള്‍പ്പെടെയുള്ള മശായി കുടുംബത്തിലെ വൈദ്യന്മാര്‍. മരണാതിര്‍ത്തിയോടു തൊട്ടുതൊട്ടില്ലെന്ന നിലയില്‍ എത്തിയവരോട് ജീവിതവുമായി ബന്ധപ്പെട്ട് ചെയ്തുതീര്‍ക്കേണ്ട കാര്യങ്ങളെല്ലാം വേഗം പൂര്‍ത്തീകരിക്കാന്‍ ആവശ്യപ്പെടും. നാഡി പിടിച്ച് ഇനി തനിക്ക് ഈ ഭൂമിയില്‍ എത്രനാള്‍ ബാക്കിയുണ്ടെന്ന് അറിയാന്‍ എത്തുന്നവരോട് മശായിയുടെ ഒരു ചോദ്യമുണ്ട്. എന്താ പോകാന്‍ ധൃതിയായോയെന്ന്. ജീവിതം ഏല്‍പ്പിക്കുന്ന പരുക്കുകള്‍ ഒരിക്കലും ഭേദമാവില്ലെന്നു ബോധ്യപ്പെട്ടവരോടുള്ള ആ ചോദ്യത്തില്‍ തത്ത്വചിന്താപരമായ ഒരുപാട് അര്‍ഥതലങ്ങല്‍ ഇഴുകിച്ചേര്‍ന്നിട്ടുണ്ട്.
ജീവിതമെന്ന ചതുരംഗത്തില്‍ ഒരിക്കല്‍ പിഴച്ചാല്‍ പിന്നീടുള്ള കളികളെല്ലാം പരാജയത്തിലേക്കു മാത്രമായിരിക്കുമെന്ന ചിന്തയും നോവലിന്റെ വരികള്‍ക്കിടയില്‍ ജീവന്‍ മശായിയുടെ ജീവിതത്തിലൂടെ വായിച്ചെടുക്കാവുന്നതാണ്. അലോപ്പതി പഠിക്കാനാവാതെ ആരോഗ്യനികേതന്‍ എന്ന ആയുര്‍വേദ ചികിത്സാലയം നടത്തുന്ന ജീവന്‍ മശായിക്ക് മുറിവൈദ്യന്‍ എന്ന തന്നെക്കുറിച്ചുള്ള ചിലരുടെ അവജ്ഞ നിറഞ്ഞ പ്രയോഗം ആത്മാവിലോളം തുളഞ്ഞുകയറുന്ന വേദനയാണ്.
കൊല്‍ക്കത്തയുടെ സമീപപ്രദേശമായ നവഗ്രാമത്തിലാണു കഥയും കഥാപാത്രങ്ങളും പിച്ചവച്ചു വളരുന്നത്. മൂന്നു തലമുറയായി ഗ്രാമത്തില്‍ ആയുര്‍വേദ ചികിത്സയുമായി മശായി കുടുംബം പ്രശസ്തരാണ്. മാറുന്ന കാലത്തോടൊപ്പം ഗ്രാമവും അലോപ്പതിയെ പുല്‍കുന്നു. നോവലില്‍ ഒരിടത്തെ പ്രത്യോദിന്റെ വാക്കുകള്‍ നോക്കൂ:
''പെന്‍സിലിനിന്റെയും സ്‌ട്രെപ്‌റ്റോമൈസിന്റെയും എക്‌സ് റേയുടെയും യുഗത്തില്‍ ഇങ്ങനെ മരണകാലം പറയരുത്. അതൊന്നും ശരിയല്ല. വാതം, പിത്തം, കഫം-ഇതില്‍നിന്നൊക്കെ ഞങ്ങള്‍ വളരെ ദൂരം പോന്നുകഴിഞ്ഞു. അല്ലെങ്കിലും ഇതൊക്കെ മനുഷ്യത്വമില്ലായ്മയാണ്.''
ജീവന്‍ മശായിയുമായുള്ള സംഭാഷണ ശകലമാണിത്.
ജീവന്‍ മശായിയുടെ മരണത്തോടെ താരാശങ്കര്‍ ബന്ദോപാധ്യായയുടെ നോവല്‍ കഥനം അവസാനിക്കുന്നു. രക്തസമ്മര്‍ദത്താലാണ് ജീവന്‍ മശായി മരിക്കുന്നത്. ആദ്യ തവണ സ്‌ട്രോക്ക് വന്നപ്പോള്‍ പ്രദ്യോത് ഡോക്ടറുടെ ചികിത്സയിലായിരുന്നു രക്ഷപ്പെട്ടത്. മരണദേവതയായ പിംഗള കേശിനി വീടിനടുത്ത് എത്തിയതായി മശായി അറിയുന്നു. വീണ്ടും ആക്രമണമുണ്ടാവുമെന്ന് മശായി ഉറപ്പിച്ച് പറയുന്നു'
''തലയിണയില്‍ ചാരി കണ്ണടച്ച് പകുതി മയങ്ങിയിരിക്കുകയാണ് മശായി, മൃത്യുവിനെ പ്രതീക്ഷിച്ച്, അവള്‍ വരുന്നുണ്ടെന്ന് അദ്ദേഹത്തിനറിയാം. അവളുടെ കാലൊച്ച കേള്‍ക്കുന്നതു പോലെ, അന്ന് ആദ്യം ആക്രമണമുണ്ടായ ദിവസം തന്നെ അദ്ദേഹം അത് മനസിലാക്കിയിരുന്നു. പക്ഷേ, അതു പോരാ. അന്തിമ നിമിഷം സുബോധത്തോടെ അവളെ അഭിമുഖീകരിക്കാനാണ് ആഗ്രഹം. അവള്‍ക്ക് രൂപമുണ്ടെങ്കില്‍ കാണണം, സ്വരമുണ്ടെങ്കില്‍ കേള്‍ക്കണം. ഗന്ധമുണ്ടെങ്കില്‍ അവസാന ശ്വാസത്തില്‍ അത് അനുഭവിക്കണം; സ്പര്‍ശമുണ്ടെങ്കില്‍ അതും അനുഭവിക്കണം; ഇടക്കിടെ മൂടല്‍മഞ്ഞില്‍പ്പെട്ട് എല്ലാം അപ്രത്യക്ഷമാവുന്നതു പോലെ...''
നോവലിന്റെ അവസാനത്തില്‍ മശായിയുടെ മടക്കം എത്ര ഹൃദ്യമായാണ് എഴുത്തുകാരന്‍ വിവരിച്ചിരിക്കുന്നത്!
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."