ഖുര്‍ആന്റെ അപൂര്‍വ പ്രതികളുമായി മദീന ഖുര്‍ആന്‍ എക്‌സ്‌പോ ശ്രദ്ധേയമാവുന്നു
ജിദ്ദ: മദീനയില്‍ നടന്നുവരുന്ന ഖുര്‍ആന്‍ പ്രദര്‍ശനത്തില്‍ ഖുര്‍ആന്റെ അപൂര്‍വ പ്രതികളും. വിശുദ്ധ ഖുര്‍ആന്റെ അച്ചടി നിര്‍വഹിക്കുന്ന കിംങ് ഫഹദ് കോംപ്ലക്‌സിന്റെ നേതൃത്വത്തില്‍ നടത്തുന്ന എക്‌സിബിഷനിലാണ് പഴയ കൈയെഴുത്ത് പ്രതിയിലുള്ള ഖുര്‍ആന്റെ പ്രതികള്‍ പ്രദര്‍ശിപ്പിച്ചിട്ടുള്ളത്. ആധുനിക ടെക്‌നോളജിയില്‍ അവതരിപ്പിച്ച ഖുര്‍ആന്‍, ഖുര്‍ആന്‍ കേള്‍ക്കുന്നതിന്റെയും പഠിക്കുന്നതിന്റെ ആവശ്യകത വിവരിച്ചുള്ള ക്ലാസുകള്‍,വിവിധ ഖുര്‍ആന്‍ ലിപികള്‍ സഊദി സൂക്ഷിച്ചു പരിപാലിക്കുന്നതിന്റെ പ്രയത്‌നങ്ങള്‍,ഖുര്‍ആന്റെ ചരിത്രം,ഖുര്‍ആനിന്റെ മഹത്വം എന്നിവയെല്ലാം പ്രദര്‍ശനത്തില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.
കലമാന്റെ തോലില്‍ എഴുതിയ ഖുര്‍ആന്റെ പ്രതികള്‍, ഖുര്‍ആന്റെ 106 കൈയെഴുത്തു പ്രതികള്‍ കൊണ്ടുള്ള ഹാഫിസ് ഉസ്മാന്റെ ഖുര്‍ആന്‍ ശേഖരണം, 200 വര്‍ഷം മുന്‍പ്് ഗുലാം മുഹ്‌യുദ്ദീന്‍ എഴുതി അഫ്ഗാനിസ്ഥാനില്‍ നിന്നും മദീനയിലേക്ക് ഒട്ടകപ്പുറത്തേറ്റി കൊണ്ടുവന്ന ഖുര്‍ആന്റെ കൈയെഴുത്തു പ്രതികള്‍ എന്നിവയും പ്രദര്‍ശനത്തിന്റെ പ്രത്യേകതയാണ്. പേര്‍ഷ്യന്‍ ഭാഷയില്‍ തര്‍ജമയും ഉള്‍പ്പെടുത്തിയ ഈ ഖുര്‍ആനിന് അര മീറ്റര്‍ നീളവും ഒരു മീറ്റര്‍ വീതിയം 154 കിലോ ഭാരവുമുണ്ട്.
ഇംഗ്ലീഷ്,ഫ്രഞ്ച്,പേര്‍ഷ്യന്‍,തുര്‍ക്കിഷ്,ഉര്‍ദു,ഇന്തോനേഷ്യന്‍,പഷ്ടു,മലാവിയന്‍ എന്നീ ഭാഷകളിലേക്ക് തര്‍ജമ ചെയ്ത ഖുര്‍ആനുകളും പ്രദര്‍ശനത്തില്‍ ഒരുക്കിയിട്ടുണ്ട്. ഉംറ,ഹജ്ജ് സീസണുകളില്‍ പതിനായിരക്കണക്കിന് സന്ദര്‍ശകരാണ് ഇവിടെയെത്താറുള്ളത്. 150 രാജ്യങ്ങളിലെ സന്ദര്‍ശകര്‍ ഇതിനോടകം പ്രദര്‍ശനം കാണാനെത്തിയിട്ടുണ്ട്. ഈജിപ്ഷ്യന്‍ ഖുര്‍ആന്‍ കാലിഗ്രാഫറായ ഹാനി അല്‍ തവിലിന്റെ കരവിരുതകളും സന്ദര്‍ശകരെ ആകര്‍ഷിക്കുന്നു.
സഊദി ഗ്രാന്‍ഡ് മോസ്‌ക്, കിംങ് അബ്ദുല്‍ അസീസ് ഫൗണ്ടേഷന്‍, കിംങ് അബ്ദുല്‍ അസീസ് ജനറല്‍ ലൈബ്രറി, കിംങ് സൗദ് സര്‍വകലാശാല, കിംങ് അബ്ദുല്‍ അസീസ് സര്‍വകലാശാല എന്നിവയുടെയെല്ലാം സംയുക്താഭിമുഖ്യത്തിലാണ് പ്രദര്‍ശനം സംഘടിപ്പിച്ചത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."