ആര്‍.കെ നഗര്‍ ഉപതെരഞ്ഞെടുപ്പ് നല്‍കുന്ന ദുഃസൂചനകള്‍
ജനാധിപത്യത്തെ ഫാസിസം മാത്രമായിരിക്കില്ല തകര്‍ക്കുക പണാധിപത്യവും ജനാധ്യപത്യത്തിന് മുകളില്‍ മേല്‍ക്കൈ നേടുമെന്ന ദു:സൂചനയാണ് ആര്‍.കെ നഗര്‍ ഉപതെരഞ്ഞെടുപ്പ് ഫലം നല്‍കുന്നത് എ.ഐ.എ.ഡി.എം.കെയുടെ വോട്ടുകള്‍ ചിതറുമ്പോള്‍ ഡി.എം.കെ സ്ഥാനാര്‍ഥി മരുത് ഗണേഷിന് നിഷ്പ്രയാസം ജയിച്ചു കയറാമെന്ന ഡി.എം.കെയുടെ മോഹമാണ് ടി.ടി.വി ദിനകരന്റെ വിജയത്തോടെ പൊലിഞ്ഞത്. ജയലളിതയുടെ അപ്രീതിക്ക് പാത്രീഭൂതനായി പാര്‍ട്ടിയില്‍ നിന്നും പോയസ് ഗാര്‍ഡനിലെ ജയലളിതയുടെ വീട്ടില്‍ നിന്നും പുറന്തള്ളപ്പെട്ട ടി.ടി.വി ദിനകരന്‍ ജയലളിത പ്രതിനിധീകരിച്ച മണ്ഡലത്തില്‍ നിന്നു തന്നെ തമിഴ്‌നാട് നിയമസഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടു എന്നത് വിരോധാഭാസം തന്നെ. ജനസമ്മിതിയല്ല പണാധിപത്യമാണ് വോട്ടുകള്‍ നിര്‍ണയിക്കുന്നതെന്ന പാഠമാണ് തമിഴ്‌നാട് നല്‍കുന്നത്.ദേശീയ രാഷ്ട്രീയവും തമിഴ്‌നാട് രാഷ്ട്രീയവും തമിഴ്ജനതക്ക് വലിയ കാര്യമല്ലെന്ന അപകടകരമായ സൂചനയും ദിനകരന്റെ വിജയം നല്‍കുന്നു. ഒരു മാസത്തോളം തീഹാര്‍ ജയലില്‍ കഴിഞ്ഞ ഒരു അപരാധിയെ തങ്ങളുടെ ജനപ്രതിനിധിയാക്കാന്‍ ആര്‍.കെ നഗറിലെ വോട്ടര്‍മാര്‍ക്ക് പ്രേരണയായിട്ടുണ്ടാവുക ടി.ടി.വി ദിനകരന്‍ ഒഴുക്കിയ പണം തന്നെയായിരിക്കുവാനാണ് സാധ്യത.
പോയസ് ഗാര്‍ഡനില്‍ നിന്ന് പുറത്താക്കപ്പെട്ടിട്ടുണ്ടെങ്കിലും ജയലളിതയുടെ കോടിക്കണക്കിലുള്ള സ്വത്തുക്കളും പണവും ഇന്ന് ദിനകരന്റെ പക്കലാണ് ഉള്ളതെന്ന് പറയപ്പെടുമ്പോള്‍ ആര്‍.കെ നഗറില്‍ ദികരന്‍ പണമൊഴുക്കുക സ്വാഭാവികം. ആര് കൂടുതല്‍ പണം തരുന്നുവോ അവര്‍ക്ക് വോട്ട് ചെയ്യുക എന്ന നയം ആര്‍.കെ നഗറിലെ വോട്ടര്‍മാര്‍ സ്വീകരിച്ചുവെന്ന് മാത്രം. കഴിഞ്ഞ 40 വര്‍ഷത്തെ ദ്രാവിഡ രാഷ്ട്രീയ ഭരണത്തില്‍ 33 വര്‍ഷവും ആര്‍.കെ നഗറിനെ പ്രതിനിധീകരിച്ചത് എ.ഐ.എ.ഡി.എം.കെ പ്രതിനിധികളായിരുന്നു. ഏഴ് വര്‍ഷം ഡി.എം.കെയും. ഇത്രയും വര്‍ഷത്തിനിടയില്‍ കുടിവെള്ളം പോലും ഈ മണ്ഡലത്തില്‍ ലഭ്യമായിട്ടില്ല. എണ്ണ പ്പാടങ്ങളുള്ള ഇവിടങ്ങളില്‍ എണ്ണ കലര്‍ന്ന വെള്ളമാണ് സാധാരണക്കാര്‍ക്ക് കിട്ടുന്നത്. മത്സ്യത്തൊഴിലാളികളും കൂലിപ്പണിക്കാരും തിങ്ങിപ്പാര്‍ക്കുന്ന ഇവിടത്തെ ജനലക്ഷങ്ങള്‍ക്ക് വികസനം എന്നത് എന്താണെന്ന് പോലും അറിയില്ല. ആ നിലയില്‍ കഴിയുന്ന ഇവര്‍ക്ക് ആര് കൂടുതല്‍ പണം നല്‍കുന്നുവോ അവര്‍ക്ക് വോട്ട് നല്‍കി വാക്കുപാലിക്കുന്നു. രാഷ്ട്രീയ സാക്ഷരതയല്ല തമിഴ്‌നാട്ടിലെ ജനവിധി നിര്‍ണയിക്കുന്നതെന്ന് ചുരുക്കം.
തന്റെ വിജയത്തില്‍ തമിഴ്‌നാടിന്റെ മനസ്സാണ് പ്രതിഫലിച്ചതെന്ന ദിനകരന്റെ അവകാശവാദം അക്ഷരംപ്രതി ശരിയാണ്. ആ മനസ്സ് പണത്തിനൊപ്പമായിരുന്നുവെന്ന് മാത്രം. രാഷ്ട്രീയ സദാചാരബോധവും സാക്ഷരതയും ഉണ്ടാകണമെങ്കില്‍ ആദ്യം വിശപ്പ് മാറണം. അന്തിയുറങ്ങാന്‍ കൂര വേണം. അതില്ലാതെ വരുമ്പോള്‍ കൈയില്‍ വരുന്ന പണം എല്ലാത്തിനേയും മറികടക്കും. അത് തങ്ങളെ തന്നെ നിര്‍ണയിക്കാനുള്ള തെരഞ്ഞെടുപ്പകളാണെങ്കില്‍ പോലും. അതാണ് ആര്‍.കെ നഗറില്‍ ദിനകരന്റെ തെരഞ്ഞെടുപ്പില്‍ പ്രതിഫലിച്ചത്. ഡി.എം.കെ വര്‍ക്കിങ് പ്രസിഡന്റ് എം.കെ സ്റ്റാലിന്‍ തെരഞ്ഞെടുപ്പിന് മുന്‍പ് തന്നെ ഈ തെരഞ്ഞെടുപ്പില്‍ ഡി.എം.കെ പണം ചെലവാക്കിയിട്ടില്ലെന്നു മുന്‍കൂര്‍ ജാമ്യമെടുത്തിരുന്നു. അതിനര്‍ഥം നേരത്തെ നടന്ന തെരഞ്ഞെടുപ്പുകളില്‍ പണം ഒഴുക്കിയിരുന്നുവെന്നല്ലേ. ഡി.എം.കെ മൂന്നാം സ്ഥാനത്തേക്ക് തള്ളപ്പെട്ടത് കേവലം യാദൃച്ഛികമാണെന്ന് കരുതാന്‍ വയ്യ. ഡി.എം.കെ വോട്ടുകള്‍ ടി.ടി.വി ദിനകരന് പോയിട്ടുണ്ടോ എന്ന് സംശയിക്കേണ്ടിയിരിക്കുന്നു.ദിനകരന്‍ തമിഴ്‌നാട് നിയമസഭയില്‍ എത്തുന്നതോടെ എം.എല്‍.എ മാരില്‍ പലരും ദിനകരന്‍ പക്ഷത്തേക്ക് ചായുമെന്നും നിയമസഭ പിരിച്ചുവിട്ട് ഇടക്കാല തെരഞ്ഞെടുപ്പ് വരുമെന്നും അത് വഴി ഭരണത്തിലേറാമെന്നും സ്റ്റാലിന്‍ കണക്ക് കൂട്ടുന്നുണ്ടാകണം. മൂന്ന് മാസത്തിനകം സര്‍ക്കാര്‍ തകരുമെന്ന് ദിനകരന്‍ പറയുന്നത് വെറുതെയായിരിക്കില്ല.
നോട്ടക്ക് പിന്നിലേക്ക് തള്ളപ്പെട്ട ബി.ജെ.പിയുടെ മോഹം അടുത്ത കാലത്തൊന്നും തമിഴ്‌നാട്ടില്‍ പൂവണിയാന്‍ പോകുന്നില്ല എന്നതിന്റെ സൂചനയാണ്. കരുണാനിധിയെ അദ്ദേഹത്തിന്റെ വീട്ടില്‍ നരേന്ദ്ര മോദി സന്ദര്‍ശിച്ചതൊന്നും ഉദ്ദേശിച്ച ഫലം ലഭ്യമാക്കുകയില്ല. ജയലളിതയുടെ ആശുപത്രിവാസത്തിന്റെ ചിത്രമോ 2 ജി സ്‌പെക്ട്രം കോടതി വിധി എ.രാജ കരുണാനിധിക്ക് സമര്‍പ്പിച്ചതോ ഒന്നും ആര്‍.കെ നഗറിനെ സ്വാധീനിച്ചില്ല. ആരു കൂടുതല്‍ പണം തരുന്നുവോ അവര്‍ക്ക് വോട്ട്. ദിനകരനെ ജയലളിത ആട്ടി പുറത്താക്കിയതാണെന്നകാര്യം അദ്ദേഹത്തന്റെ പണം വാങ്ങുന്ന ആര്‍.കെ നഗറിലെ വോട്ടര്‍മാരെ സ്വാധീനിച്ചിട്ടുണ്ടാവില്ല. ഇന്ത്യന്‍ ജനാധിപത്യം നേരിട്ട് കൊണ്ടിരിക്കുന്ന അതീവ ഗുരുതരമായ ഒരവസ്ഥയിലേക്കാണ് ആര്‍.കെ നഗര്‍ ഉപതെരഞ്ഞെടുപ്പ് വിരല്‍ ചൂണ്ടുന്നത്. കോടീശ്വരന്മാരാല്‍ നിറയുന്ന നിയമനിര്‍മാണ സ്ഥാപനങ്ങളുടെ ജനാധിപത്യ ഭാവിയെക്കുറിച്ച് ഓരോ പൗരനും ഉത്കണ്ഠപ്പെടേണ്ട സമയവും കൂടിയാണിത്. ആര്‍.കെ നഗര്‍ ഉപതെരഞ്ഞെടുപ്പ് ഫലം നല്‍കുന്ന പാഠം അതാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."