റാമല്ല അതിര്‍ത്തി ഇസ്‌റാഈല്‍ അടച്ചു
ജറൂസലം: ഫലസ്തീനില്‍ പുതിയ പ്രകോപനവുമായി ഇസ്‌റാഈല്‍. അധിനിവിഷ്ട വെസ്റ്റ്ബാങ്കിലൂടെയുള്ള റാമല്ല, അല്‍ ബെറെ എന്നീ നഗരങ്ങളിലേക്കുള്ള പ്രവേശനം ഇസ്‌റാഈല്‍ അടച്ചു. ട്രംപിന്റെ ജറൂസലം പ്രഖ്യാപനത്തിനെതിരേ പ്രതിഷേധം തുടരുന്നതിനിടെ ശനിയാഴ്ച രാത്രിയാണ് പ്രവേശനം തടഞ്ഞത്.
റാമല്ലയും വടക്കന്‍ വെസ്റ്റ് ബാങ്കുമായി ബന്ധിപ്പിക്കുന്ന ചെക്ക് പോയിന്റ് അടക്കാന്‍ ഇസ്‌റാഈല്‍ പ്രതിരോധ മന്ത്രാലയത്തിന് കീഴിലുള്ള കോഡിനേറ്റര്‍ ഓഫ് ഗവണ്‍മെന്റ് ആക്ടിവിറ്റീസ് ഇന്‍ ദ ടെറിറ്ററീസ് ( സി.ഒ.ജി.എ.ടി) ആണ് തീരുമാനിച്ചത്.
റാമല്ലയില്‍ സംഘര്‍ഷം പൊട്ടിപ്പുറപ്പെട്ടതിനാല്‍ ഒരു അറിയിപ്പുണ്ടാവുന്നതുവരെ റാമല്ല ചെക്ക് പോയിന്റിലൂടെയുള്ള പ്രവേശനം അവസാനിപ്പിച്ചിരിക്കുകയാണെന്ന് സി.ഒ.ജി.എ.ടി ട്വിറ്ററിലൂടെ അറിയിച്ചു. ബോള്‍ ഫലസ്തീന്റെ കോര്‍ട്ടിലാണെന്നും സമാധാനം പുന:സ്ഥാപിക്കുന്നതുവരെ നിലവിലെ അവസ്ഥ തുടരുമെന്നും അക്രമങ്ങള്‍ തുടരുകയാണെങ്കില്‍ അതിര്‍ത്തി അടയ്ക്കല്‍ തുടരുമെന്നും ട്വിറ്ററില്‍ പറഞ്ഞു.
അധിനിവിഷ്ട വെസ്റ്റ് ബാങ്കിന് സമീപമുള്ള റാമല്ലയിലേക്ക് ഫലസ്തീന്‍ ഔദ്യോഗിക വൃത്തങ്ങള്‍, വിദേശികള്‍, നയതന്ത്ര പ്രതിനിധികള്‍, മാധ്യമപ്രവര്‍ത്തകര്‍ എന്നിവര്‍ കടന്നുപോവുന്ന വഴിയാണ് ഇപ്പോള്‍ അടച്ചിരിക്കുന്നത്.
ട്രംപിന്റെ ജറൂസലം പ്രഖ്യാപനത്തിന് വെസ്റ്റ് ബാങ്ക്, കിഴക്കന്‍ ജറൂസലം, ഗസ്സ തുടങ്ങിയ പ്രദേശങ്ങളില്‍ ശക്തമായി പ്രതിഷേധങ്ങള്‍ പൊട്ടിപ്പുറപ്പെട്ടിരുന്നു. ഇതു വരെ 12 ഫലസ്തീനികളെ ഇസ്‌റാഈല്‍ സൈന്യം കൊലപ്പെടുത്തിയിട്ടുണ്ട്. വ്യത്യസ്ത പ്രദേശങ്ങളില്‍ നടന്ന അക്രമങ്ങളില്‍ 2,900 പേര്‍ക്ക് പരുക്കേറ്റിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."