ഫയര്‍ ആന്‍ഡ് റെസ്ക്യൂ സര്‍വിസിന് കണ്ണൂര്‍ ആസ്ഥാനമായി പുതിയ ഡിവിഷന്
തിരുവനന്തപുരം: കേരള അഡ്മിനിസ്ട്രേറ്റീവ് സര്‍വിസ് ജനുവരി ഒന്നിനു നിലവില്‍വരും. കെ.എ.എസിന്റെ വിശേഷാല്‍ ചട്ടങ്ങള്‍ക്ക് മന്ത്രിസഭായോഗം അംഗീകാരം നല്കി.
കെ.എ.എസ് രൂപീകരണത്തിനെതിരേ സര്‍വിസ് സംഘടനകളില്‍നിന്ന് ശക്തമായ എതിര്‍പ്പുയര്‍ന്നിരുന്നു. ഇതിനേത്തുടര്‍ന്ന് സര്‍വിസ് സംഘടനകളുമായി സര്‍ക്കാര്‍ ചര്‍ച്ച നടത്തിയിരുന്നു. ചര്‍ച്ചയില്‍ ഉയര്‍ന്നുവന്ന നിര്‍ദേശങ്ങള്‍കൂടി ഉള്‍പ്പെടുത്തിയാണ് ചട്ടങ്ങള്‍ക്ക് അവസാന രൂപംനല്കിയതെന്നും കഴിവും പ്രതിബദ്ധതയുമുള്ള ഉദ്യോഗസ്ഥര്‍ക്ക് ഉയര്‍ന്നതലത്തിലുള്ള ഭരണകാര്യങ്ങളില്‍ കൂടുതല്‍ അവസരം നല്‍കുന്നതിന് ഉദ്ദേശിച്ചാണ് കെ.എ.എസ് രൂപീകരിക്കുന്നതെന്നും മുഖ്യമന്ത്രിയുടെ ഓഫിസ് അറിയിച്ചു.
മൂന്നു ധാരകള്‍ വഴിയാണ് കെ.എ.എസിലേക്കുള്ള റിക്രൂട്ട്മെന്റ്. അതിലൊന്ന് നേരിട്ടുള്ള നിയമനമാണ്. ഇതിനു പ്രായപരിധി 32 വയസാണ്. പിന്നോക്ക വിഭാഗങ്ങള്‍ക്കും എസ്.സി, എസ്.ടിക്കാര്‍ക്കും ഉയര്‍ന്ന പ്രായപരിധിയില്‍ ഇളവു ലഭിക്കും. വിദ്യാഭ്യാസ യോഗ്യത സര്‍വകലാശാലാ ബിരുദമാണ്. കൂടാതെ നിലവിലുള്ള ജീവനക്കാരില്‍ നിന്ന് നിയമനമുണ്ടാകും. ഇതിനു പ്രായപരിധി 40 വയസാണ്. വിദ്യാഭ്യാസ യോഗ്യത ബിരുദമാണ്. ഫസ്റ്റ് ഗസറ്റഡ് തസ്തികയിലോ അതിനുമുകളിലോ വരാത്ത സ്ഥിരം ജീവനക്കാര്‍ക്ക് അപേക്ഷിക്കാം. സര്‍വിസില്‍ രണ്ടുവര്‍ഷം പൂര്‍ത്തിയായിരിക്കണം. ഇതിനുപുറമെ ഫസ്റ്റ് ഗസറ്റഡ് പോസ്റ്റിലോ അതിനുമുകളിലോ ഉള്ളവര്‍ക്കും അപേക്ഷിക്കാം. പ്രായപരിധി 50 വയസ്. ഇതിനും യോഗ്യത ബിരുദമാണ്.
നൂനപക്ഷ പദവിയില്ലാത്ത എയ്ഡഡ് കോളജുകളില്‍ പട്ടികജാതി, പട്ടികവര്‍ഗ വിഭാഗത്തില്‍പ്പെടുന്നവര്‍ക്ക് അധ്യാപക, അനധ്യാപക നിയമനങ്ങളില്‍ സംവരണം ഏര്പെടുത്തുന്നതിനെതിരേ ഹൈക്കോടതി പുറപ്പെടുവിച്ച വിധിക്കെതിരേ അപ്പീല്‍ നല്‍കാനും മന്ത്രിസഭ തീരുമാനിച്ചു. തെന്മല ഇക്കോ ടൂറിസം പ്രമോഷന് സൊസൈറ്റിയിലെ സര്‍ക്കാര്‍ അംഗീകാരമുള്ള തസ്തികകളില്‍ ശമ്പളം പരിഷ്കരിക്കും. ഫയര്‍ ആന്‍ഡ് റെസ്ക്യൂ സര്‍വിസിന് കണ്ണൂര്‍ ആസ്ഥാനമായി പുതിയ ഡിവിഷന് രൂപീകരിക്കും. ഇതിനുവേണ്ടി എട്ടു പുതിയ തസ്തികകള്‍ സൃഷ്ടിക്കാനും തീരുമാനിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."