യു.പി തെരഞ്ഞെടുപ്പ്: ബി.ജെ.പിയില്‍ നേതൃപ്രതിസന്ധി രൂക്ഷം
ന്യൂഡല്‍ഹി: ലോക്‌സഭാ തെരഞ്ഞെടുപ്പിന്റെ സെമിഫൈനലായി വിലയിരുത്തപ്പെടുന്ന ഉത്തര്‍പ്രദേശ് നിയമസഭാ തെരഞ്ഞെടുപ്പിനിറങ്ങാന്‍ ബി.ജെ.പിക്കു മുന്നില്‍ പ്രതിസന്ധികളേറെ. ചതുഷ്‌കോണ മല്‍സരം നടക്കുന്ന സംസ്ഥാനത്ത് ഭരണകക്ഷിയായ എസ്.പിയും നേരത്തേ ഭരണത്തിലുണ്ടായിരുന്ന ബി.എസ്.പിയും കോണ്‍ഗ്രസ്സും വളരെ നേരത്തേ തന്നെ പ്രചാരണം തുടങ്ങിയിരിക്കെ ബി.ജെ.പിയെ നേതൃദാരിദ്ര്യം വേട്ടയാടുകയാണ്. സംസ്ഥാനത്ത് ബി.ജെ.പി ഇപ്പോഴും മുഖ്യമന്ത്രിസ്ഥാനാര്‍ഥിയെ പ്രഖ്യാപിച്ചിട്ടില്ല. നേരത്തെ യു.പി മുഖ്യമന്ത്രിയായിട്ടുള്ള കേന്ദ്ര ആഭ്യന്തരമന്ത്രി രാജ്‌നാഥ് സിങ്ങിനെ പാര്‍ട്ടി മുഖ്യമന്ത്രി സ്ഥാനാര്‍ഥിയായി പ്രഖ്യാപിക്കാനാണ് ബി.ജെ.പിക്ക് ഇഷ്ടം.
എന്നാല്‍ അദ്ദേഹം താല്‍പ്പര്യം പ്രകടിപ്പിച്ചിട്ടില്ല. തെരഞ്ഞെടുപ്പു പ്രവര്‍ത്തനത്തിനല്ലെങ്കിലും നരേന്ദ്രമോദി എല്ലാ മാസവും യു.പി സന്ദര്‍ശിക്കാറുണ്ട്. അലഹാബാദ്, ബറേലി എന്നിവിടങ്ങളില്‍ കഴിഞ്ഞമാസം മോദി സന്ദര്‍ശിച്ചിരുന്നു. രാജ്‌നാഥ് സിങ്ങും അമിത്ഷായും ഇടയ്ക്കിടെ യു.പി സന്ദര്‍ശിക്കുന്നുണ്ട്. ഇടയ്ക്കിടെ സംസ്ഥാനത്ത് സന്ദര്‍ശനം നടത്താന്‍ രാജ്‌നാഥിന് പാര്‍ട്ടിയുടെ നിര്‍ദേശവുമുണ്ട്.
ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ സംസ്ഥാനത്ത് ബി.ജെ.പി മികച്ച പ്രകടനമാണ് കാഴ്ചവച്ചിരുന്നത്. സംസ്ഥാനത്തെ ആകെയുള്ള 80ല്‍ 71സീറ്റുകളിലും ബി.ജെ.പി ജയിച്ചിരുന്നു.
പാര്‍ട്ടി ദേശീയ അധ്യക്ഷന്‍ അമിത്ഷാക്ക് ആയിരുന്നു ലോക്‌സഭാ തെരഞ്ഞെടുപ്പു സമയത്ത് യു.പിയുടെ ചുമതലയുണ്ടായിരുന്നത്. ഇപ്പോഴും യു.പിയുടെ ചുമതല അമിത്ഷാക്ക് തന്നെ ആണെങ്കിലും അദ്ദേഹം നേതൃത്വം കൊടുത്ത ഡല്‍ഹി, ബിഹാര്‍ നിയമസഭാ തെരഞ്ഞെടുപ്പുകളില്‍ പാര്‍ട്ടി ദയനീയമയി പരാജയപ്പെട്ടതാണ് ബി.ജെ.പിക്കു തലവേദനയായിരിക്കുന്നത്.
മുന്‍ മുഖ്യമന്ത്രി മായാവതിയുടെ നേതൃത്വത്തില്‍ തെരഞ്ഞെടുപ്പിനെ നേരിടുന്ന ബി.എസ്.പിയെയാണ് ബി.ജെ.പി ഇത്തവണ ഏറ്റവുമധികം ഭയക്കുന്നത്. സംസ്ഥാനത്തെ വോട്ടര്‍മാരില്‍ 12 ശതമാനത്തോളം വരുന്ന യാദവവോട്ടുകള്‍ക്കും, 18 ശതമാനത്തോളം വരുന്ന മുസ്്‌ലിം വോട്ടുകള്‍ക്കും പുറമെ, 12 ശതമാനത്തോളം വരുന്ന ബ്രാഹ്മണ വോട്ടുകളും ബി.എസ്.പിക്ക് അനുകൂലമായാല്‍ അവര്‍ ഭരണത്തില്‍ തിരിച്ചെത്തും.
എന്നാല്‍, മുസ്്‌ലിംവോട്ടുകള്‍ സമാജ്‌വാദി പാര്‍ട്ടിക്കും ബ്രാഹ്മണ വോട്ടുകള്‍ തങ്ങള്‍ക്കും അനുകൂലമാവുന്നത് പാര്‍ട്ടിക്കു ഗുണംചെയ്യുമെന്ന് ബി.ജെ.പി കരുതുന്നു. അങ്ങനെ വരികയാണെങ്കില്‍ ബി.എസ്.പിക്ക് 20 ശതമാനത്തില്‍ താഴെ മാത്രമേ വോട്ട് ലഭിക്കൂവെന്നും ബി.എസ്.പിയിലേക്കുള്ള ഒഴുക്ക് തടയുന്നത് പാര്‍ട്ടിക്ക് അനുകൂലമാകുമെന്നും ബി.ജെ.പി കണക്കുകൂട്ടുന്നു.
'27 സാല്‍, യു.പി ബെഹാത്' (27 വര്‍ഷം, ദുരിതത്തില്‍ യു.പി) എന്ന മുദ്രാവാക്യവുമായി ഷീലാ ദീക്ഷിതിനു കീഴില്‍ കോണ്‍ഗ്രസ് കഴിഞ്ഞമാസം പ്രചാരണം തുടങ്ങിയിരുന്നു. യു.പിയിലെ 403 അംഗ നിയമസഭയിലേക്ക് 2017 ഏപ്രിലിലോ മേയിലോ ആവും തെരഞ്ഞെടുപ്പ് നടക്കുക.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."